|    Mar 30 Thu, 2017 6:20 am
FLASH NEWS

സ്വാശ്രയ വിദ്യാഭ്യാസ മേഖല : ജ. കെ ദിനേശന്‍ കമ്മിറ്റിക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

Published : 21st March 2017 | Posted By: fsq

 

കൊച്ചി: സ്വാശ്രയ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ ദിനേശന്‍ കമ്മിറ്റിക്ക് മുമ്പാകെ സംഘടനകള്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.   കാംപസ് ഫ്രണ്ട് അടക്കം നാല് സംഘടനകള്‍ മാത്രമാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. സേവ് എജ്യൂക്കേഷന്‍ കമ്മിറ്റിയാണ് കമ്മീഷന് മുമ്പാകെ ആദ്യം നിര്‍ദേശം സമര്‍പ്പിച്ചത്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നിയമപരിധിയില്‍ കൊണ്ടുവരണം. അക്കാദമിക് കാര്യങ്ങളില്‍ മാനേജ്‌മെന്റിടപെടുന്നത് കര്‍ശനമായി വിലക്കണം. വിദ്യാര്‍ഥികള്‍ക്ക് പൗരനെന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും ലഭിക്കണം. അച്ചടക്കത്തിന്റെ പേരിലായാലും പിഴ ചുമത്തുന്നത് കുറ്റകരമാക്കണം. സ്വാശ്രയ കോളജുകളിലെ ഫീസ്ഘടന സര്‍ക്കാര്‍ കോളജിന്റേതിന് തുല്യമാക്കണം. പ്രവേശനം പൂര്‍ണമായും മെരിറ്റ് അടിസ്ഥാനത്തിലാക്കണം. യൂനിവേഴ്‌സിറ്റി സ്വാശ്രയ കോളജുകളില്‍ നിന്ന് അധികമായി പരീക്ഷാഫീസ് ഈടാക്കരുത്. സംഘടനാ സ്വാതന്ത്ര്യം നല്‍കണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് സേവ് എജ്യൂക്കേഷന്‍ കമ്മിറ്റി കമ്മീഷന്‍ മുമ്പാകെ മുന്നോട്ടുവച്ചത്.സ്വാശ്രയ കോളജുകളുടെ പ്രശ്‌നങ്ങളിലിടപെടാന്‍ സംസ്ഥാന തലത്തില്‍ റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കണമെന്ന് കാംപ്‌സ് ഫ്രണ്ട് നല്‍കിയ നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു. ക്രമക്കേടുകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സിവില്‍ കോടതിയുടെ എല്ലാ അധികാരങ്ങളും സമിതിക്ക് നല്‍കണം. ഈ സമിതിക്കു കീഴില്‍ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ സമിതികളും രൂപവല്‍ക്കരിക്കണം. പരീക്ഷകളില്‍ നിശ്ചിതമായ വിജയശതമാനം കൈവരിക്കുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സ്വാശ്രയ കോളജുകള്‍ അടച്ചുപൂട്ടണം. ശേഷിക്കുന്ന വിദ്യാര്‍ഥികളുടെ പഠനം പൂര്‍ത്തിയാക്കാനുളള ചെലവ് മാനേജ്‌മെന്റില്‍ നിന്നും പിടിച്ചെടുക്കണം. എല്ലാ കോളജുകളിലും വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പും പ്രവര്‍ത്തനവും നടപ്പില്‍ വരുത്തുകയും സംഘടനാസ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും വേണം. കോളജുകളില്‍ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തണം. പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ പുരുഷന്മാരായ കോളജ് അധികാരികളുടെ സന്ദര്‍ശനം വിലക്കുക. ഹോസ്റ്റലുകളില്‍ കാമറ സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ട് വിദ്യാര്‍ഥികളുടെ സ്വകാര്യത ഉറപ്പുവരുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കാംപ്‌സ് ഫ്രണ്ട്  സമര്‍പ്പിച്ചത്. കമ്മിറ്റി നേരത്തേ തിരുവനന്തപുരത്ത് നടത്തിയ സിറ്റിങില്‍ എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളും നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. പരാതികളും നിര്‍ദേശങ്ങളും കേട്ട ശേഷം നാലു മാസത്തിനകം സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day