|    Nov 19 Sun, 2017 2:23 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സ്വാശ്രയ മെഡി. പ്രവേശന നടപടി 31നകം പൂര്‍ത്തിയാക്കും : മന്ത്രി

Published : 9th August 2017 | Posted By: fsq

 

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടിസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി. ആരോപണം അടിസ്ഥാനരഹിതമാണെന്നും ആര്‍ക്കും അവസരം നിഷേധിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. പ്രവേശന നടപടികള്‍ ഈ മാസം 31നകം പൂര്‍ത്തിയാക്കും. അന്നു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സുപ്രിംകോടതി അനുവദിച്ച സപ്തംബര്‍ 10 വരെ നീട്ടുന്നതു പരിഗണിക്കുമെന്നും മന്ത്രി മറുപടി നല്‍കി. ആദ്യഘട്ട അലോട്ട്‌മെന്റ് 90 ശതമാനം പൂര്‍ത്തിയായി. ഇക്കുറി നീറ്റ് ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നല്‍കിയത്. ഫീസ് വിഷയത്തില്‍ കോടതി ക്രോസ് സബ്‌സിഡി അനുവദിക്കുന്നില്ല. യുഡിഎഫ് മുന്നോട്ടുവച്ച 50-50 എന്ന അനുപാതമാണ് ഈ സര്‍ക്കാരും പിന്തുടരുന്നത്. 50 ശതമാനം വിദ്യാര്‍ഥികളില്‍ നിന്ന് ഉയര്‍ന്ന ഫീസ് ഈടാക്കി ബാക്കി 50 ശതമാനത്തിന് ഫീസിളവില്‍ പഠിക്കാന്‍ അവസരമൊരുക്കാനാണ് ശ്രമിക്കുന്നത്. ഇതുപ്രകാരം സര്‍ക്കാര്‍ സ്വകാര്യ, സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ വന്‍ വര്‍ധനയാണ് ആവശ്യപ്പെട്ടത്. ഇതോടെയാണ് വിഷയം ഫീസ് റഗുലേറ്ററി കമ്മിറ്റിക്ക് വിട്ടത്. ഇക്കാര്യത്തില്‍ 9 മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി ധാരണയിലെത്തി. മൂന്നു കോളജുകള്‍ കരാര്‍ ഒപ്പിട്ടതായും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. മെഡിക്കല്‍ കോഴ്‌സിലേക്ക് അലോട്ട്‌മെന്റ് നടപടികള്‍ കൃത്യസമയത്ത് നടത്താതെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് സ്‌പോട്ട് അഡ്മിഷനിലൂടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാരെന്ന് അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച വി എസ് ശിവകുമാര്‍ പറഞ്ഞു. പാവപ്പെട്ട കുട്ടികള്‍ക്ക് പ്രവേശനം നേടാനും കഴിയുന്നില്ല. ഇത്തരക്കാര്‍ക്കു പഠിക്കാന്‍ സര്‍ക്കാര്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് സ്‌കീം തുടങ്ങണമെന്നും ഇവരില്‍ നിന്ന് ബോണ്ട് വാങ്ങി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പ്രയോജനപ്പെടുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ പ്രവേശന പ്രതിസന്ധിക്ക് ഉത്തരവാദിയായ കെ കെ ശൈലജയെ മാറ്റി മറ്റാരെയെങ്കിലും ആരോഗ്യവകുപ്പ് ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക