|    Jan 21 Sat, 2017 11:51 am
FLASH NEWS

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; മാനേജ്‌മെന്റുകളുമായി ഇന്ന് ചര്‍ച്ച

Published : 29th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ഉപാധികളോടെ സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ മാനേജ്‌മെന്റുകളുമായി ഇന്ന് ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്താണ് ചര്‍ച്ച നടക്കുക.
അതേസമയം, ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് അഭിപ്രായസമന്വയമുണ്ടാക്കി തീരുമാനമെടുക്കുന്നതിന് മാനേജ്‌മെന്റുകളും ഇന്നുരാവിലെ യോഗം ചേരും. ഇന്നലെ കൊച്ചിയില്‍ യോഗം ചേരാന്‍ തീരുമാനിച്ചെങ്കിലും ചില അസോസിയേഷന്‍ പ്രതിനിധികളുടെ അസൗകര്യത്തെത്തുടര്‍ന്ന് യോഗം മാറ്റിവയ്ക്കുകയായിരുന്നു. വേണ്ടത്ര ഗൃഹപാഠം ചെയ്യാത്തതിനെത്തുടര്‍ന്ന് ഹൈക്കോടതിയില്‍നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് ഇന്നു നടക്കുന്ന ചര്‍ച്ച നിര്‍ണായകമാണ്. മാനേജ്‌മെന്റുകള്‍ ഏതുതരം നിലപാട് സ്വീകരിക്കുമെന്നതാണ് സര്‍ക്കാരിനെ ആശങ്കയിലാക്കുന്നത്.
വിദ്യാര്‍ഥികളുടെ ഭാവിയെ കരുതി പരമാവധി സമവായമുണ്ടാക്കി പ്രശ്‌നപരിഹാരമുണ്ടാക്കാനാവും സര്‍ക്കാര്‍ ശ്രമിക്കുക. ഹൈക്കോടതി ഉത്തരവ് വന്നിട്ടും ഈ വര്‍ഷത്തെ പ്രവേശന നടപടികളില്‍ വ്യക്തത വരാത്തത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്. ദേശീയ പ്രവേശന പരീക്ഷ(നീറ്റ്)യുടെ റാങ്ക് അടിസ്ഥാനത്തില്‍ സുതാര്യത ഉറപ്പാക്കി മാനേജ്‌മെന്റുകള്‍ക്ക് പ്രവേശനം നടത്താമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഈ സാഹചര്യത്തില്‍ പന്ത് മാനേജ്‌മെന്റുകളുടെ കോര്‍ട്ടിലാണ്. ഏകപക്ഷീയമായി മുഴുവന്‍ സീറ്റുകളും പിടിച്ചെടുക്കാന്‍ ശ്രമിച്ച സര്‍ക്കാരുമായി സഹകരണം വേണ്ടെന്ന നിലപാടിലാണ് ഒരുവിഭാഗം മാനേജ്‌മെന്റുകള്‍.
എന്നാല്‍, അനുകൂല ഉത്തരവുണ്ടായെങ്കിലും സര്‍ക്കാരുമായി സഹകരിച്ച് പോവണമെന്ന അഭിപ്രായവും അസോസിയേഷനിലെ ഒരു വിഭാഗത്തിനുണ്ട്. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ മാനേജ്‌മെന്റുകള്‍ക്ക് പ്രവേശനം നടത്താം. മെറിറ്റ് സീറ്റുകളുടെ കാര്യത്തിലാണ് ആശയക്കുഴപ്പം തുടരുന്നത്. ഏതെല്ലാം കോളജുകള്‍ സര്‍ക്കാരുമായി ധാരണയിലെത്തി പകുതി സീറ്റ് വിട്ടുകൊടുക്കുമെന്നത്, മെറിറ്റ് സീറ്റിലെ ഫീസ് തുടങ്ങിയ കാര്യങ്ങളെല്ലാം തുടര്‍ചര്‍ച്ചകളിലൂടെ തീരുമാനിക്കേണ്ടതാണ്.
സര്‍ക്കാരുമായുള്ള കൂടിക്കാഴ്ചയില്‍ ഏകീകൃതഫീസ് വേണമെന്ന ആവശ്യം ശക്തമായിത്തന്നെ ഉന്നയിക്കാനാണ് അസോസിയേഷന്‍ ഒരുങ്ങുന്നത്. ഈവര്‍ഷം പകുതി സീറ്റ് സര്‍ക്കാരിന് നല്‍കാന്‍ മാനേജ്‌മെന്റുകള്‍ സമ്മതിച്ചാലും ഫീസ് നിശ്ചയിക്കുന്നത് തലവേദന സൃഷ്ടിക്കും. മുന്‍വര്‍ഷത്തെപോലെ ഏറ്റവും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പ്രവേശനം നല്‍കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായില്ലെങ്കില്‍ ഇവരുടെ സ്ഥിതി ദുരിതത്തിലാവും. സീറ്റിന്റെയും ഫീസിന്റെയും കാര്യത്തില്‍ സര്‍ക്കാരുമായി മാനേജ്‌മെന്റുകള്‍ ധാരണയിലെത്തുന്നില്ലെങ്കില്‍ പ്രവേശന മേല്‍നോട്ടസമിതിയായ ജെയിംസ് കമ്മിറ്റിയായിരിക്കും ഫീസ് നിര്‍ണയിച്ച് നല്‍കുക. ഓരോ മെഡിക്കല്‍ കോളജുകളുടെയും വരവും ചെലവും കണക്കാക്കിയാവും കമ്മിറ്റി ഫീസ് നിശ്ചയിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക