|    Sep 23 Sun, 2018 9:44 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്‌കൂളിലാക്കാന്‍ മകന്‍, പഠിപ്പിക്കാന്‍ മരുമകള്‍; രാധയുടെ 10ാം ക്ലാസ് വിജയത്തിന് ഇരട്ടിമധുരംലിജോ കാഞ്ഞിരത്തിങ്കല്‍

Published : 1st January 2018 | Posted By: kasim kzm

ചാലക്കുടി: മക്കള്‍ പഠിച്ച അതേ സ്‌കൂളില്‍ തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം പഠിക്കാനാവുക, മക്കളെ കൈപിടിച്ച് സ്‌കൂളില്‍ കൊണ്ടുവിട്ടതിന് പകരമായി മകന്റെ കൈപിടിച്ച് സ്‌കൂളില്‍ പഠിക്കാനെത്തുക, വീട്ടുപണികള്‍ക്ക് ശേഷം രാത്രി മരുമകളുടെ ശിക്ഷണത്തില്‍ പാഠങ്ങള്‍ അഭ്യസിക്കുക… ഒരമ്മയെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ലഭിക്കാവുന്ന ഭാഗ്യങ്ങളാണിതെല്ലാം. അപൂ ര്‍വങ്ങളില്‍ അപൂര്‍വമായ ഈ ഭാഗ്യം ലഭിച്ചത്തിന്റെ സന്തോഷത്തിലാണ് സൗത്ത് നായരങ്ങാടി കോട്ടായി വീട്ടിലെ അറുപത്തിമൂന്നുകാരിയായ രാധയിപ്പോള്‍.
കോടശ്ശേരി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് മെംബറായ രാധ അറുപത് ശതമാനം മാര്‍ക്കോടെയാണ് പത്താംതര തുല്യത പരീക്ഷ വിജയിച്ചിരിക്കുന്നത്.  രാധയുടെ വിജയത്തിന് പിന്നില്‍ അമ്മായിയമ്മയെ പഠിപ്പിച്ച മരുമകള്‍ക്കും അമ്മയെ സ്‌കൂളില്‍ കൊണ്ടാക്കിയിരുന്ന മകനും പ്രോ ല്‍സാഹനമായി ഒപ്പം നിന്ന ഭര്‍ത്താവ് സുബ്രനും മറ്റു മക്കള്‍ക്കും കാര്യമായ പങ്കുണ്ട്. 1975ല്‍ അവിട്ടത്തൂര്‍ ലാല്‍ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി പരാജയപ്പെട്ടതോടെ രാധ പഠനം ഉപേക്ഷിച്ചു. പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും വീട്ടിലെ സാമ്പത്തിക പരാധീനതകളെതുടര്‍ന്ന് ആഗ്രഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. വിവാഹത്തിന് ശേഷവും ഈ ആഗ്രഹം മനസ്സിലുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമായില്ല. തനിക്ക് കഴിയാത്തത് മക്കളെ കൊണ്ട് ചെയ്യിച്ച് ആഭിമാനം കൊള്ളുകയായിരുന്നു പിന്നീട് ഈ അമ്മ. മൂന്ന് മക്കളേയും പഠിപ്പിച്ച് ബിരുദധാരികളാക്കി.  അപേക്ഷാഫോമുകളില്‍ വിദ്യാഭ്യാസ യോഗ്യത എന്ന കോളത്തില്‍ എസ്എസ്എല്‍സി ഫെയില്‍ഡ് എന്നെഴുതേണ്ടി വന്നപ്പോള്‍ മനപ്രയാസം ഇരട്ടിയായി.
സിഡിഎസ് പ്രസിഡന്റായിരിക്കെയാണ് പഞ്ചായത്തി ല്‍ മല്‍സരിക്കാന്‍ അവസരം ലഭിച്ചത്. മെംബറായിരിക്കെയാണ് പത്താം ക്ലാസ് തുല്യതാ പരീക്ഷയെക്കുറിച്ചറിയുന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല. രണ്ടും കല്‍പിച്ച് പേര് രജിസ്റ്റര്‍ ചെയ്തു. ചാലക്കുടി ഗവ. ബോയ്‌സ് സ്‌കൂളില്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു ക്ലാസുകള്‍. മകന്‍ സുധീരാണ് അമ്മയെ സ്‌കൂളിലെത്തിച്ചിരുന്നത്. മരുമകള്‍ കാര്‍ത്തിക വീട്ടിലെ അധ്യാപികയായി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിലെ മുന്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന ഭര്‍ത്താവ് സുബ്രനും രാധയുടെ പഠനത്തില്‍ കൈതാങ്ങായി ഒപ്പം നിന്നു. തുല്യതാ ക്ലാസിലെ ഏറ്റവും പ്രായം ചെന്ന വിദ്യാര്‍ഥിയും രാധയായിരുന്നു. ആദ്യദിവസങ്ങളില്‍ ക്ലാസിലെത്തിയപ്പോള്‍ അധ്യാപികയാണെന്ന് തെറ്റിദ്ധരിച്ച് സഹപാഠികള്‍ എഴുന്നേറ്റ് നിന്നതായും രാധ പറഞ്ഞു. പ്ലസ് വണ്ണിന് ചേരാന്‍ ആഗ്രഹമുണ്ടെങ്കിലും സമയക്കുറവ് മൂലം തല്‍ക്കാലം വേണ്ടെന്നാണ് രാധയുടെ തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss