|    Jan 20 Fri, 2017 3:09 am
FLASH NEWS

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: മൂന്നാംഘട്ട ചര്‍ച്ച ഒമ്പതിന്

Published : 5th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് പ്രതിനിധികളുമായി സര്‍ക്കാര്‍ ഒമ്പതിന് മൂന്നാംഘട്ട ചര്‍ച്ച നടത്തും. ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ നേതൃത്വത്തിലാണു ചര്‍ച്ച നടക്കുക. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇതുവരെ നടത്തിയ ചര്‍ച്ചക ള്‍ പരാജയപ്പെട്ടതോടെയാണ് മാനേജ്‌മെന്റ് പ്രതിനിധികളെ വീണ്ടും ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്കു ക്ഷണിച്ചിരിക്കുന്നത്.
ഫീസ് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ മാനേജ്‌മെന്റുകള്‍ ഉറച്ചുനിന്നതോടെയാണു നേരത്തെ നടന്ന ചര്‍ച്ചകള്‍ തീരുമാനമാവാതെ പിരിഞ്ഞത്. കഴിഞ്ഞവര്‍ഷം സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനു കീഴിലെ കോളജുകള്‍ 8.5 ലക്ഷം രൂപയാണു വാര്‍ഷിക ഫീസായി ഈടാക്കിയത്. ഇതേ കോളജുകളില്‍ സര്‍ക്കാരിനു വിട്ടുനല്‍കിയ 50 ശതമാനം സീറ്റുകളില്‍ 25,000 രൂപയായിരുന്നു വാര്‍ഷിക ഫീസ്. മെഡിക്കല്‍ കോളജുകള്‍ നടത്തിക്കൊണ്ടുപോവുന്നതിനുള്ള ചെലവ് പതിന്‍മടങ്ങ് വര്‍ധിച്ചതായി മാനേജ്‌മെന്റ് പ്രതിനിധികള്‍ പറയുന്നു. ശമ്പളത്തിനു മാത്രം പ്രതിമാസം നാലുകോടി വരെ ചെലവിടേണ്ടിവരുന്നു. അതുകൊണ്ട് ഫീസില്‍ കാര്യമായ വര്‍ധന വേണമെന്നാണ് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നത്. ഓരോ കോളജുകളും അവരുടെ നടത്തിപ്പു ചെലവ് സംബന്ധിച്ച കണക്കുകള്‍ ചര്‍ച്ചയില്‍ ആരോഗ്യ സെക്രട്ടറിക്കു കൈമാറിയിരുന്നു. എന്നാല്‍, ഫീസ് വര്‍ധിപ്പിക്കാനാവില്ലെന്ന നിലപാടിലാണു സര്‍ക്കാര്‍.
ആരോഗ്യ സെക്രട്ടറി ചര്‍ച്ചയില്‍ ഇക്കാര്യം മാനേജ്‌മെന്റ് പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ നിലപാട് മാനേജ്‌മെന്റുകളെ അറിയിക്കും. സര്‍ക്കാര്‍ നയം വ്യക്തമാക്കിയാല്‍ തങ്ങളും നിലപാട് അറിയിക്കാമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു. മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷ (നീറ്റ്)യുടെ ഫലം ഈ മാസം 17ന് പുറത്തുവരും. ഇതിനു പിന്നാലെ സ്വകാര്യ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനനടപടികള്‍ ആരംഭിക്കേണ്ടതുണ്ട്. ഇതിനു മുന്നോടിയായി കോളജുകളുമായി ധാരണയിലെത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സംബന്ധിച്ചു മൂന്നുവര്‍ഷത്തെ കരാര്‍ നേരത്തെ ഒപ്പുവച്ചിട്ടുണ്ട്. അത് അടുത്ത അധ്യയനവര്‍ഷംകൂടി ബാധകമാണ്. എങ്കിലും മറ്റുപല വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനാല്‍ അവരെയും യോഗത്തിലേക്കു വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒമ്പതു സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്ക ല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിനായുള്ള നെട്ടോട്ടത്തിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക