|    Mar 23 Thu, 2017 5:46 pm
FLASH NEWS

സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

Published : 3rd September 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ മാനേജ്‌മെന്റുകളുമായി സീറ്റിന്റെയും ഫീസിന്റെയും കാര്യത്തില്‍ സര്‍ക്കാര്‍ ധാരണയിലെത്തിയ പശ്ചാത്തലത്തില്‍ പ്രവേശന നടപടികള്‍ക്കു തുടക്കംകുറിച്ച് പ്രവേശന പരീക്ഷാ കമ്മീഷണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 2016ലെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള രണ്ടാമത്തെയും അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ മെഡിക്കല്‍ അനുബന്ധകോഴ്‌സുകളിലേക്കുള്ള മൂന്നാമത്തെയും കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടിക്രമങ്ങളാണ് ഇന്നലെ ആരംഭിച്ചത്. പരിയാരം മെഡിക്കല്‍ കോളജും നാല് ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള കോളജുകളും ഉള്‍പ്പടെ 23 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കാണ് അലോട്ട്‌മെന്റ് ആരംഭിച്ചത്.
ഈമാസം ആറിന് ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം. ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തുന്നതിനും നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ പുനക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും പുതുതായി ചേര്‍ത്ത കോളജുകളിലേക്കും കോഴ്‌സുകളിലേക്കും ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അവസരമുണ്ടാവും. ആറിനാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. ഏഴുമുതല്‍ ഒമ്പതുവരെയുള്ള തിയ്യതികളില്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ എസ്ബിടി ശാഖകളില്‍ ഓണ്‍ലൈനായി ഫീസ് ഒടുക്കിയശേഷം ബന്ധപ്പെട്ട കോളജുകളില്‍ പ്രവേശനം നേടണം. ഒമ്പതിന് വൈകീട്ട് അഞ്ചുമണിക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കോളജ് അധികാരികള്‍ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം.
മെഡിക്കല്‍, അനുബന്ധകോഴ്‌സുകളില്‍ നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ ഈ അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ ഹോംപേജില്‍ ലഭ്യമായ കണ്‍ഫേം ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളിലെ ഫീസ് ഉയര്‍ത്തിയാണ് സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ധാരണയിലെത്തിയത്. ധാരണപ്രകാരം 80 ശതമാനം സീറ്റിലും ഫീസ് വര്‍ധിച്ചു. സര്‍ക്കാരിന് നല്‍കുന്ന 50 ശതമാനം എംബിബിഎസ് മെറിറ്റ് സീറ്റില്‍ 30 ശതമാനത്തില്‍ ഫീസ് 1.85ല്‍ നിന്ന് 2.5 ലക്ഷമായി ഉയര്‍ത്തി. ശേഷിക്കുന്ന 20 ശതമാനം സീറ്റില്‍ ബിപിഎല്‍, എസ്ഇബിസി വിദ്യാര്‍ഥികള്‍ക്കു കഴിഞ്ഞവര്‍ഷത്തെ പോലെ 25,000 രൂപ ഫീസ് തുടരും.
35 ശതമാനം മാനേജ്‌മെന്റ് സീറ്റിലെ ഫീസ് എട്ടരലക്ഷത്തില്‍ നിന്ന് 11 ലക്ഷമായി ഉയര്‍ത്തി. 15 ശതമാനം എന്‍ആര്‍ഐ സീറ്റില്‍ ഫീസ് 15 ലക്ഷമായാണു വര്‍ധിപ്പിച്ചത്. കഴിഞ്ഞവര്‍ഷം ഈ വിഭാഗത്തിന് 11.5- 12 ലക്ഷം രൂപയായിരുന്നു ഫീസ്. സ്വാശ്രയ ഡെന്റല്‍ കോളജിലെ 50 ശതമാനം മെറിറ്റ് സീറ്റില്‍ 30 ശതമാനത്തിലെ ഫീസ് 1.75ല്‍ നിന്ന് 2.10 ലക്ഷമായി ഉയര്‍ത്തി. സര്‍ക്കാരിന് നല്‍കുന്ന ശേഷിക്കുന്ന 20 ശതമാനം സീറ്റില്‍ കഴിഞ്ഞവര്‍ഷത്തെ ഫീസ് തുടരും. ഇതനുസരിച്ച് 14 ശതമാനം സീറ്റില്‍ 44,000 രൂപയും ആറുശതമാനം സീറ്റില്‍ 23,000 രൂപയുമായിരിക്കും ഫീസ്. 35 ശതമാനം മാനേജ്‌മെന്റ് സീറ്റില്‍ കഴിഞ്ഞവര്‍ഷം 4.75 ലക്ഷം രൂപയായിരുന്നത് അഞ്ചുലക്ഷമായി വര്‍ധിപ്പിച്ചു. 15 ശതമാനം എന്‍ആര്‍ഐ സീറ്റിലെ ഫീസ് 5.75 ലക്ഷത്തില്‍നിന്ന് ആറുലക്ഷമായി ഉയര്‍ത്തി. സ്വാശ്രയകോളജുകളില്‍ മാത്രമല്ല സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സഹകരണ മെഡിക്കല്‍ കോളജുകളിലും ഫീസ് കുത്തനെ ഉയര്‍ത്തി. പരിയാരം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞതവണ ആറുമുതല്‍ ഏഴുലക്ഷം വരെയായിരുന്നു മാനേജ്‌മെന്റ് സീറ്റിലെ ഫീസ്. ഇത്തവണ ഇതും 11 ലക്ഷമായി വര്‍ധിപ്പിച്ചു. സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ മാനേജ്‌മെന്റുകളുമായി ഇന്ന് സര്‍ക്കാര്‍ കരാര്‍ ഒപ്പുവയ്ക്കും.

(Visited 20 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക