|    May 24 Wed, 2017 11:51 am
FLASH NEWS

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍- മാനേജ്‌മെന്റ് ധാരണയിലേക്ക്

Published : 1st September 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരും സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷനും തമ്മില്‍ ഏകദേശ ധാരണയിലെത്തി. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തുന്ന ചര്‍ച്ചയില്‍ അന്തിമധാരണയിലെത്തിയേക്കും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ദേശാഭിമാനി മുന്‍ ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് അടിയന്തരമായി കോഴിക്കോട്ടേക്കു പോവേണ്ടിവന്നതിനാല്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് ഇന്നലെ വീണ്ടും അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടന്നത്.
മെറിറ്റുള്‍പ്പെടെ 80 ശതമാനം സീറ്റിലും ഫീസ് വര്‍ധിക്കുന്നതിലേക്കാണ് ഇപ്പോള്‍ അവസാനഘട്ട ചര്‍ച്ച എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയോടെ അന്തിമ ധാരണയിലെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷനും എംഇഎസ് മാനേജ്‌മെന്റ് പ്രതിനിധികളും അറിയിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 100 ശതമാനം സീറ്റില്‍ 50 ശതമാനം സര്‍ക്കാരിനു വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചു. 50 ശതമാനം മെറിറ്റിലെ 20 ശതമാനം സീറ്റില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 25,000 രൂപ ഫീസ് നിരക്കില്‍ പ്രവേശനം നല്‍കാം. ബാക്കിവരുന്ന 30 ശതമാനം സീറ്റില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്കു നിശ്ചയിച്ചുനല്‍കിയ വാര്‍ഷിക ഫീസായ 4.40 ലക്ഷം രൂപ ഈടാക്കാന്‍ അനുവദിക്കണം. നേരത്തെ ഈ സീറ്റിലേക്ക് 12.5 ലക്ഷം രൂപ വേണമെന്ന ആവശ്യത്തില്‍നിന്ന് ഇവര്‍ ഇന്നലെ പിന്‍വാങ്ങുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഈ സീറ്റില്‍ 1.85 ലക്ഷം രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഇതില്‍ 10 ശതമാനം വര്‍ധനയാവാമെന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.
സബ്‌സിഡി ലഭിക്കുന്ന വിഭാഗത്തിന്റെ ഫീസ് ഉയര്‍ത്താനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മാനേജ്‌മെന്റുകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത പശ്ചാത്തലത്തില്‍ ഇത് 2.5 ലക്ഷം രൂപയാക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, 4.40 ലക്ഷത്തില്‍ കുറയാന്‍ പാടില്ലെന്നാണ് മാനേജ്‌മെന്റുകള്‍ വാദിച്ചത്. എന്നാല്‍, ഈ നിര്‍ദേശം സര്‍ക്കാര്‍ തള്ളി. ഇതോടെ മാനേജ്‌മെന്റുകള്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായേക്കുമെന്നാണു വിവരം. ബാക്കിവരുന്ന 50 ശതമാനത്തിലെ 35 ശതമാനം മാനേജ്‌മെന്റ് സീറ്റിലും 15 ശതമാനം എന്‍ആര്‍ഐ സീറ്റിലും ഫീസ് വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
മാനേജ്‌മെന്റ് സീറ്റില്‍ 12.5 മുതല്‍ 15 ലക്ഷം വരെയും എന്‍ആര്‍ഐ സീറ്റില്‍ 15 മുതല്‍ 20 ലക്ഷം വരെയും ഫീസ് വേണമെന്നാണ് മാനേജ്‌മെന്റുകള്‍ ചര്‍ച്ചയില്‍ ആവശ്യമുന്നയിച്ചത്. ഇന്ന് മുഖ്യമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ 30 ശതമാനം സീറ്റിലെയും ബാക്കി മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റിലെയും ഫീസിന്റെ കാര്യത്തില്‍ സമവായത്തിലെത്തിയാല്‍ അസോസിയേഷനുമായി കരാറില്‍ ഏര്‍പ്പെടാനാവും. സപ്തംബര്‍ 30ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ എത്രയുംവേഗം മാനേജ്‌മെന്റുകളുമായി കരാറുണ്ടാക്കി അലോട്ട്‌മെന്റ് ആരംഭിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ബിഡിഎസ് കോളജ് മാനേജ്‌മെന്റുകളുടെ പ്രതിനിധികളും പങ്കെടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day