|    Nov 24 Fri, 2017 3:59 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്വാശ്രയ വിദ്യാഭ്യാസം : ജസ്റ്റിസ് ദിനേശന്‍ കമ്മീഷന്‍ റിപോര്‍ട്ട് അടുത്തമാസം- മന്ത്രി

Published : 11th August 2017 | Posted By: fsq

 

തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ കെ ദിനേശന്‍ കമ്മീഷന്‍ അടുത്തമാസം അവസാനം റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. നാലുമാസമായിരുന്നു കമ്മീഷന്റെ കാലാവധി നിശ്ചയിച്ചിരുന്നത്. ഇത് രണ്ടുമാസം കൂടി ദീര്‍ഘിപ്പിച്ചു നല്‍കുകയായിരുന്നു.ജിഷ്ണു പ്രണോയിയുടെ മരണവും സ്വാശ്രയമേഖലയിലെ സമസ്ത തലത്തിലുള്ള പരിഷ്‌കരണവും അടക്കമുള്ള സമഗ്രമായ വിവരങ്ങളാണ് കമ്മീഷന്‍ ശേഖരിക്കുന്നത്. റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ പഠിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അണ്‍എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് ബില്ല് തയ്യാറാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങളില്‍ കൂട്ടത്തോടെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് സംബന്ധിച്ച് പ്രത്യേക പഠനം നടത്തും. ഇതിനുശേഷം ആവശ്യമായ മേഖലയിലേക്ക് സീറ്റ് ക്രമീകരിക്കുന്നത് പരിശോധിക്കും. പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നതും ഇതിനെ അടിസ്ഥാനപ്പെടുത്തിയാവും. സീറ്റുകളുടെ അസന്തുലിതത്വം സംബന്ധിച്ച് പഠനം നടത്തി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. സംസ്ഥാനത്ത് 42,000 പ്ലസ്‌വണ്‍ സീറ്റുകളാണ് ഇത്തവണ ഒഴിഞ്ഞുകിടക്കുന്നത്. എന്നാല്‍ മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ സീറ്റ് തികയാത്തതിനാല്‍ അധിക ബാച്ച് അനുവദിക്കേണ്ടിയും വന്നിട്ടുണ്ട്. എന്‍ജിനീയറിങ് കോളജുകളില്‍ ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. പോളിടെക്‌നിക്കുകളില്‍ കഴിഞ്ഞവര്‍ഷം 809 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളുടെ കണക്കെടുത്താല്‍ ബികോം ഒഴികെയുള്ള കോഴ്‌സുകള്‍ക്ക് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചിന് നടത്തിയ ക്ലസ്റ്റര്‍ പരിശീലനം ഒരുവിഭാഗം അധ്യാപകര്‍ ബഹിഷ്‌കരിച്ച നടപടി പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണെന്നു മന്ത്രി പറഞ്ഞു. യോഗം ബഹിഷ്‌കരിച്ച നടപടിക്കെതിരേ സഭ ഒറ്റക്കെട്ടായി ശബ്ദിക്കണമെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക