|    Jan 20 Fri, 2017 9:39 pm
FLASH NEWS

സ്വാശ്രയ ഫുട്‌ബോളില്‍ സമനില

Published : 19th October 2016 | Posted By: SMR

ഡോ. എസ്  അബ്ദുല്‍ ഖാദര്‍

സ്വാശ്രയ ട്രോഫി ഫുട്‌ബോളില്‍ പൊതുജനാഭിപ്രായം തിരിച്ചറിഞ്ഞ് കളി ജയിക്കാനുള്ള തയ്യാറെടുപ്പോടെ ക്യാപ്റ്റന്‍ ചെന്നിത്തല നയിക്കുന്ന യുഡിഎഫ് ബ്ലാസ്റ്റേഴ്‌സ് മൈതാനത്തിലിറങ്ങി.
കോര്‍ട്ടിന്റെ കിഴക്കുവശത്ത് 2.5ഉം 11ഉം 15ഉം ലക്ഷങ്ങള്‍ മുടക്കി മെറിറ്റ്, മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകള്‍ നേടിയ കാണികള്‍ അണിനിരന്നു. 4.4 ലക്ഷത്തിനും 12 ലക്ഷത്തിനും മെറിറ്റ്, എന്‍ആര്‍ഐ സീറ്റുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കിയ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ഈ രക്തത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന മട്ടില്‍ മൈതാനത്തിന്റെ പടിഞ്ഞാറുവശത്ത് പുറത്തേക്കു നോക്കിയിരുന്നു. 25,000 രൂപ മുടക്കി സര്‍ക്കാര്‍ സീറ്റ് ലഭിച്ചവര്‍ ഇരിപ്പിടം കിട്ടാതെ നെട്ടോട്ടമോടുന്നത് കൗതുകകരമായ കാഴ്ചയായിരുന്നു.
ആവേശഭരിതനായ എല്‍ഡിഎഫ് ഡി കേരളയുടെ കോച്ച് ഫസല്‍ ഗഫൂര്‍ യുഡിഎഫ് ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചിനെ കൊഞ്ഞനംകാണിച്ച് തന്റെ ടീമിന് അവസാന നിര്‍ദേശങ്ങള്‍ നല്‍കി. റഫറി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ പരിചയക്കുറവ് തീരുമാനങ്ങളെടുക്കാന്‍ തടസ്സമാവുമോ എന്ന ആശങ്ക ഇരു ക്യാപ്റ്റന്‍മാരും മനസ്സിലിട്ട് ഡ്രിബിള്‍ ചെയ്‌തെങ്കിലും പന്ത് ഫീല്‍ഡിന് പുറത്താവാതെ ശ്രദ്ധിച്ചു.
പച്ചയും ചുവപ്പും കരുതി ലൈന്‍മാന്‍മാരായ ജെയിംസ് കമ്മിറ്റിയും ഹൈക്കോടതിയും ഇരു ക്യാപ്റ്റന്‍മാരിലും പ്രതീക്ഷയുണര്‍ത്തി കിഴക്കും പടിഞ്ഞാറും ലൈനുകളില്‍ റഫറിയെ സഹായിച്ചു. ടോസ് നേടി കളി തുടങ്ങിയ എല്‍ഡിഎഫ് ഡി കേരള ക്യാപ്റ്റന്‍ കളിയുടെ ആവേശം കയറി ഫൗള്‍ ചെയ്തപ്പോള്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്താവാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടത് തേര്‍ഡ് അംപയറായ സുപ്രിംകോടതിയുടെ സമയോചിത ഇടപെടല്‍കൊണ്ട് മാത്രമായിരുന്നു.
കളി വിരസമായ സമയത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍ ചെന്നിത്തല ഇറക്കിയ ഡീനും ഷാഫിയും ഹൈബിയും അനൂപും തുടക്കത്തില്‍ നല്ല സ്റ്റാമിന പ്രദര്‍ശിപ്പിച്ചെങ്കിലും പെട്ടെന്ന് കുഴഞ്ഞ് അവശരായി. അവരില്‍ അനൂപ് അധികം താമസിയാതെ കളം വിട്ടത് പ്ലേ മേക്കര്‍ ഉമ്മന്‍ചാണ്ടിയെ നിരാശപ്പെടുത്തി. അപ്രതീക്ഷിതമായ നീക്കത്തിലൂടെ പഴയ വഴി ഉപേക്ഷിച്ച് ബോളുമായി പെട്ടെന്ന് പടി കയറിവന്ന വി എസ്, ഷാഫിയുടെയും ഹൈബിയുടെയും കരം ഗ്രഹിച്ചത് എല്ലാവരെയും ഞെട്ടിച്ചു. അടുത്ത ക്ഷണത്തില്‍ കണ്ടത് വി എസ് പന്ത് അവരുടെ കാല്‍ക്കല്‍ ഉപേക്ഷിച്ചു മടങ്ങുന്നതാണ്. ഇരു ക്യാപ്റ്റന്‍മാരില്‍ നിന്നും സമ്മിശ്രപ്രതികരണം ക്ഷണിച്ചുവരുത്തിയ വി എസിന്റെ കളി പ്രതീക്ഷിച്ച നിലവാരത്തില്‍ എത്തിയില്ല.
വേള്‍ഡ് കപ്പ് ഫൈനലില്‍ ഫ്രാന്‍സിന്റെ ക്യാപ്റ്റന്‍ സിനദിന്‍ സിദാനെ ഇറ്റലിയുടെ മറ്റെരാസി പ്രകോപിപ്പിച്ച് ഫൗളില്‍ കുടുക്കി ചുവപ്പ് കാര്‍ഡിലൂടെ പുറത്താക്കിയ സംഭവം മനസ്സില്‍ സൂക്ഷിച്ച് കളിക്കുന്ന ചെന്നിത്തലയെയാണ് പിന്നെ കണ്ടത്. എല്‍ഡിഎഫ് ഡി കേരളയുടെ ക്യാപ്റ്റന്‍ പിണറായിയെ പിണക്കാന്‍ ‘ഒണാട്ടെ’ പല അടവുകളും പുറത്തെടുത്തു. ‘പോയി പണിനോക്ക്’ എന്ന ‘കടത്തനാടന്‍’ പ്രയോഗത്തില്‍ പിണറായി പന്ത് ബാറിനു മുകളിലൂടെ പുറത്തേക്കു പറത്തി.
മിഡ്ഫീല്‍ഡില്‍ നിന്ന് കാര്യമായ പ്ലേ മേക്കിങ് ഉണ്ടാവാതെ വന്നപ്പോള്‍ ക്യാപ്റ്റന്‍ പിണറായി ഒരവസരത്തില്‍ ഇംഗ്ലണ്ടിലും യുഎസിലും പരിശീലനം കഴിഞ്ഞ, സ്ഥിരം ഇടത് വിങില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന ഹെല്‍ത്ത് സെക്രട്ടറിയെയും പ്ലേ മേക്കര്‍ ശൈലജ ടീച്ചറെയും ഫൗള്‍ ചെയ്തുവെന്ന് ചെന്നിത്തല പരാതിപ്പെട്ടെങ്കിലും പിണറായി കൈമലര്‍ത്തിയതിനാല്‍ റഫറി ശ്രീരാമകൃഷ്ണന്‍ വഴങ്ങിയില്ല.
ഇഞ്ചുറി സമയത്ത് ഗോളിനുവേണ്ടിയുള്ള പരക്കംപാച്ചിലില്‍ ഇരു ടീമിന്റെയും ക്യാപ്റ്റന്‍മാര്‍ പരുക്കന്‍ കളിയിലേക്ക് തിരിഞ്ഞതും കഠിന ഫൗളുകള്‍ ഉണ്ടായതും കാണികളെ നിരാശരാക്കി. ശ്രദ്ധയോടെ സൂക്ഷിച്ചുകളിച്ച സെന്റര്‍ ബാക്ക് സുധീരന്‍ ബാറിനടിയിലൂടെ പന്ത് നെറ്റിലാകാതെ നോക്കി ഗോള്‍പോസ്റ്റിനടുത്തു തന്നെ കളിച്ചുകൊണ്ടിരുന്നു. അവസാനനിമിഷങ്ങളില്‍ വി ടി ബല്‍റാമിനെയും റോജി എം ജോണിനെയും ഇറക്കിയ ചെന്നിത്തല, ഗ്രൗണ്ടില്‍ പരുക്കന്‍ രീതികള്‍ പ്രദര്‍ശിപ്പിച്ചുവെങ്കിലും റഫറി ശ്രീരാമകൃഷ്ണന്റെ കണ്ണുരുട്ടലില്‍ അച്ചടക്കത്തോടെ മഞ്ഞ കാര്‍ഡ് കാണാതെ രക്ഷപ്പെട്ടു. റഫറി അവസാന വിസില്‍ ഊതുമ്പോള്‍ ആരും സ്‌കോര്‍ ചെയ്യാതെ കളി അവസാനിച്ചതില്‍ കാണികള്‍ അസ്വസ്ഥരായി.
തുടക്കം മുതല്‍ ചിയര്‍ ഗേള്‍സുകളായി എല്ലാവരിലും കൗതുകവും ആശങ്കയും ജനിപ്പിച്ച കരുണയും കെഎംസിടിയും അഞ്ചരക്കണ്ടിയും ലൈന്‍മാന്‍മാരുടെ കണ്ണുവെട്ടിച്ച് തേര്‍ഡ് അംപയറിന്റെ കനിവില്‍ 7.5 ലക്ഷത്തിന്റെ 100 സീറ്റും 10 ലക്ഷത്തിന്റെ 150 സീറ്റുമായി മൈതാനത്ത് വന്നത് എല്ലാവരെയും അദ്ഭുതപ്പെടുത്തി.
17 വരെ ഇനി വിശ്രമദിനങ്ങള്‍. കാണികള്‍ക്കും കളിക്കാര്‍ക്കും ഉദ്വേഗത്തിന്റെ ദിനങ്ങള്‍. ക്യാപ്റ്റന്‍മാര്‍ തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക