|    Jan 22 Sun, 2017 7:53 pm
FLASH NEWS

സ്വാശ്രയ മെഡിക്കല്‍ ചര്‍ച്ച പരാജയം: ഫീസ് കൂട്ടണമെന്ന് മാനേജ്‌മെന്റുകള്‍; ഏകീകൃത ഫീസ് അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍

Published : 10th August 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് പ്രതിനിധികളും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. ഫീസ് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ മാനേജ്‌മെന്റുകള്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.
രണ്ടുതരം നിര്‍ദേശമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്. സര്‍ക്കാര്‍, മാനേജ്‌മെന്റ് ഉള്‍പ്പെടെ 85 ശതമാനം സീറ്റിലും 8.5 ലക്ഷം രൂപ ഏകീകൃത ഫീസ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം സ്വകാര്യമെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗത്തില്‍ ഉന്നയിച്ചു. എന്‍ആര്‍ഐ സീറ്റ് ഒഴികെയുള്ള 85 ശതമാനം സീറ്റുകളില്‍ ഫീസ് ഏകീകരിക്കണമെന്നാണ് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇതില്‍ പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള അവസരം നഷ്ടമാവുന്നതിനാല്‍ സര്‍ക്കാര്‍ ഈ നിര്‍ദേശം തള്ളി.
മൂന്നുതരം ഫീസ് നിശ്ചയിക്കുന്ന ക്രോസ് സബ്‌സിഡി നിര്‍ദേശമായിരുന്നു രണ്ടാമത്തേത്. ക്രോസ് സബ്‌സിഡിയായി ഫീസ് ഈടാക്കുന്നതിനെതിരേ സുപ്രിംകോടതി നേരത്തേ നിലപാടെടുത്തിട്ടുള്ള സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷം മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ അസോസിയേഷന്‍ പ്രതിനിധികളെ അറിയിച്ചു.
ക്രോസ് സബ്‌സിഡി അനുസരിച്ച് 20 ശതമാനം സീറ്റുകളില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസ് നിരക്കില്‍ പഠിക്കാന്‍ അവസരം നല്‍കാമെന്ന് മാനേജ്‌മെന്റുകള്‍ അറിയിച്ചു. 25 ശതമാനം സീറ്റില്‍ രണ്ടുലക്ഷം രൂപ വാര്‍ഷികഫീസ് ഈടാക്കും. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ് സര്‍ക്കാരിന് നിശ്ചയിക്കാം. 35 ശതമാനം മാനേജ്‌മെന്റ് സീറ്റുകളില്‍ 12 മുതല്‍ 13 ലക്ഷം രൂപ വരെ വാര്‍ഷികഫീസ് ഈടാക്കും. 15 ശതമാനം എന്‍ആര്‍ഐ സീറ്റില്‍ ഉയര്‍ന്ന ഫീസ് ഈടാക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.
എന്നാല്‍, ക്രോസ് സബ്‌സിഡി അനുസരിച്ച് ഫീസ് ഈടാക്കുന്നത് സംബന്ധിച്ച ആശങ്ക സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഇതുസംബന്ധിച്ച നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. നിയമോപദേശം ലഭിച്ചശേഷം വീണ്ടും മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
മെഡിക്കല്‍ കോളജുകള്‍ നടത്തിക്കൊണ്ടുപോവുന്നതിനുള്ള ചെലവ് പതിന്‍മടങ്ങ് വര്‍ധിച്ചതായി മാനേജ്‌മെന്റ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ശമ്പളത്തിനുമാത്രം പ്രതിമാസം നാലുകോടി വരെ ചെലവിടേണ്ടിവരുന്നു. അതിനാല്‍, ഇക്കാര്യംകൂടി മനസ്സിലാക്കി ഫീസ് നിശ്ചയിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച റിപോര്‍ട്ട് അസോസിയേഷന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദനും കൈമാറി. അസോസിയേഷന്‍ പ്രസിഡന്റ് കൃഷ്ണദാസ്, സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എംഇഎസ് ഇത്തവണയും ചര്‍ച്ചയില്‍ പങ്കെടുത്തില്ല.
മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷ (നീറ്റ്)യുടെ ഫലം ഈമാസം 17ന് പുറത്തുവരും. ഇതിന് പിന്നാലെ സ്വകാര്യകോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനനടപടികള്‍ ആരംഭിക്കേണ്ടതുണ്ട്. ഇതിന് മുന്നോടിയായി കോളജുകളുമായി ധാരണയിലെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 80 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക