|    May 30 Tue, 2017 4:44 am
FLASH NEWS

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഫീസ് കൂട്ടണമെന്ന് മാനേജ്‌മെന്റുകള്‍; ചര്‍ച്ച വീണ്ടും അലസി

Published : 30th August 2016 | Posted By: SMR

stethoscope-book-final

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മില്‍ നടത്തിയ ചര്‍ച്ച വീണ്ടും അലസി. ഇന്നലെ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികളുമായി സര്‍ക്കാര്‍ രണ്ടു വട്ടം ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല.
ഇതേത്തുടര്‍ന്ന് ഇനി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന ധാരണയില്‍ യോഗം പിരിയുകയായിരുന്നു. മുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ച് ഇന്നോ നാളെയോ ചര്‍ച്ച നടക്കും. മെറിറ്റ് സീറ്റുകളിലെയടക്കം ഫീസ് വര്‍ധിപ്പിക്കണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. രാവിലെ ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി നടത്തിയ ചര്‍ച്ചയില്‍ ഏകീകൃത ഫീസ്  ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു.
ഇതോടെ മെഡിക്കല്‍ പ്രവേശനത്തിന് നാലുതരം ഫീസെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി മാനേജ്‌മെന്റുകള്‍ വൈകീട്ട് ചര്‍ച്ചയ്‌ക്കെത്തി. ഇതുപ്രകാരം സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുനല്‍കും. ഇതില്‍ 20 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന 25,000 രൂപ ഫീസില്‍ പഠിപ്പിക്കാന്‍ തയ്യാറാണ്. ബാക്കി 30 ശതമാനം സീറ്റില്‍ കഴിഞ്ഞ തവണത്തെ 1.85 ലക്ഷത്തില്‍ നിന്ന് ഫീസ് അഞ്ചു ലക്ഷമാക്കണം. 35 ശതമാനം മാനേജ്‌മെന്റ് സീറ്റില്‍ 10 മുതല്‍ 15 ലക്ഷം വരെയും 15 ശതമാനം എന്‍ആര്‍ഐ സീറ്റില്‍ 15 ലക്ഷം മുതല്‍ 20 ലക്ഷം വരെയും ഫീസ് വേണമെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, മെറിറ്റ് സീറ്റിലെ ഫീസ് കൂട്ടുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മന്ത്രി വ്യക്തമാക്കി. 50 ശതമാനം മെറിറ്റ് സീറ്റില്‍ ഫീസിളവ് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ബിപിഎല്‍ ഉള്‍പ്പെടെ മറ്റു വിഭാഗങ്ങള്‍ക്കായി നീക്കിവച്ച 20 ശതമാനം സീറ്റില്‍ 25,000 രൂപയും ബാക്കി 30 ശതമാനത്തില്‍ 1.85 ലക്ഷവും ഫീസെന്ന തത്ത്വത്തില്‍ മാറ്റം വരുത്താനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഫീസ് വര്‍ധിപ്പിക്കാതെ മുന്നോട്ടുപോവാനാവില്ലെന്നായിരുന്നു മാനേജ്‌മെന്റുകളുടെ നിലപാട്. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നടത്തിക്കൊണ്ടുപോവുന്നതിലെ സാമ്പത്തിക ചെലവുകളാണ് അവര്‍ പ്രധാനമായും ഉന്നയിച്ചത്. മെറിറ്റ് സീറ്റിലെ മധ്യവര്‍ഗക്കാരുടെ ഫീസില്‍ വര്‍ധന വരുത്തണമെന്നും മാനേജ്‌മെന്റുകള്‍ വാദിച്ചു. ഇരുകൂട്ടരും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ തീരുമാനമാവാതെ പിരിയുകയായിരുന്നു.
രാവിലെ നടന്ന ചര്‍ച്ചയില്‍ ഏകീകൃത ഫീസ് വേണമെന്ന ആവശ്യമാണ് മാനേജ്‌മെന്റുകള്‍ ഉന്നയിച്ചത്. ഇതില്‍ 10 മുതല്‍ 15 ലക്ഷം രൂപ വരെ ഫീസ് ഈടാക്കുമെന്നും നിര്‍ധനര്‍ക്ക് ഫീസിളവ് നല്‍കുന്നതിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താമെന്നും അറിയിച്ചു. എന്നാല്‍, ഏകീകൃത ഫീസ് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെയാണ്  അസോസിയേഷന്‍ യോഗം ചേര്‍ന്ന് പുതിയ ഫോര്‍മുലയുമായി ചര്‍ച്ചയ്‌ക്കെത്തിയത്.
മുഖ്യമന്ത്രിയുമായി നടത്തുന്ന  ചര്‍ച്ചയിലും ധാരണയായില്ലെങ്കില്‍ കോളജുകളുടെ വരവുചെലവ് കണക്കാക്കി ജയിംസ് കമ്മിറ്റിയെക്കൊണ്ട് ഫീസ് നിര്‍ണയിക്കുന്നതിന് ആലോചിക്കും. വേഗത്തില്‍ അലോട്ട്‌മെന്റ് നടപടികളിലേക്ക് നീങ്ങാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. സ്വാശ്രയ ഡെന്റല്‍ മാനേജ്‌മെന്റ് അസോസിയേഷനും ചര്‍ച്ചയില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day