|    Nov 23 Thu, 2017 4:27 pm
FLASH NEWS

സ്‌കൂളിന്റെ ശോച്യാവസ്ഥ: നാട്ടുകാര്‍ പടിഞ്ഞാറക്കര എഎല്‍പി ഉപരോധിച്ചു

Published : 9th August 2017 | Posted By: fsq

 

പേരാമ്പ്ര:  സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മേലടി ഉപജില്ലയിലെ മുയിപ്പോത്ത് പടിഞ്ഞാറക്കര എഎല്‍പി സ്‌കൂള്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഉപരോധിച്ചു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വന്ന എഇഒയെയും സമരക്കാര്‍ തടഞ്ഞുവച്ചു. മാനേജര്‍ ഒത്തുതീര്‍പിന് തയ്യാറാവാത്തതിനെ തുടര്‍ന്ന് ഉപരോധം തുടരാന്‍ രക്ഷിതാക്കള്‍ തീരുമാനിച്ചു. ഭൗതിക സൗകര്യം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട പ്രധാനാധ്യാപകന്‍ വി രാജീവനെ മാനേജര്‍ ഇ പ്രസന്നന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. തിങ്കളാഴ്ച രാവിലെ തന്നെ ഉപരോധം ആരംഭിച്ചു. തുടര്‍ന്ന് മൂന്നുമണിയോടെ എഇഒ സ്‌കൂളിലെത്തി. എന്നാല്‍ മാനേജര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ല. തുടര്‍ന്ന് സമരക്കാര്‍ എഇഒ യു വിജയനെ തടഞ്ഞുവച്ചു. എഇഒയുടെ നിര്‍ദേശപ്രകാരം മൂന്നുപേര്‍ മാനേജറെ പോയി കണ്ടെങ്കിലും സമരക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇതോടെ സമരം തുടരാന്‍ നാട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. സമരത്തിന് പിടിഎ പ്രസിഡന്റ് റഷീദ് മുയിപ്പോത്ത്, എന്‍ പത്മനാഭന്‍ മാസ്റ്റര്‍, വാര്‍ഡ് മെംബര്‍ ജി ജി രാഘവന്‍, എന്‍ എം കുഞ്ഞബ്ദുല്ല, രമാദേവി നാഗത്ത് താഴെ, സുനില്‍ നേതൃത്വം നല്‍കി. ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി ബിജു, വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത്, ബ്ലോക്ക് മെമ്പര്‍ എം കെ സതി, വാര്‍ഡ് മെംബര്‍ വി കെ മോളി, കെ പി ടി വല്‍സന്‍, കുഞ്ഞികൃഷ്ണന്‍ നെടുങ്ങാപൊയില്‍ എന്നിവര്‍ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാനെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക