സ്വാശ്രയ മെഡിക്കല്‍: നിര്‍ദേശം ലംഘിച്ച ആറു കോളജുകള്‍ക്ക് ജയിംസ് കമ്മിറ്റി നോട്ടീസ്
Published : 16th September 2016 | Posted By: SMR
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ച ആറു മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവേശന മേല്‍നോട്ട സമിതിയായ ജയിംസ് കമ്മിറ്റി നോട്ടീസ് നല്കി. മൗണ്ട് സിയോണ്‍, ശ്രീഗോകുലം, പി കെ ദാസ്, ട്രാവന്‍കൂര്‍, കണ്ണൂര്‍, കരുണ എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകളോടാണ് വിശദീകരണം തേടിയത്. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം സുതാര്യമാക്കുന്നതിന്റെ ഭാഗമായി ജയിംസ് കമ്മിറ്റി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ഇവര്‍ ലംഘിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.
വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഈ കോളജുകളുടെ പ്രവേശനത്തിനു വിലക്കേര്‍പ്പെടുത്തും. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചതെന്നു ചൂണ്ടിക്കാട്ടി മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് സമര്‍പ്പിച്ച 30 വിദ്യാര്‍ഥികളുടെ പട്ടിക റദ്ദാക്കി. വിദ്യാര്‍ഥികളുടെ പേരുകളല്ലാതെ യാതൊരുവിധ അനുബന്ധ വിവരങ്ങളുമില്ലാത്ത പശ്ചാത്തലത്തിലാണ് നടപടി. എന്‍ആര്‍ഐ ക്വാട്ട പട്ടികയും സമര്‍പ്പിച്ചിരുന്നില്ല.
ഏഴു നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പട്ടിക സമര്‍പ്പിക്കണമെന്നു ചൂണ്ടിക്കാട്ടിയാണ് കോളജ് പ്രിന്‍സിപ്പലിനു ജെയിംസ് കമ്മിറ്റി നോട്ടീസ് നല്‍കിയിരിക്കുന്നത്. 2016-2017 വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍, നിരസിച്ച അപേക്ഷകളും നിരസിക്കാനുണ്ടായ കാരണങ്ങളും, യോഗ്യരായി കണ്ടെത്തിയ അപേക്ഷകരുടെ വിവരങ്ങള്‍, മാനേജ്മെന്റ്, എന്‍ആര്‍ഐ ക്വാട്ടയിലേക്ക് നീറ്റ് റാങ്ക്പട്ടികയില്‍ നിന്നു മെറിറ്റ് പാലിച്ചാണ് പ്രവേശനം നടത്തിയതെന്നു തെളിയിക്കുന്ന രേഖകള്‍ തുടങ്ങിയവ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. കൂടാതെ ഇതിന്റെ പകര്‍പ്പ് ജയിംസ് കമ്മിറ്റിക്കും ഇ-മെയില്‍ വഴി ലഭ്യമാക്കണം.
അതേസമയം, കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ സ്വന്തം നിലയില്‍ നടത്തിയ പ്രവേശനം റദ്ദാക്കി. ഇവര്‍ ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള വെബ്സൈറ്റ് സജ്ജമാക്കിയിരുന്നില്ല. ആരെയെങ്കിലും സ്വന്തം ഇഷ്ടപ്രകാരം പ്രവേശിപ്പിച്ചെങ്കില്‍ അവരുടെ അഡ്മിഷന് റദ്ദാക്കിയതായി കമ്മിറ്റി അറിയിച്ചു.
19ന് അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കി 24ന് ഒന്നാംഘട്ട അലോട്ട്മെന്റും 27നു രണ്ടാംഘട്ട അലോട്ട്മെന്റും നടത്താനാണ് ഇരു കോളജുകള്‍ക്കും അനുമതി നല്‍കിയിരുന്നത്. ഇവര്‍ ഇനി എന്താണ് ചെയ്യുകയെന്നു ജയിംസ് കമ്മിറ്റി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും കോളജുകള്‍ നീറ്റ് മെറിറ്റ് ലംഘിച്ച് താഴ്ന്ന റാങ്കിലുള്ളവരെ പണം വാങ്ങി പ്രവേശനം നടത്തിയിട്ടുണ്ടെങ്കില്‍ അതും റദ്ദാക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.