|    May 23 Tue, 2017 1:04 am
FLASH NEWS

സ്വാശ്രയ മെഡിക്കല്‍ പ്രവേശന അട്ടിമറി; എന്‍ട്രന്‍സ് കമ്മീഷണര്‍ ഇന്ന് ഹൈക്കോടതിക്ക് റിപോര്‍ട്ട് നല്‍കും

Published : 13th October 2016 | Posted By: SMR

തിരുവനന്തപുരം: അവസാനഘട്ട കേന്ദ്രീകൃത പ്രവേശന നടപടികള്‍ അട്ടിമറിച്ച സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കെതിരേ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ ബി എസ് മാവോജി ഇന്ന് ഹൈക്കോടതിക്ക് റിപോര്‍ട്ട് നല്‍കും. സ്വന്തം നിലയില്‍ പ്രവേശന നടപടികള്‍ നടത്തിയ പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുകളാണ് പരീക്ഷാ കമ്മീഷണര്‍ നടത്തിയ അവസാനഘട്ട സ്‌പോട്ട് അഡ്മിഷനില്‍ രേഖകള്‍ ഹാജരാക്കാന്‍ കൂട്ടാക്കാതിരുന്നത്.
ഇരു കോളജുകളിലും ആകെയുള്ള 250 എംബിബിഎസ് സീറ്റില്‍ നേരത്തേ പ്രവേശിപ്പിച്ചവരുടെ ലിസ്റ്റ് സ്‌പോട്ട് അഡ്മിഷന്‍ സമയത്ത് ഹാജരാക്കണമെന്ന ഹൈക്കോടതി ഉത്തരവിന് മാനേജ്‌മെന്റുകള്‍ പുല്ലുവില കല്‍പിക്കുകയായിരുന്നു. ഇതോടെ ഇവിടങ്ങളിലെ പ്രവേശനം അംഗീകരിക്കേണ്ടതില്ലെന്നും ഇവര്‍ക്കെതിരേ നിയമനടപടിക്ക് ഹൈക്കോടതിയെ സമീപിക്കാനും കമ്മീഷണര്‍ തീരുമാനിച്ചു. സ്‌പോട്ട് അഡ്മിഷനുമായി ബന്ധപ്പെട്ട ഹൈക്കോടതി നിര്‍ദേശം നടപ്പാക്കാനായില്ലെന്ന് റിപോര്‍ട്ടില്‍ കമ്മീഷണര്‍ ചൂണ്ടിക്കാട്ടും. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും കമ്മീഷണര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളുടെ കാര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശം കാത്തിരിക്കുകയാണ് പ്രവേശന മേല്‍നോട്ട സമിതിയായ ജയിംസ് കമ്മിറ്റിയും. കോടതിയില്‍ കമ്മീഷണര്‍ റിപോര്‍ട്ട് സമര്‍പ്പിക്കുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്തുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് ജെ എം ജയിംസ് പറഞ്ഞു. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി അവസാനിച്ച പശ്ചാത്തലത്തില്‍ കോടതി ഉത്തരവ് അനുസരിച്ചായിരിക്കും മുന്നോട്ടുപോവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നീറ്റ് റാങ്ക് പ്രകാരം അപേക്ഷിച്ച നാനൂറോളം പേരെ തഴഞ്ഞായിരുന്നു കണ്ണൂര്‍, കരുണ കോളജുകള്‍ പ്രവേശനം നടത്തിയിരുന്നത്. ക്രമക്കേട് ബോധ്യപ്പെട്ട ജയിംസ് കമ്മിറ്റി മുഴുവന്‍ പ്രവേശനവും റദ്ദാക്കി പ്രവേശനപരീക്ഷാ കമ്മീഷണറുടെ അവസാന അലോട്ട്‌മെന്റില്‍ സീറ്റുകള്‍ നികത്താന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരേ സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജയിംസ് കമ്മിറ്റിയുടെ ഉത്തരവ് അംഗീകരിച്ച് ഇരുകോളജുകളോടും പ്രവേശിപ്പിച്ച വിദ്യാര്‍ഥികളുടെ റാങ്ക് ഉള്‍പ്പെടെയുള്ള വിശദവിവരങ്ങളുമായി സ്‌പോട്ട് അഡ്മിഷനില്‍ ഹാജരാവാനായിരുന്നു നിര്‍ദേശം.
കണ്ണൂര്‍ മെഡിക്കല്‍ കോളജ് സ്‌പോട്ട് അഡ്മിഷന്‍ പൂര്‍ത്തിയാവുന്നതുവരെ നീറ്റ് പട്ടിക പ്രകാരം പ്രവേശനം നടത്തിയതിന്റെ യാതൊരു രേഖയും സമര്‍പ്പിച്ചില്ല. പാലക്കാട് കരുണ കാറ്റഗറി ലിസ്റ്റില്‍ കൃത്രിമം കാണിച്ച് ഭാഗിക രേഖകളാണ് ഹാജരാക്കിയത്. എന്നാല്‍, കമ്മീഷണര്‍ ഇതു തള്ളി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day