|    Jan 17 Tue, 2017 6:42 pm
FLASH NEWS

സ്വേച്ഛാധിപതിക്ക് മുന്നില്‍ രാജ്യം തലയെടുപ്പോടെ നിന്ന ദിനം

Published : 11th August 2016 | Posted By: SMR

എം എം സലാം

ഒളിംപിക്‌സ് ഉള്ളിടത്തോളം കാലം ഓര്‍മിക്കപ്പെടുന്നതാണ് 1936ലെ ബര്‍ലിന്‍ ഒളിംപിക്‌സ്. അഡോള്‍ഫ് ഹിറ്റ്‌ലറെന്ന ലോകം കണ്ട ഏറ്റവും വലിയ വംശീയവാദിയും സ്വേച്ഛാധിപതിയുമായ ഭരണാധികാരിക്ക് ജെസ്സി ഓവന്‍സ് എന്ന കറുത്ത വര്‍ഗക്കാരന്‍ നാല് സുവര്‍ണമെഡല്‍ നേടി നല്‍കിയ പ്രഹരം ഒളിംപിക്‌സ് ചരിത്രത്തിന്റെ തങ്കലിപികളിലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ജൂതന്‍മാര്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കുമെതിരേ അതുവരെ നടത്തി വന്ന കൂട്ടക്കൊലകളെ ന്യായീകരിക്കാമെന്നും ഇവര്‍ക്കെതിരായ വിദ്വേഷം ഒളിംപിക്‌സിലൂടെ പ്രചരിപ്പിക്കാമെന്നുമുള്ള ഹിറ്റ്‌ലറുടെ മോഹങ്ങളാണ് ഓവന്‍സിന്റെ നേട്ടത്തിലൂടെ തകര്‍ന്നടിഞ്ഞത്.
എന്നാല്‍, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ ഒളിംപിക്‌സ് ഓര്‍മിക്കുവാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. രാജ്യം കണ്ട എക്കാലത്തേയും വലിയ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദും കൂട്ടരും ഒളിംപിക്‌സ് ഹോക്കി ഫൈനലില്‍ ഹിറ്റ്‌ലറുടെ കണ്‍മുന്നില്‍ അദ്ദേഹത്തിന്റെ ജര്‍മനിയെത്തന്നെ തറപറ്റിച്ചു തലയെടുപ്പോടെ നിന്ന ദിനം കൂടിയായിരുന്നു ഇത്.
ഒളിംപിക്‌സിലെ തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായാണ് ബര്‍ലിന്‍ ഒളിംപിക്‌സിലെ സുവര്‍ണ നേട്ടം അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഒന്നിനെതിരേ എണ്ണം പറഞ്ഞ എട്ടു ഗോളുകള്‍ക്കാണ് അന്നു ജര്‍മന്‍പട ഇന്ത്യക്കു മുന്നില്‍ നാണം കെട്ടത്. ധ്യാന്‍ചന്ദ് നായകനായ ടീമില്‍ ഹാട്രിക്കോടെ മൂന്നു ഗോളുകളും അദ്ദേഹം തന്നെയായിരുന്നു നേടിയത്. ധ്യാന്‍ചന്ദിനെക്കൂടാതെ ഇഖ്തിദാര്‍ അലിദാദ രണ്ടു ഗോളും രൂപ് സിങ്, കാര്‍ലൈല്‍ താപ്‌സല്‍, സയ്ദ് മുഹമ്മദ് ജാഫര്‍ എന്നിവര്‍ ഓരോ ഗോളുകള്‍ വീതവും നേടി.
ബര്‍ലിന്‍ ഒളിംപിക്‌സിലെ ഹോക്കിയില്‍ ഇന്ത്യ തോല്‍വിയറിഞ്ഞതേയില്ല. ആദ്യറൗണ്ടില്‍ ഹംഗറി, അമേരിക്ക, ജപ്പാന്‍, ഫ്രാന്‍സ് എന്നീ വമ്പന്‍മാരെ തകര്‍ത്താണ് കലാശപ്പോരാട്ടത്തില്‍ ജര്‍മനിയെ നേരിടാനെത്തിയത്. ബര്‍ലിനിലെ നേട്ടത്തോടെ ഹാട്രിക് ഒളിംപിക്‌സ് സ്വര്‍ണ നേട്ടമായിരുന്നു ഇന്ത്യ നേടിയത്. ആധുനിക ഒളിംപിക്‌സിന്റെ ആദ്യ എഡിഷനില്‍ 1928ല്‍ ആംസ്റ്റര്‍ഡാമിലായിരുന്നു ഇന്ത്യയുടെ ആദ്യ ഹോക്കി സ്വര്‍ണം. 1932ലെ ലോസ് ഏഞ്ചല്‍സിലും പിന്നെ ബര്‍ലിനിലുമായാണ് ഇന്ത്യ ഹാട്രിക് സ്വര്‍ണം തികച്ചത്.
ബര്‍ലിന്‍ ഒളിംപിക്‌സ് ഫൈനലില്‍ ജര്‍മന്‍ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് ധ്യാന്‍ചന്ദിന് അന്ന് മുന്‍നിരയിലെ പല്ല് നഷ്ടമാവുകയും ചെയ്തിരുന്നു. മൂന്ന് ഒളിംപിക്‌സില്‍ രാജ്യത്തിനായി ബൂട്ട് കെട്ടിയ 31കാരനായ ധ്യാന്‍ചന്ദ് റെക്കോഡ് വിജയം ഇന്ത്യക്കു സമ്മാനിച്ച ശേഷം തന്റെ കായിക ജീവിതത്തിന് വിരാമമിടുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 286 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക