|    Jul 16 Mon, 2018 8:12 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

സ്വാശ്രയ പ്രശ്‌നങ്ങള്‍ക്കു പരിഹാരം

Published : 18th October 2016 | Posted By: SMR

ഉമ്മന്‍ ചാണ്ടി

ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വാശ്രയ കോളജുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കാനുള്ള എ കെ ആന്റണി ഗവണ്‍മെന്റ് തീരുമാനം ഉന്നത പ്രഫഷനല്‍ വിദ്യാഭ്യാസരംഗത്ത് വമ്പിച്ച മാറ്റത്തിനാണ് കേരളത്തില്‍ വഴിതുറന്നത്. ഇന്ത്യയിലെമ്പാടും വിദ്യാഭ്യാസരംഗത്ത് വമ്പിച്ച മാറ്റങ്ങളുണ്ടായ അവസരത്തില്‍ കേരളം മാറ്റങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ഗവണ്‍മെന്റിന് പുതിയ പ്രഫഷനല്‍ കോളജുകള്‍ ഗവണ്‍മെന്റ് മേഖലയിലോ എയ്ഡഡ് മേഖലയിലോ ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. തന്മൂലം ഉന്നത വിദ്യാഭ്യാസം തേടി പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ ലക്ഷങ്ങള്‍ കോഴ കൊടുത്ത് അന്യസംസ്ഥാനങ്ങളില്‍ പോവേണ്ടിവന്ന സാഹചര്യമാണ് വഴിമാറി ചിന്തിക്കാന്‍ ആന്റണി ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചത്. മെച്ചപ്പെട്ട പഠനസൗകര്യങ്ങള്‍, ആയിരക്കണക്കിന് അധ്യാപക-അനധ്യാപക ജോലി അവസരങ്ങള്‍, വമ്പിച്ച മുതല്‍മുടക്ക്, ഗ്രാമങ്ങളില്‍ പോലും സ്വാശ്രയ കോളജുകള്‍ ആരംഭിച്ചതുമൂലം മുഖച്ഛായ മാറിയ നിരവധി ഗ്രാമങ്ങള്‍. ഇതിനെല്ലാം പുറമെ കുറഞ്ഞ ഫീസ് നിരക്കില്‍ പഠിക്കാന്‍ കഴിയുന്ന സാഹചര്യം. ഇതെല്ലാം ഉണ്ടായത് സ്വാശ്രയ കോളജുകള്‍ ആരംഭിച്ചതിലൂടെയാണ്.
രണ്ട് സ്വാശ്രയ കോളജ് സമം ഒരു ഗവണ്‍മെന്റ് കോളജ് എന്ന മുദ്രാവാക്യമാണ് ആന്റണി ഗവണ്‍മെന്റ് ലക്ഷ്യമിട്ടത്. സ്വാശ്രയ കോളജില്‍ 50 ശതമാനം സീറ്റില്‍ മെറിറ്റ് ക്വാട്ട. ആ സീറ്റില്‍ സര്‍ക്കാര്‍ കോളജ് ഫീസും ബാക്കി സീറ്റില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് കോളജ് നടത്തിക്കൊണ്ടുപോവാന്‍ ആവശ്യമായ നിയന്ത്രിതമായ ഫീസ് ഘടനയുമാണ് അന്നു വിഭാവന ചെയ്തിരുന്നത്. ഇതിനാവശ്യമായ കരാറിന് വിധേയമായാണ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചത്. എന്നാല്‍ ന്യൂനപക്ഷാവകാശം സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകളും ഉണ്ണികൃഷ്ണന്‍ കേസിലെയും ഇസ്‌ലാമിക് അക്കാദമി കേസിലെയും സുപ്രിംകോടതി വിധിയും മൂലം ക്രോസ് സബ്‌സിഡി പാടില്ലെന്നു വന്നതോടെ പല പ്രയാസങ്ങളും ഉയര്‍ന്നുവന്നു. എങ്കിലും 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ മെറിറ്റെന്ന ആവശ്യം പരക്കെ അംഗീകരിക്കപ്പെട്ടു.
എല്‍ഡിഎഫ് 2006ല്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്വീകരിച്ച നടപടികള്‍ ഫലത്തില്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കു സഹായകമായി. സ്വാശ്രയ മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവന്നു. പ്രതിപക്ഷം കൂടി സഹകരിച്ച് ഐകകണ്‌ഠ്യേന നിയമം പാസാക്കിയാല്‍ എല്ലാം ശരിയാവുമെന്നാണ് അവര്‍ പറഞ്ഞത്. അതിലെ നിയമ-പ്രായോഗിക ബുദ്ധിമുട്ടുകള്‍ പ്രതിപക്ഷം വ്യക്തമാക്കിയതാണ്. നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളോട് (സാമൂഹിക പ്രതിബദ്ധതയോടെ സ്വാശ്രയ കോളജുകള്‍) പ്രതിപക്ഷത്തിനും യോജിപ്പുണ്ടായിരുന്നതുകൊണ്ട് നിയമം ഐകകണ്‌ഠ്യേന പാസാക്കി. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതുപോലെ തന്നെ തുടര്‍ന്ന് കോടതികളില്‍ നിയമപോരാട്ടവും സ്വാശ്രയ കോളജുകള്‍ വലിയ പ്രതിസന്ധിയിലുമായി.
സ്വാശ്രയ കോളജുകളുടെ സാന്നിധ്യം ഉന്നത വിദ്യാഭ്യാസരംഗത്തു വന്‍ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. പക്ഷേ, അതു സാമ്പത്തികസൗകര്യമുള്ളവര്‍ക്കു മാത്രം പരിമിതപ്പെടുത്തുന്നതിനോട് യുഡിഎഫിന് യാതൊരു യോജിപ്പുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് കോടതി വിധിയുടെ തടസ്സങ്ങളുള്ളപ്പോള്‍ പോലും ഗവണ്‍മെന്റ് മെറിറ്റില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്കു കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള അവസരം വേണമെന്നു ശഠിച്ചത്. പക്ഷേ, എല്‍ഡിഎഫ് ഗവണ്‍മെന്റുകള്‍ സ്വീകരിച്ച നടപടികള്‍ ഇതിനു കടകവിരുദ്ധമായിരുന്നു. 2011-16ലെ യുഡിഎഫ് ഗവണ്‍മെന്റ് ആദ്യവര്‍ഷം ഫീസ് വര്‍ധനയൊന്നും നല്‍കിയില്ല. അടുത്ത നാലു വര്‍ഷം നാമമാത്രമായ വര്‍ധനയാണു നല്‍കിയത്. യുഡിഎഫ് 5 വര്‍ഷം കൊണ്ട് സ്വാശ്രയ കോളജുകളിലെ ഗവണ്‍മെന്റ് മെറിറ്റ് സീറ്റ് ഫീസ് 47,000 രൂപ വര്‍ധിപ്പിച്ചപ്പോള്‍ എല്‍ഡിഎഫ് 100 ദിവസത്തിനുള്ളില്‍ അത് 65,000 രൂപ വര്‍ധിപ്പിച്ചു.  ബിഡിഎസിന് ഇതിനേക്കാള്‍ വലിയ ചൂഷണമാണ് നടന്നത്. ഗവണ്‍മെന്റ് മെറിറ്റില്‍ 1.2 ലക്ഷം ആയിരുന്നത് ഒറ്റയടിക്ക് 90,000 രൂപ വര്‍ധിപ്പിച്ച് 2.1 ലക്ഷം രൂപയാക്കി.
പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഭരണസമിതി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ളതാണ്. യുഡിഎഫിന്റെ 5 വര്‍ഷവും പരിയാരത്തെ ഫീസ് മറ്റു സ്വാശ്രയ കോളജുകളില്‍ നിന്നും കുറഞ്ഞതായിരുന്നു. പുതിയ തീരുമാനത്തില്‍ എല്ലാ സ്വാശ്രയ കോളജുകളിലും എംബിബിഎസിന് ഫീസ് 65,000 രൂപ വര്‍ധിപ്പിച്ചപ്പോള്‍ പരിയാരത്തു വര്‍ധിപ്പിച്ചത് ഒരു ലക്ഷം രൂപയാണ്. 66 ശതമാനം ഫീസ് വര്‍ധന ഗവണ്‍മെന്റ് മെറിറ്റ് സീറ്റില്‍ ഏര്‍പ്പെടുത്തിയതിന് എന്തു ന്യായീകരണമാണ് ഗവണ്‍മെന്റിനും സിപിഎമ്മിനും പറയാനുള്ളത്.
പുതിയ ഗവണ്‍മെന്റ് വന്ന് അധികം വൈകാതെ സ്വാശ്രയ കോളജ് സംബന്ധിച്ച പല തീരുമാനങ്ങളും എടുക്കേണ്ടതായിവന്നു. ആരെയും വിശ്വാസത്തിലെടുക്കാതെ, കാര്യങ്ങള്‍ വിശദമായി പഠിക്കാതെ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയവര്‍ മാനേജ്‌മെന്റിന്റെ ആവശ്യം മാത്രമാണ് പരിഗണിച്ചത്. യുഡിഎഫ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ എടുത്ത നടപടികള്‍ പരിശോധിച്ചിരുന്നുവെങ്കില്‍ ഒറ്റയടിക്ക് ഗവണ്‍മെന്റ് മെറിറ്റ് സീറ്റില്‍ ഇത്രയും വലിയ ഫീസ് വര്‍ധന അനുവദിക്കുമായിരുന്നില്ല. ഇതിനു മുഖ്യമന്ത്രി പറഞ്ഞ ന്യായം കാപിറ്റേഷന്‍ ഫീസ് ഇനി ഉണ്ടാവില്ല എന്നാണ്. എന്താണ് യഥാര്‍ഥത്തില്‍ നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ നടക്കുന്ന പ്രവേശനത്തിന് ചില കോളജുകള്‍ തലവരിപ്പണം, ബാങ്ക് ഗ്യാരന്റി, റീഫണ്ടബിള്‍ ഡെപ്പോസിറ്റ് തുടങ്ങിയ പേരുകളിലായി ലക്ഷങ്ങളുടെ നിര്‍ബന്ധിത പിരിവ് നടത്തുന്നതായി ജെയിംസ് കമ്മിറ്റി മുമ്പാകെ വന്നിട്ടുള്ള പരാതികള്‍ മുഖ്യമന്ത്രിയുടെ വാദഗതികളുടെ പൊള്ളത്തരം വെളിവാക്കുന്നു.
എല്ലാ സീറ്റുകളും ഏറ്റെടുത്ത ഗവണ്‍മെന്റ് ഉത്തരവും അതിനു കോടതിയില്‍നിന്നു തിരിച്ചടി കിട്ടിയപ്പോള്‍ അപ്പീല്‍ പോലും പോവാതെ ഗവണ്‍മെന്റ് കീഴടങ്ങിയതും ഒപ്പുവയ്ക്കാത്ത കോളജുകളിലെ പ്രവേശനത്തില്‍ ഗവണ്‍മെന്റ് കേവലം മാപ്പുസാക്ഷിയായി മാറിയതുമെല്ലാം കഴിഞ്ഞകാല നടപടികള്‍ പരിശോധിക്കാത്തതിനാലും സ്വന്തം ഉദേ്യാഗസ്ഥരെ പോലും വിശ്വാസത്തിലെടുക്കാത്തതുകൊണ്ടുമാണ്.
യുഡിഎഫിന്റെ അഞ്ചു വര്‍ഷവും സ്വാശ്രയ കോളജ് ഫീസിന്റെ പേരില്‍ അക്രമസമരങ്ങള്‍ നടത്തിയവരാണ് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും. യുഡിഎഫ് നാമമാത്രമായ ഫീസാണ് ഓരോ വര്‍ഷവും വര്‍ധിപ്പിച്ചത്. ഇപ്പോഴത്തെ വന്‍ വര്‍ധനയ്‌ക്കെതിരേ അവര്‍ ശബ്ദിക്കുന്നില്ല. ഗവണ്‍മെന്റും സിപിഎമ്മും ഈ വന്‍ വര്‍ധനയെ ന്യായീകരിക്കുന്നു. യൂത്ത് കോണ്‍ഗ്രസും യുഡിഎഫും നടത്തിയ സമരത്തിലൂടെ സിപിഎമ്മിന്റെ സ്വാശ്രയരംഗത്തെ കള്ളക്കളി പുറത്തുവന്നിരിക്കുകയാണ്.
സ്വാശ്രയരംഗത്തെ ഇന്നത്തെ പ്രശ്‌നങ്ങളുടെ ഉത്തരവാദി എ കെ ആന്റണിയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം എ കെ ആന്റണിക്കല്ല, പിണറായി വിജയനാണ് ചേരുന്നത്. സാമൂഹിക പ്രതിബദ്ധതയോടെ സ്വാശ്രയ കോളജുകള്‍ എന്ന ആന്റണിയുടെ കാഴ്ചപ്പാട് അട്ടിമറിച്ചത് കോടതി വിധിയും ചില മാനേജ്‌മെന്റുകളുടെ സ്വാര്‍ഥ താല്‍പര്യവും സിപിഎമ്മിന്റെ രാഷ്ട്രീയലക്ഷ്യത്തോടു കൂടിയ സമരങ്ങളുമാണ്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു യാഥാര്‍ഥ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇനി ഗവണ്‍മെന്റിന്റെ ചുമതല സ്വാശ്രയ കോളജുകളില്‍ മെച്ചപ്പെട്ട പഠനസൗകര്യവും അടിസ്ഥാന സൗകര്യവും ഉറപ്പുവരുത്തുക, പരമാവധി കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ സൗകര്യമുണ്ടാക്കുക, തലവരിപ്പണവും ബാങ്ക് ഗ്യാരന്റിയും റീഫണ്ടബിള്‍ ഡെപ്പോസിറ്റും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക, സുപ്രിംകോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ്. അതിനുള്ള സുവര്‍ണാവസരമാണ് ആദ്യവര്‍ഷം തന്നെ പിണറായി ഗവണ്‍മെന്റ് നഷ്ടപ്പെടുത്തിയത്.
സ്വാശ്രയമേഖലയില്‍ ഓരോ അധ്യയനവര്‍ഷവും പ്രശ്‌നമുണ്ടാകുന്ന രീതി അവസാനിക്കണം. നീറ്റ് മെറിറ്റില്‍നിന്നും അടുത്ത വര്‍ഷം മുതല്‍ പ്രവേശനം നിര്‍ബന്ധമാവുന്നതോടെ പ്രവേശനം സംബന്ധിച്ച പല പരാതികള്‍ക്കും പരിഹാരമാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss