|    Jan 20 Fri, 2017 3:06 am
FLASH NEWS

സ്വാശ്രയ മെഡിക്കല്‍: മാനേജ്‌മെന്റ സീറ്റിലെ പ്രവേശനം നീറ്റ് വഴി മാത്രം

Published : 27th July 2016 | Posted By: SMR

തിരുവനന്തപുരം: സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും നീറ്റ് റാങ്ക് പട്ടികയില്‍നിന്നായിരിക്കണമെന്ന് പ്രവേശന മേല്‍നോട്ട/ ഫീസ് നിയന്ത്രണസമിതി അധ്യക്ഷന്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റി നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത മാനേജ്‌മെന്റ് പ്രതിനിധികളുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗത്തിലാണ് കമ്മിറ്റി ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയത്. സ്വാശ്രയ മെഡിക്കല്‍/ ഡെന്റല്‍ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശന നടപടികള്‍ പൂര്‍ണമായും സുതാര്യമായി നടത്താന്‍ കോളജ് മാനേജ്‌മെന്റുകളോട് അദ്ദേഹം നിര്‍ദേശിച്ചു. പ്രവേശന നടപടികള്‍ പൂര്‍ണമായും കമ്മിറ്റി നിരീക്ഷിക്കും. വിദ്യാര്‍ഥികളില്‍നിന്ന് അമിത ഫീസ് ഈടാക്കിയാല്‍ കമ്മിറ്റി ഇടപെടും. മുഴുവന്‍ പ്രവേശന നടപടികളും വെബ്‌സൈറ്റ് വഴി പ്രസിദ്ധീകരിക്കണം. മാനേജ്‌മെന്റ് സീറ്റിലേക്ക് ഓരോ കോളജുകളും സ്വന്തംനിലയ്ക്ക് അപേക്ഷ ക്ഷണിച്ച് പ്രവേശനം നടത്തുകയാണ് ചെയ്യുകയെന്ന് മാനേജ്‌മെന്റുകള്‍ കമ്മിറ്റിയെ അറിയിച്ചു.
അപേക്ഷയുടെ അടിസ്ഥാനത്തില്‍ കൗണ്‍സിലിങിന് വിളിക്കുന്ന കുട്ടികളുടെ വിവരവും പ്രവേശനം നല്‍കിയ കുട്ടികളുടെ വിവരവും വെവ്വേറെ പ്രസിദ്ധീകരിക്കണം. പ്രവേശനം നേടിയ കുട്ടികളുടെ റാങ്ക് ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ വിവരങ്ങള്‍ പട്ടികയിലുണ്ടായിരിക്കണം. ഏതെങ്കിലും കാരണത്താല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാതിരുന്നാല്‍ അതിന്റെ കാരണവും വെബ്‌സൈറ്റില്‍ വ്യക്തമാക്കണം. വിദ്യാര്‍ഥിക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യം മാനേജ്‌മെന്റ് കേള്‍ക്കണം. പരാതിയിലുള്ള തീര്‍പ്പും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. പരിഹാരം ലഭിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് കമ്മിറ്റിയെ സമീപിക്കാം. പ്രവേശനത്തിനായുള്ള പ്രോസ്‌പെക്റ്റസ്, ഫീസ് വിവരങ്ങള്‍ എന്നിവയും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം.
സപ്തംബര്‍ 30നാണ് മെഡിക്കല്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നത്. കേരളത്തില്‍നിന്ന് പരീക്ഷയ്ക്ക് ഹാജരായ വിദ്യാര്‍ഥികളുടെ റാങ്ക് പട്ടിക പ്രത്യേകം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് കമ്മിറ്റി  അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക