|    Nov 19 Mon, 2018 4:47 am
FLASH NEWS

സ്‌കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 2000 കോടി ചെലവഴിക്കും

Published : 1st November 2017 | Posted By: fsq

 

തിരുവല്ല: നിലവാരം ഉയര്‍ത്തുന്നതിന് എല്ലാ പൊതു വിദ്യലയങ്ങളിലും ജനുവരി 30ന് മുമ്പ്് അക്കാഡമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ വൈവിധ്യമാര്‍ന്ന കഴിവുകളെ പൂര്‍ണതയിലേക്ക് എത്തിക്കുന്ന വിധമായിരിക്കണം അക്കാഡമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കേണ്ടത്. സ്‌കൂള്‍ ചരിത്രം, സ്‌കൂളിന്റെ നിലവിലുള്ള സ്ഥിതി, സമീപകാലത്ത് നേടാന്‍ ഉദ്ദേശിക്കുന്ന അക്കാദമിക ലക്ഷ്യങ്ങള്‍ എന്നിവ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍ക്കൊള്ളിക്കണം.  വിദ്യാഭ്യാസ വിദഗ്ധരുടെയും മുന്‍ അധ്യാപകരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സഹകരണം ഇതിനായി ഉപയോഗപ്പെടുത്തണം. വിദ്യാലയത്തിന്റെ മികവ് എന്നത് അക്കാദമിക മികവാണ്. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതുകൊണ്ടു മാത്രം കാര്യമില്ല. കരിക്കുലം അനുസരിച്ച് ഒരു ക്ലാസില്‍ കുട്ടി എന്തെല്ലാം അറിവുകളാണോ ആര്‍ജിക്കേണ്ടത് ആ അറിവുകള്‍ ക്ലാസിലെ എല്ലാ കുട്ടികളും നേടിയെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ അതിനെ അക്കാദമിക മികവായി വിലയിരുത്താന്‍ കഴിയു. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി നിലവാരത്തില്‍ എത്തിക്കുന്നതിന് ശ്രദ്ധ പദ്ധതി എസ്എസ്എ നടപ്പാക്കി തുടങ്ങി.ഇതുമായി ബന്ധപ്പെട്ട് ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ ഒന്നാംഘട്ട വിലയിരുത്തല്‍ നടന്നു വരുന്നു. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പഠനത്തില്‍ തീരെ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവര്‍ത്തന സമയത്തിനു പുറത്ത് അധ്യാപകര്‍ പ്രത്യേക പരിശീലനം നല്‍കും. ഇംഗ്ലീഷ് ഭാഷാ ശേഷി വര്‍ധിപ്പിക്കുന്നതിനായി ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഗണിതം വിജയം പദ്ധതികളും കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ നടപ്പാക്കും. ഒന്‍പതു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ അക്കാഡമിക നിലവാരം വര്‍ധിപ്പിക്കുന്നതിനായി നവപ്രഭ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ജിമ്മി കെ ജോസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍  എം കെ ഗോപി, എസ്എസ്എ പ്രോജക്ട് ഓഫീസര്‍ ആര്‍ വിജയമോഹനന്‍, ഹയര്‍ സെക്കന്‍ഡറി റീജ്യനല്‍ ഡെപ്യുട്ടി ഡയറക്ടര്‍ എസ് മിനി പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss