|    Jan 20 Fri, 2017 11:46 pm
FLASH NEWS

സ്വാശ്രയ മെഡിക്കല്‍: വിധി ഇന്നുണ്ടായേക്കും; ആശങ്കയോടെ വിദ്യാര്‍ഥികള്‍

Published : 26th September 2016 | Posted By: SMR

medical-exam

തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും സര്‍ക്കാര്‍ തന്നെ അലോട്ട്‌മെന്റ് നടത്തണമെന്ന സുപ്രിംകോടതി വിധി കേരളത്തിനും ബാധകമാക്കുമോയെന്ന കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടായേക്കും. മധ്യപ്രദേശ് സര്‍ക്കാരിനാണ് ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രിംകോടതി നിര്‍ദേശം നല്‍കിയത്.
മധ്യപ്രദേശിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളും സര്‍വകലാശാലകളും സ്വന്തമായി കൗണ്‍സലിങ് നടത്തി മെഡിക്കല്‍ പ്രവേശനം നടത്തിയത് റദ്ദാക്കിയ ഉത്തരവ് കേരളത്തിനും മഹാരാഷ്ട്രയ്ക്കും ബാധകമാക്കണമെന്ന് കേന്ദ്രസര്‍ക്കാ ര്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടതോടെയാണ് കേരളത്തിലും ആശങ്ക ഉടലെടുത്തത്.
എല്ലാ സീറ്റിലേക്കും സംസ്ഥാന സര്‍ക്കാരിന്റെ കൗണ്‍സലിങിലൂടെ മാത്രം പ്രവേശനമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ മാസം 20ന് സ്‌റ്റേ ചെയ്തിരുന്നു. ഈ ഉത്തരവാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തത്.
സംയുക്ത കൗണ്‍സലിങ് പ്രവേശന നടപടികളില്‍ സുതാര്യത സാധ്യമാക്കുമെന്നും കോളജുകളുടെ ഭാഗത്തുനിന്നുള്ള ക്രമക്കേടുകള്‍ ഒഴിവാക്കാമെന്നുമാണ് കേന്ദ്രത്തിന്റെ വാദം. കേസുകള്‍ ഇന്ന് വീണ്ടും സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്. കേന്ദ്രത്തിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചാല്‍ കേരളത്തിലെ സ്വകാര്യ കോളജുകളിലെ മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലേക്ക് മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശനം റദ്ദാവുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.
ജയിംസ് കമ്മിറ്റിയുടെ കര്‍ശന മേല്‍നോട്ടത്തിലാണ് സ്വാശ്രയ കോളജുകളിലെ പ്രവേശനം പുരോഗമിക്കുന്നത്. പ്രവേശന നടപടികള്‍ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ സുപ്രിംകോടതിയില്‍നിന്നുണ്ടാവുന്ന നിര്‍ണായക തീരുമാനത്തിനായി കാത്തിരിക്കുകയാണ് സര്‍ക്കാരും മാനേജ്‌മെന്റുകളും.
അതേസമയം, സുപ്രിംകോടതിയില്‍നിന്ന് ഏതുതരത്തിലുള്ള തീരുമാനമുണ്ടായാലും അതനുസരിച്ച് മുന്നോട്ടുപോവുമെന്ന് പ്രവേശന മേല്‍നോട്ടസമിതിയായ ജയിംസ് കമ്മിറ്റി അറിയിച്ചു. സപ്തംബര്‍ 30നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രിംകോടതിയുടെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും നിര്‍ദേശം.
മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശനം റദ്ദാക്കിയാല്‍ സമയപരിധി നീട്ടിനല്‍കാന്‍ സുപ്രിംകോടതിക്കു തന്നെ കഴിയും. ഇതുസംബന്ധിച്ച കോടതിവിധിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സ ര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട കോളജുകള്‍ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കിയിരുന്നു. തുടര്‍ന്നാണ് വിധിക്കെതിരേ അപ്പീല്‍ പോവേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.
എല്ലാ സീറ്റിലും സര്‍ക്കാര്‍ നേരിട്ട് പ്രവേശനം നടത്തണമെന്ന വിധി വന്നാല്‍ 50 ശതമാനം വരുന്ന മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകളില്‍ ഇതിനോടകം പ്രവേശനം നേടിയവര്‍ക്ക് സീറ്റ് നഷ്ടമാവുകയോ കോളജുകള്‍ മാറേണ്ടിവരുകയോ ചെയ്യും. സ്വാശ്രയ മാനേജ്‌മെന്റുകള്‍ നടത്തിയ കൗണ്‍സലിങ് റദ്ദാവുന്നതോടൊപ്പം പുതുതായി ഫീസ് നിര്‍ണയിച്ച് പ്രവേശന നടപടികള്‍ സര്‍ക്കാരിന് പുനരാരംഭിക്കേണ്ടിവരും. വേണ്ടിവന്നാല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി നീട്ടിനല്‍കുമെന്ന് സുപ്രിംകോടതി സൂചിപ്പിച്ചിട്ടുള്ളതിനാല്‍ അതുസംബന്ധിച്ച ആശങ്കയില്ലാതായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക