|    Mar 27 Mon, 2017 12:33 am
FLASH NEWS

സ്വാശ്രയ സമരംസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Published : 5th October 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയപ്രശ്‌നത്തില്‍ പ്രതിപക്ഷം ഇന്നലെയും സഭാനടപടികള്‍ ബഹിഷ്‌കരിച്ചു. ചോദ്യോത്തരവേളയുള്‍പ്പെടെ സഭാനടപടികളൊന്നും തടസ്സപ്പെടുത്താതെയായിരുന്നു പ്രതിപക്ഷം സഭ വിട്ടത്. ചോദ്യോത്തരവേള ആരംഭിക്കുന്നതിന് മുമ്പുതന്നെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കി. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുന്ന എംഎല്‍എമാരുടെ ആരോഗ്യസ്ഥിതി വഷളായി തുടരുന്ന സാഹചര്യത്തില്‍ സഭയില്‍ തുടരാനാവില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
ഫീസ് കുറയ്ക്കാന്‍ ചില മാനേജ്‌മെന്റുകള്‍ തയ്യാറായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായി താനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീറും ചര്‍ച്ച നടത്തിയിരുന്നു. മാനേജ്‌മെന്റുകളുടെ അഭിപ്രായം അതാണെങ്കില്‍ അതിനെ സര്‍ക്കാരിന് എതിര്‍ക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. മുഖ്യമന്ത്രി മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. പ്രതിപക്ഷത്തിന്റെ സമീപനം നിഷേധാത്മകമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ നിസ്സഹകരണം തുടരുന്നതിനിടെ പ്രത്യേക ബ്ലോക്കായിരിക്കുന്ന കേരളാ കോണ്‍ഗ്രസ്- എം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് പിന്‍വലിച്ചു.
വിലത്തകര്‍ച്ച മൂലം റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് കേരളാ കോണ്‍ഗ്രസ്- എം റൂള്‍ 50 അനുസരിച്ച് നോട്ടീസ് നല്‍കിയിരുന്നത്. ചോദ്യോത്തരവേള നടക്കുന്നതിനിടെ അവതരണാനുമതി നല്‍കേണ്ടതില്ലെന്നും റൂള്‍ 50 അനുസരിച്ച് നല്‍കിയ നോട്ടീസ് പിന്‍വലിക്കുകയാണെന്നും കേരളാ കോണ്‍ഗ്രസ്- എം സ്പീക്കറെ രേഖാമൂലം അറിയിച്ചു. ശൂന്യവേളയുടെ തുടക്കത്തില്‍തന്നെ നോട്ടീസ് നല്‍കിയതും പിന്നീട് പിന്‍വലിച്ച കാര്യവും സ്പീക്കര്‍ അറിയിച്ചു.  അടിയന്തരപ്രമേയ അവതരണവേളയില്‍ കെ എം മാണി സഭയില്‍നിന്ന് വിട്ടുനിന്നതും ശ്രദ്ധേയമായി. കേരളാ കോണ്‍ഗ്രസ്സിന്റെ കര്‍ഷക സ്‌നേഹം കാപട്യമാണെന്ന് ബോധ്യപ്പെട്ടതായി ന്ത്രി എ കെ ബാലനും കുറ്റപ്പെടുത്തി. അതേസമയം, സാങ്കേതിക കാരണങ്ങളാലാണ് നോട്ടീസ് പിന്‍വലിച്ചതെന്നും ഇന്ന് ഉന്നയിക്കാന്‍ അവസരം നല്‍കണമെന്നും കേരളാ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് മറുപടി നല്‍കാതെ സ്പീക്കര്‍ അടുത്ത നടപടികളിലേക്ക് കടന്നു. ഇതോടെ കേരളാ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒന്നാകെ സഭ വിട്ടിറങ്ങുകയായിരുന്നു.
അതേസമയം, റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പിന്നീട് പി സി ജോര്‍ജ് സബ്മിഷനായി ഉന്നയിച്ചു. കര്‍ഷകപ്രേമം പറയുന്നവര്‍ അടിയന്തരപ്രമേയ നോട്ടീസ് പിന്‍വലിച്ചതിലൂടെ റബര്‍ കര്‍ഷകരെ വഞ്ചിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക