|    Oct 21 Sat, 2017 7:38 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്‌കൂളിന്റെ ഉടമസ്ഥാവകാശം: യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം

Published : 13th October 2016 | Posted By: SMR

നെടുമ്പാശ്ശേരി: മാര്‍ അത്തനേഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സംഘര്‍ഷാവസ്ഥയില്‍ എത്തി. മണിക്കൂറുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സ്‌കൂള്‍ കവാടത്തില്‍ മരണംവരെ നിരാഹാര സമരം ആരംഭിച്ചു. ഇതോടെ ജില്ലാ കലക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ ഒന്നരമാസത്തിനുള്ളില്‍ വിഷയം തീര്‍ക്കാമെന്ന ഉറപ്പില്‍ രാത്രി എട്ടരയോടെ സമരം അവസാനിപ്പിച്ചു.
തര്‍ക്കം നിലനില്‍ക്കുന്ന സ്‌കൂളിന്റെ സ്ഥാപകനായ അങ്കമാലി ഭദ്രാസനം മെത്രാപൊലീത്തയായിരുന്ന വലിയപറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപൊലീത്തയുടെ 50ാം ചരമവാര്‍ഷികാചരണവുമായി ബന്ധപ്പെട്ട പരിപാടികള്‍ ഒര്‍ത്തഡോക്‌സ് വിഭാഗം സ്‌കൂളില്‍ സംഘടിപ്പിച്ചിരുന്നു. ഇതിനെതിരേ യാക്കോബായ വിഭാഗം രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
സ്‌കൂളിന്റെ അവകാശം സംബന്ധിച്ച് കോടതിയിലും റവന്യൂ വകുപ്പിലും കേസ് നിലനില്‍ക്കുന്നതിനാല്‍ സ്‌കൂളില്‍ ആഘോഷം സംഘടിപ്പിക്കരുതെന്ന നിലപാടിലായിരുന്നു യാക്കോബായ പക്ഷം.
ഇതിനിടെ അനുരഞ്ജന ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ആലുവ തഹസില്‍ദാര്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ബാവ സ്‌ക്കൂളില്‍ നടക്കുന്ന പരിപാടിയില്‍ സംബന്ധിക്കില്ലെന്നും അതുകൊണ്ട് പ്രതിഷേധ പരിപാടികളില്‍ നിന്നു പിന്തിരിയണമെന്നും നിര്‍ദേശിച്ചു. ഇതോടെ തല്‍ക്കാലം ഈ നിര്‍ദേശം അംഗീകരിക്കാന്‍ യാക്കോബായ വിഭാഗം തീരുമാനിച്ചു. എന്നാല്‍, ഉച്ചയ്ക്കുശേഷം തര്‍ക്കം രൂക്ഷമായതോടെ യാക്കോബായ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സ്‌കൂള്‍ കവാടത്തില്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്നാണ് കലക്ടര്‍ ചര്‍ച്ച നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക