|    Oct 21 Sat, 2017 6:01 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സര്‍ക്കാരിന് കീഴില്‍

Published : 21st August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി. മാനേജ്‌മെന്റ്, എന്‍ആര്‍ഐ ഉള്‍പ്പെടെയുള്ള മുഴുവന്‍ സീറ്റുകളിലേക്കും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കും ഇനി പ്രവേശനം നടത്തുക. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനുമായുള്ള രണ്ടാംഘട്ട ചര്‍ച്ച അലസിപ്പിരിഞ്ഞതിനു പിന്നാലെയാണു സര്‍ക്കാര്‍ കടുത്ത നിലപാടിലേക്കു പോയത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
50 ശതമാനം മെറിറ്റ് സീറ്റുകളില്‍ പ്രവേശനം സംസ്ഥാന പ്രവേശനപ്പരീക്ഷാ റാങ്ക് പട്ടികയില്‍നിന്നു നടത്തും. മാനേജ്‌മെന്റ്, എന്‍ആര്‍ഐ ഉള്‍പ്പെടെ ബാക്കി 50 ശതമാനം സീറ്റിലേക്ക് ‘നീറ്റ്’ റാങ്ക് പട്ടികയില്‍ നിന്നു പ്രവേശനം നടത്താനും തീരുമാനിച്ചു.
സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നാളെ കോടതിയെ സമീപിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പ്രഖ്യാപിച്ചു. ഇതോടെ ഈവര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സങ്കീര്‍ണമായിരിക്കുകയാണ്. സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളജുകളിലെയും കല്‍പിത സര്‍വകലാശാലയിലെയും മുഴുവന്‍ സീറ്റുകളിലെയും പ്രവേശന നടപടികള്‍ ആരംഭിക്കാന്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞവര്‍ഷത്തെ സംവരണനടപടിക്രമങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചു. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം നീറ്റ് അടിസ്ഥാനത്തിലാവണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം പരിഗണിച്ചാണു നടപടികള്‍. ജെയിംസ് കമ്മിറ്റിയും അനുകൂല നിലപാടു സ്വീകരിച്ചു.
അതേസമയം, സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി വി അനില്‍ പ്രതികരിച്ചു. സ്വാശ്രയ മാനേജ്‌മെന്റുകളുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണിത്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് കോളജുകളിലെ സീറ്റുകള്‍ വേണമെങ്കില്‍ സര്‍ക്കാരിന് ഏറ്റെടുക്കാം. എന്നാല്‍, സ്വന്തംനിലയില്‍ ശമ്പളം കൊടുക്കുന്ന കോളജുകളിലെ സീറ്റേറ്റെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജെയിംസ് കമ്മിറ്റി സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചെന്നും ന്യൂനപക്ഷ അവകാശങ്ങളില്‍ കൈകടത്തലാണു പുതിയ തീരുമാനമെന്നും എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു. സര്‍ക്കാര്‍ തീരുമാനത്തെ കോടതിയില്‍ ചോദ്യംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, സ്വകാര്യ സ്വാശ്രയ ദന്തല്‍ കോളജുകളിലെ പ്രവേശനം സംബന്ധിച്ചു ധാരണയിലെത്തി. മുഴുവന്‍ സീറ്റുകളിലേക്കും ഇത്തവണ സര്‍ക്കാര്‍ പ്രവേശനം നടത്തും. ദന്തല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷനുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ചു ധാരണയായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക