|    Jan 21 Sat, 2017 2:15 pm
FLASH NEWS

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം മുസ്‌ലിം മാനേജ്‌മെന്റുകള്‍ അട്ടിമറിക്കുന്നു

Published : 17th September 2016 | Posted By: SMR

ആബിദ്

കോഴിക്കോട്: നടപടിക്രമങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താതെയും വെബ്‌സൈറ്റുകള്‍ ഹാങാക്കിയും അലോട്ട്‌മെന്റുകള്‍ വൈകിപ്പിച്ചും സ്വാശ്രയ മെഡിക്കല്‍ പ്രവേശനം മുസ്‌ലിം മാനേജ്‌മെന്റുകള്‍ അട്ടിമറിക്കുന്നു. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ദേശീയ ഏകീകൃത പൊതുപ്രവേശന പരീക്ഷയുടെ (നീറ്റ്) റാങ്ക് അടിസ്ഥാനത്തില്‍ പ്രവേശനം സുതാര്യമായി നടത്തണമെന്ന സുപ്രിംകോടതി നിര്‍ദേശങ്ങള്‍ക്കെതിരായാണ് പല മാനേജ്‌മെന്റുകളുടെയും പ്രവര്‍ത്തനം. പ്രമുഖ മുസ്‌ലിം സംഘടനയുടെ സംസ്ഥാന നേതാവിനു കീഴിലുള്ള മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലെ മിക്ക സ്ഥാപനങ്ങളിലും ഈ അട്ടിമറി നടക്കുന്നുണ്ട്.
എംബിബിഎസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കണമെന്നും 19നു മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കാന്‍ ചില കോളജുകള്‍ തയ്യാറായിട്ടില്ല. പലവട്ടം തിയ്യതി നീട്ടിനല്‍കിയ ശേഷമാണ് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതിയായി സപ്തംബര്‍ 19 നിജപ്പെടുത്തിയത്. പകരം നേരിട്ട് അപേക്ഷ സ്വീകരിച്ച് വിലപേശല്‍ നടത്തുന്നതായാണ് വിവരം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കണമെന്നു സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചതോടെ ചില മാനേജ്‌മെന്റുകള്‍ വെബ്‌സൈറ്റുകള്‍ ഹാങാക്കി ആര്‍ക്കും തുറക്കാനാവാത്ത സാഹചര്യമുണ്ടാക്കി. സ്വാശ്രയ കോളജുകളിലെ ആദ്യ രണ്ട് അലോട്ട്‌മെന്റുകള്‍ പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ നേരിട്ട് നടത്തണമെന്ന 2014ലെ ഉത്തരവ് മറികടക്കുന്നതിനാണ് അപേക്ഷ വൈകിപ്പിക്കുന്നത്. കമ്മീഷണര്‍ നടത്തേണ്ട അലോട്ട്‌മെന്റ് കൂടി പിന്നീട് മാനേജ്‌മെന്റുകള്‍ക്ക് വന്‍തുക വാങ്ങി നടത്താനാവുമെന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം.
സംസ്ഥാനത്ത് മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കു കീഴില്‍ എട്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളാണ് ഉള്ളത്. ഇതില്‍ ഡിഎം വയനാട് ഒഴികെയുള്ള എല്ലാ കോളജുകളും ന്യൂനപക്ഷ സ്ഥാപനമായാണ് പ്രവര്‍ത്തിക്കുന്നത്. പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ഒഴികെയുള്ളവയുടെയെല്ലാം നിയന്ത്രണം ട്രസ്റ്റുകള്‍ക്കാണ്. എംഇഎസ് കോളജ് സൊസൈറ്റിക്കു കീഴിലും. സ്വാശ്രയ കോളജുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍  50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു നല്‍കണമെന്നു വ്യവസ്ഥ ചെയ്തിരുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളാണെങ്കില്‍ ഇതിലെ 30 ശതമാനം സീറ്റുകള്‍ അതതു സമുദായത്തിനു നല്‍കണം. ശേഷിക്കുന്ന 20 ശതമാനത്തില്‍ മെറിറ്റിലാണ് പ്രവേശനം നടത്തേണ്ടത്. പ്രവേശനപ്പരീക്ഷാ കമ്മീഷണറാണ് അലോട്ട്‌മെന്റ് നടത്തുക.
ഈ വ്യവസ്ഥ പാലിക്കപ്പെട്ടാല്‍ ന്യൂനപക്ഷ സ്ഥാപനങ്ങളിലെ 80 ശതമാനം സീറ്റുകളും അതതു സമുദായത്തിനുതന്നെ ലഭിക്കും. കൂടാതെ 20 ശതമാനത്തില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്നവരിലും സമുദായ പ്രാതിനിധ്യത്തിനു സാധ്യതയുണ്ട്. എന്നാല്‍, ഈ അനുപാതം അട്ടിമറിക്കുകയാണ് പല മുസ്‌ലിം മാനേജ്‌മെന്റ് സ്ഥാപനങ്ങളും. 30 ശതമാനം സ്വന്തം സമുദായത്തിനു നല്‍കണമെന്ന വ്യവസ്ഥ ലംഘിച്ച് അതുകൂടി വിറ്റു കാശാക്കാനാണ് താല്‍പര്യം. സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നതിനാണ് പല സ്ഥാപനങ്ങളും ന്യൂനപക്ഷപദവി കൈക്കലാക്കുന്നത്.
മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കരുണ, അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് എന്നിവയുടെ പ്രവേശന നടപടികള്‍ റദ്ദാക്കിയതിന്റെ സാഹചര്യം ഇതാണ്. അതേസമയം, ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ പ്രവേശനക്കാര്യത്തില്‍ സുതാര്യമായ നിലപാടാണ് സ്വീകരിച്ചത്.
ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള ഏഴു മെഡിക്കല്‍ കോളജുകളില്‍ നാലെണ്ണം ഒരുമിച്ചു കണ്‍സോര്‍ഷ്യമായാണ് പ്രവര്‍ത്തിക്കുന്നത്. അമല, ജൂബിലി, പുഷ്പഗിരി, കോലഞ്ചേരി എന്നിവയാണിവ. തലവരി വാങ്ങില്ലെന്നും ഒരേ രീതിയിലുള്ള ഫീസ് ഈടാക്കുമെന്നുമുള്ള പ്രത്യേക കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവയുടെ പ്രവര്‍ത്തനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 211 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക