|    Mar 23 Thu, 2017 7:52 pm
FLASH NEWS

സ്വാശ്രയ മെഡിക്കല്‍ സീറ്റ്: സോപാധിക സ്റ്റേ; ഹൈക്കോടതിയില്‍ സര്‍ക്കാരിനു തിരിച്ചടി

Published : 27th August 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് സീറ്റുകള്‍ പൂര്‍ണമായും ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ഉപാധികളോടെ സ്‌റ്റേ ചെയ്തു. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സ്വാശ്രയ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.
ദേശീയതലത്തിലുള്ള ഏകീകൃത പ്രവേശനപരീക്ഷയുടെ (നീറ്റ്) റാങ്കിന്റെ അടിസ്ഥാനത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളില്‍ പ്രവേശനം നടത്താമെന്നും ഇതിനായി അപേക്ഷകരുടെ റാങ്ക് മാനദണ്ഡമാക്കണമെന്നും ജസ്റ്റിസുമാരായ കെ സുരേന്ദ്ര മോഹനും മേരി ജോസഫും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഓണ്‍ലൈന്‍ അപേക്ഷകളുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് പ്രവേശന മേല്‍നോട്ട സമിതിയുടെ പരിശോധനയ്ക്ക് വിധേയമാക്കണം. ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷന്‍ ഒഴികെയുള്ള മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ മൂന്നു ദിവസത്തിനകം പ്രവേശന മേല്‍നോട്ട സമിതിയില്‍ നിന്ന് പ്രോസ്‌പെക്റ്റസിന്റെ അംഗീകാരം തേടണം.
സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷനുമായുള്ള തര്‍ക്കം നിലനില്‍ക്കെയാണ് പ്രവേശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നത്. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും കല്‍പിത സര്‍വകലാശാലകളിലെയും മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശനപരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കുന്ന പട്ടികയില്‍നിന്നു പ്രവേശനം നല്‍കാനായിരുന്നു തീരുമാനം. ഇതിനെതിരേയാണ് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്വാശ്രയ മെഡിക്കല്‍ സീറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും 2006ലെ സ്വാശ്രയനിയമത്തിലെ വ്യവസ്ഥകള്‍ പുനരാവിഷ്‌കരിക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു ഹരജിക്കാരുടെ ആരോപണം.
സ്വാശ്രയനിയമത്തിലെ മൂന്നാം വകുപ്പ് സുപ്രിംകോടതി റദ്ദാക്കിയിട്ടുണ്ട്. മാനേജ്‌മെന്റ് സീറ്റുകളില്‍ പ്രവേശനം നടത്താന്‍ പ്രവേശനപരീക്ഷാ കമ്മീഷണര്‍ക്ക് അധികാരമില്ലെന്നും മാനേജ്‌മെന്റുകള്‍ വാദിച്ചു.  എന്നാല്‍, മെറിറ്റ് ഉറപ്പാക്കാനും തലവരിപ്പണം വാങ്ങുന്നത് ഒഴിവാക്കാനുമാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് കോടതിയെ ബോധിപ്പിച്ചു. നീറ്റ് റാങ്ക്പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കണം സ്വാശ്രയ മെഡിക്കല്‍ പ്രവേശനം. ഉയര്‍ന്ന റാങ്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനപരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കുന്ന പട്ടികയില്‍ നിന്ന് മാനേജ്‌മെന്റുകള്‍ക്ക് പ്രവേശനം നടത്താമെന്നും എജി വിശദീകരിച്ചു.
അതേസമയം, സ്വാശ്രയ കോളജുകളില്‍ പ്രവേശനം നടത്താന്‍ പൊതുപ്രവേശന കമ്മീഷണര്‍ക്ക് എന്ത് അധികാരമാണുള്ളതെന്ന ചോദ്യത്തിനു വിശദീകരണം നല്‍കാന്‍ അഡ്വ. ജനറലിന് കഴിഞ്ഞില്ല. പ്രവേശന നടപടികള്‍ സുതാര്യമാവണമെന്നും  സുപ്രിംകോടതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക മാത്രമാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും കോടതി വിലയിരുത്തി.
തിരിച്ചടിയല്ല; അപ്പീല്‍ പോവില്ല- ആരോഗ്യമന്ത്രി
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ സീറ്റുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സര്‍ക്കാര്‍ തീരുമാനം ശരിയായതിനാലാണ് ജനങ്ങള്‍ ഉത്തരവിനെ സ്വീകരിച്ചത്.
കോടതി സര്‍ക്കാരിനെതിരേ മോശമായി പറയുമെന്നു കരുതുന്നില്ല. മെറിറ്റ് അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനാണ് പരിശ്രമിച്ചത്. മാനേജ്‌മെന്റുകളെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശ്യമില്ല. അപ്പീല്‍ പോകേണ്ടെന്നാണ് അഭിപ്രായം. വിധി പരിശോധിച്ച ശേഷം തീരുമാനമെടുക്കും. മാനേജ്‌മെന്റുകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. സമവായത്തിലൂടെ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും പറഞ്ഞു.

(Visited 41 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക