സ്കൂളിന്റെ വാതിലുകളും ജനലുകളും പൊളിച്ചുകടത്തി
Published : 11th April 2018 | Posted By: kasim kzm
കാസര്‍കോട്: ബന്തിയോട് കുക്കാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പൂര്‍വ്വ വിദ്യാര്‍ഥികള്‍ നല്കിയ സ്റ്റീലിന്റെ 16 കുടിവെള്ള ടാപ്പുകളും സ്കൂളിന്റെ ക്ലാസ് മുറികള്‍ക്ക് കഴിഞ്ഞ വര്‍ഷം നിര്‍മിച്ച വാതിലുകളും ജനലുകളും സാമൂഹിക വിരുദ്ധര്‍ പൊളിച്ചുകടത്തി.
ക്ലാസ് മുറിക്കുള്ളിലെ ബെഞ്ചുകളും ഡെസ്ക്കുകളും തകര്‍ത്ത നിലയിലാണ്. മഞ്ചേശ്വരം വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളുകളിലൊന്നാണിത്. വര്‍ഷങ്ങളായി അവധിക്കാലങ്ങളില്‍ സ്കൂളിലെ ബെഞ്ചുകളും ഡെസ്ക്കുകളും തകര്‍ക്കുക പതിവാണ്. മുന്‍കാലങ്ങളില്‍ സ്കൂള്‍ ക്ലാസ് മുറികളില്‍ മദ്യകുപ്പികളും മറ്റും പൊട്ടിച്ചിടുകയും പതിവായിരുന്നു. വിജാഗിരി അഴിച്ചുമാറ്റി ജനല്‍ എടുത്തുകൊണ്ടുപോവുകയായിരുന്നു. 1998-99 ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം സ്കൂളിന് 16ന് ടാപ്പുകള്‍ നല്‍കിയത്. ഇതാണ് മോഷ്ടിച്ചുകൊണ്ടുപോയത്. സ്കൂളിലെ ഒമ്പത് ബി, 12 സി എന്നീ ക്ലാസുകള്‍ക്ക് പുതുതായി പിടിപ്പിച്ച വാതിലുകളും മോഷ്ടിച്ചിട്ടുണ്ട്്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്കൂളില്‍ വൊക്കേഷന്‍ കാലത്ത് ബെഞ്ചും ഡെസ്ക്കും തകര്‍ക്കുക പതിവാണെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ ലത പറഞ്ഞു. രാത്രികാലങ്ങളില്‍ പോലിസ് നിരീക്ഷണമുണ്ടെങ്കില്‍ സാമൂഹിക വിരുദ്ധരുടെ അതിക്രമങ്ങള്‍ കുറയുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പോലിസുകാരോട് പരാതിപ്പെടുമ്പോള്‍ സ്കൂളില്‍ വാച്ച്മാനെ നിയമിക്കാനാണ് പറയുന്നത്. സര്‍ക്കാര്‍ സ്കൂളില്‍ വാച്ച്മാനെ നിയമിച്ചാല്‍ ആരാണ് ശമ്പളം കൊടുക്കുക എന്നാണ് ടീച്ചറുടെ മറുചോദ്യം. സ്കൂള്‍ പരിസരത്തുള്ള നാടോടികളായിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് കുമ്പള പോലിസ് പറയുന്നത്.
എന്നാല്‍ നാടോടികള്‍ വാതിലുകളും ജനലുകളും മോഷ്ടിക്കാന്‍ തയ്യാറാവില്ലെന്നും പ്രദേശത്തെ കുറിച്ച് അറിയുന്നവരാണ് പിന്നിലെന്നും രക്ഷിതാക്കള്‍ പറയുന്നത്. ശക്തമായ പോലിസ് നിരീക്ഷണം ഉണ്ടെങ്കില്‍ മാത്രമേ ഈ വിദ്യാലയത്തെ സാമൂഹിക വിരുദ്ധരില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കൂ.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.