|    Aug 18 Fri, 2017 10:00 pm
FLASH NEWS

സ്‌കാനിങ് മെഷീന്‍ തകരാറില്‍ ; മെഡി. കോളജില്‍ തലച്ചോറിലെ ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചു

Published : 4th August 2017 | Posted By: fsq

 

ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സിടി സ്‌കാനിങ് മെഷീനിലെ തകരാറിനെ തുടര്‍ന്ന് തലച്ചോറിലെ ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചു. മെഷീന്‍ നന്നാക്കുന്നതു വരെ നട്ടെല്ലിന്റെ ശസ്ത്രക്രിയ മാത്രമേ നടക്കുകയുള്ളൂവെന്ന് ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. പി കെ ബാലകൃഷ്ണന്‍ അറിയിച്ചു.തലച്ചോറിലെ ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയെ സിടി സ്‌കാനിങിനു വിധേയമാക്കിയ ശേഷമേ പുരോഗതി മനസ്സിലാക്കി തുടര്‍ ചികില്‍സ നല്‍കാനും ശസ്ത്രക്രിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്നു മനസ്സിലാക്കാനും കഴിയൂ. അതിനാല്‍, സ്‌കാനിങ് മെഷീനില്ലാതെ തലച്ചോറിലെ ശസ്ത്രക്രിയ അസാധ്യമാണ്. ഒന്നര മാസമായി ഭാഗികമായി തകരാറിലായിരുന്ന മെഷീന്റെ പ്രവര്‍ത്തനം കഴിഞ്ഞ 27 മുതല്‍ പൂര്‍ണമായി നിലച്ചു. ശസ്ത്രക്രിയ മുടങ്ങിയതിനാല്‍ തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച രോഗികളടക്കം നിരവധി പേരാണ് ദുരിതത്തിലായത്. ആഴ്ചയില്‍ രണ്ടു ദിവസം മാത്രമായിരുന്നു ന്യൂറോ സര്‍ജറിയില്‍ ശസ്ത്രക്രിയ നടന്നിരുന്നത്. എന്നാല്‍, കൂടുതല്‍ ദിവസം ശസ്ത്രക്രിയ നടത്തുന്നതു സംബന്ധിച്ചു രണ്ടു മാസം മുമ്പ് ന്യൂറോ സര്‍ജറി വിഭാഗം മേധാവി സര്‍ക്കാരിനു പ്രത്യേക പാക്കേജ് തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. ഇതിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ ആഴ്ചയില്‍ അഞ്ചു ദിവസമായി ശസ്ത്രക്രിയകളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. ഞായറാഴ്ച ഉള്‍പ്പടെ മറ്റു രണ്ടു ദിവസങ്ങളില്‍ അതീവ ഗുരുതരാവസ്ഥയില്‍ രോഗികളെത്തിയാല്‍ ശസ്ത്രക്രിയ ചെയ്യാറുമുണ്ട്. മുന്‍വര്‍ഷം മെഷീന്‍ നന്നാക്കിയ ഇനത്തില്‍ വന്‍തുക കുടിശ്ശിക ഉള്ളതിനാലും വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ പുതുക്കാതിരുന്നതിനാലുമാണ് തകരാറിലായ മെഷീന്‍ നന്നക്കാന്‍ കരാറുകാര്‍ എത്താതിരുന്നതെന്നാണു വിവരം. നിലവിലെ കരാര്‍ കാലാവധി 2016 നവംബറില്‍ അവസാനിച്ചിരുന്നു. പിന്നീട് കരാര്‍ പുതുക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തുകയായിരുന്നു. ചെന്നൈ കേന്ദ്രമായുള്ള തോഷിബയെന്ന സ്വകാര്യകമ്പനിയുമായാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ആശുപത്രി സ്‌കാനിങ് മെഷീന്‍ തകരാറിലായതിനാല്‍ സമീപത്തെ സ്വകാര്യ സ്‌കാനിങ് സെ ന്ററുകളെയാണ് രോഗികള്‍ ആശ്രയിക്കുന്നത്. മെഡിക്കല്‍ കോളജിനെ അപേക്ഷിച്ച് സ്വകാര്യ സ്‌കാനിങ് സെന്ററുകളില്‍ വന്‍തുക നല്‍കേണ്ടിവരുന്നതിനാല്‍ സാധാരണക്കാരായ രോഗികളാണ് വലയുന്നത്. സ്വകാര്യ സ്‌കാനിങ് സ്ഥാപനങ്ങളെ സഹായിക്കുന്നതിനു വേണ്ടിയാണു മെഡിക്കല്‍ കോളജിലെ സ്‌കാനിങ് മെഷീന്‍ അറ്റകുറ്റപ്പണിയില്‍ വീഴ്ചവരുത്തിയതെന്നും ആരോപണമുണ്ട്. എന്നാല്‍, രണ്ടു ദിവസം മുമ്പ് കമ്പനി അധികൃതരുമായി കരാര്‍ പുതുക്കിയെന്നും വൈകാതെ മെഷീന്റെ തകരാര്‍ പരിഹരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക