|    May 1 Mon, 2017 7:57 am

സ്‌കൂളിനെതിരേ ശശികല യുടെ പരാമര്‍ശം; വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു

Published : 8th November 2016 | Posted By: SMR

വല്ലപ്പുഴ: വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും നാടിനെയും പാകിസ്താനോട്  ഉപമിച്ച ശശികല സ്‌കൂളില്‍നിന്ന് പോവണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഇന്നലെ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. എല്ലാ വിദ്യാര്‍ഥി സംഘടനകളും ചേര്‍ന്ന ഐക്യമുന്നണിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്.
ക്ലാസ് ബഹിഷ്‌കരിക്കുന്നതിന് രക്ഷകര്‍ത്താക്കളും ഉറച്ച പിന്തുണ നല്‍കി. പ്രതിഷേധം ശക്തമായതോടെ സര്‍വകക്ഷിയോഗ തീരുമാനപ്രകാരം പഞ്ചായത്ത് ഓഫിസിലെത്തി വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ മുന്നില്‍ ശശികല വിശദീകരണം നല്‍കി.
2011ല്‍ അമേരിക്കയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ഇവര്‍ വല്ലപ്പുഴയെ പാകിസ്താനോട് ഉപമിച്ചത്. താന്‍ ജീവിക്കുന്ന നാടും അധ്യാപികയായി ജോലി ചെയ്യുന്ന സ്‌കൂളും പാകിസ്താന് തുല്യമെന്നാണെന്നായിരുന്നു ഇവരുടെ വിവാദ പരാമര്‍ശം.
കഴിഞ്ഞ വെളളിയാഴ്ച രാവിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇവര്‍ക്കെതിരേ  സമരവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ടീച്ചര്‍ക്കെതിരേ കരിങ്കൊടി കാണിച്ചു. ഉച്ചയോടെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ സേവ് വിഎച്ച്എസ്, ബാന്‍ ശശികല എന്നെഴുതിയ പോസ്റ്ററുകളുമായെത്തി പ്രതിഷേധമറിയിച്ചു. തുടര്‍ന്ന് ഉച്ചക്ക് 3 മണിക്കുശേഷം സ്‌കൂളില്‍ പഠനവും മുടങ്ങി.
ഇന്നലെ സമരം ശക്തമാക്കുകയായിരുന്നു.  തുടര്‍ന്ന് ഇന്നലെ രാവിലെ 11ന് സ്‌കൂളില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് ശശികല നടത്തിയ പ്രസംഗങ്ങളെക്കുറിച്ച് 3 മണിക്ക് വല്ലപ്പുഴ പഞ്ചായത്ത് ഓഫിസിലെത്തി തിരഞ്ഞെടുത്ത രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളുടെയും പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്, സബ് ഇന്‍സ്‌പെക്ടര്‍ ലൈസ മുഹമ്മദ് എന്നിവരുടെയും സാന്നിധ്യത്തില്‍ വിശദീകരണം നല്‍കണമെന്ന തീരുമാനം ഉണ്ടായത്.
തീരുമാനം അംഗീകരിച്ച ശശികല താന്‍ നടത്തിയ പ്രസംഗങ്ങള്‍ വല്ലപ്പുഴയെയും സ്‌കൂളിനെയും അപമാനിക്കാന്‍ വേണ്ടിയല്ലെന്ന് വിശദീകരണം നല്‍കി. ഇതേതുടര്‍ന്ന് ഇവരുടെ വിശദീകരണം സര്‍വകക്ഷിയോഗം അംഗീകരിക്കുകയും പ്രതിഷേധസമരങ്ങള്‍ അവസാനിപ്പിക്കുവാനും നാളെ മുതല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുവാനും തീരുമാനമായി.എന്നാല്‍, ശശികലയുടെ പ്രസംഗങ്ങള്‍ക്കെതിരേ നടത്തുന്ന നിയമപരമായ പോരാട്ടം തുടരുമെന്നും സ്‌കൂള്‍ സംരക്ഷണസമിതി അറിയിച്ചു.
സര്‍വകക്ഷി യോഗത്തില്‍ വല്ലപ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നന്ദ വിലാസിനി, പി ടിഎ പ്രസിഡന്റ് ഹംസ കല്ലിങ്ങല്‍, പ്രിന്‍സിപ്പല്‍ സുജാത, പ്രധാനാധ്യാപകന്‍ സലാം, പട്ടാമ്പി സിഐ സുരേഷ്, സബ് ഇന്‍സ്‌പെക്ടര്‍ ലൈസാ മുഹമ്മദ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ദാവൂദ് (കോണ്ഗ്രസ്), അബ്ദുല്‍നാസര്‍ (സിപി എം), അഡ്വ. ജമാല്‍ (മുസ്‌ലിംലീഗ്), എം സൈദലവി (എസ്ഡിപിഐ), കെ സി നാസര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), സത്യന്‍ (ബി ജെപി) എന്നിവര്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day