|    Mar 27 Mon, 2017 4:29 am
FLASH NEWS

സ്വാശ്രയ ഫീസ് ഘടന: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്കെതിരായ ഹരജി തള്ളി

Published : 8th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉയര്‍ന്ന ഫീസില്‍ പ്രവേശനം നടത്താന്‍ കരുണ, കണ്ണൂര്‍ എന്നീ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഫീസ് ഘടന സംബന്ധിച്ച തര്‍ക്കത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്നും പ്രവേശന നടപടികള്‍ മണിക്കൂറുകള്‍ക്കകം അവസാനിക്കുമെന്നിരിക്കെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി. കൂടിയ ഫീസ് ഈടാക്കുന്നത് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടാല്‍ തിരിച്ചുപിടിക്കാം.
അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജിനു 10 ലക്ഷവും പാലക്കാട്ടെ കരുണ മെഡിക്കല്‍ കോളജിന് 7.45 ലക്ഷം രൂപയും വാര്‍ഷിക ഫീസായി ഈടാക്കാന്‍ അനുമതി നല്‍കി കഴിഞ്ഞ മാസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യംചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ജയിംസ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ എന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
ഫീസ് ഘടന സംബന്ധിച്ച് പുറപ്പെടുവിച്ച വിജ്ഞാപനം വിവാദമായതോടെയാണ് പ്രവേശന നടപടി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കേസ് ഇന്നലെ പരിഗണിക്കാന്‍ കേരളം ആവശ്യപ്പെട്ടത്. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലും പ്രവേശനം പൂര്‍ത്തിയാക്കി ക്ലാസുകള്‍ തുടങ്ങിയതായും ഈ സാഹചര്യത്തില്‍ ഹരജി തള്ളണമെന്നും മാനേജ്‌മെന്റുകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ ഉച്ചയായി, വൈകീട്ടോടെ പ്രവേശന നടപടികള്‍ അവസാനിക്കും. ഈ സന്ദര്‍ഭത്തില്‍ എന്തു ചെയ്യാനാണെന്നും കോടതി ചോദിച്ചു. ഫീസ് ഘടന സംബന്ധിച്ച പ്രധാന കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ ഹൈക്കോടതി തന്നെ ഈ വിഷയത്തിലും തീരുമാനമെടുക്കട്ടെയെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതിനിടെ, സുപ്രിംകോടതിവിധിക്കെതിരേ സര്‍ക്കാര്‍ ഏതറ്റംവരെയും പോകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആലപ്പുഴയില്‍ പറഞ്ഞു. ഫീസ് ഘടനയുമായി ബന്ധപ്പെട്ട് രണ്ടു കോളജുകള്‍ക്ക് അനുകൂല വിധിയുണ്ടായതിനെതിരേ വീണ്ടും കോടതിയെ സമീപിക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക