|    Oct 21 Sat, 2017 10:35 am
Home   >  Todays Paper  >  Page 1  >  

സ്വാശ്രയ പ്രവേശനത്തില്‍ തീവെട്ടിക്കൊള്ളയെന്ന് പ്രതിപക്ഷം

Published : 27th September 2016 | Posted By: SMR

തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ ആദ്യദിനം തന്നെ പ്രതിപക്ഷബഹളത്തില്‍ മുങ്ങി. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയമാണ് നിയമസഭയെ പ്രക്ഷുബ്ധമാക്കിയത്. ഫീസ് വര്‍ധനക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന സമരത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ചര്‍ച്ചയ്ക്കു തയ്യാറാവണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സ്പീക്കര്‍ സഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തുടര്‍ന്ന് ഭരണ-പ്രതിപക്ഷ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ ഒത്തുതീര്‍പ്പുവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഒരു മണിക്കൂറിനു ശേഷം സഭാനടപടികള്‍ പുനരാരംഭിക്കുകയായിരുന്നു.
മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാറാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. സ്വാശ്രയ മെഡിക്കല്‍ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലിന്റെ ഫലമായി മെറിറ്റ് സീറ്റില്‍ ഗണ്യമായ വര്‍ധനവുണ്ടായതായും മാനേജ്‌മെന്റുമായി ഉണ്ടാക്കിയ കരാറില്‍ തെറ്റില്ലെന്നും അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കിയ ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. കെഎസ്‌യുവിനു പോലും ഇക്കാര്യത്തില്‍ പരാതിയില്ല. അതുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ്സുകാരെ ഇറക്കിവിട്ടിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കരാറില്‍ ഒപ്പുവച്ച ശേഷം എംഎല്‍എമാരില്‍ ചിലരുടെ മക്കള്‍ക്ക് സ്വാശ്രയ കോളജില്‍ ഫീസ് സൗജന്യം ലഭിച്ചെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷനിരയിലെ എംഎല്‍എമാര്‍ക്കു നേരെ ദുസ്സൂചന നടത്തുന്ന പരാമര്‍ശം മന്ത്രി പിന്‍വലിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. മന്ത്രി തന്നെ വിശദീകരിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചതോടെയാണ് പ്രതിപക്ഷബഹളം അടങ്ങിയത്. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നു പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറി.
കഴിഞ്ഞ അഞ്ചു വര്‍ഷം സ്വാശ്രയ മേഖലയിലെ ഫീസ് വര്‍ധന ശരാശരി 6.7 ശതമാനം മാത്രമായിരുന്നെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യവര്‍ഷം തന്നെ 35.1 ശതമാനം വര്‍ധന നല്‍കിയിരിക്കുകയാണെന്ന് വി എസ് ശിവകുമാര്‍ കുറ്റപ്പെടുത്തി. മാനേജ്‌മെന്റുകളുമായി ഒത്തുകളിച്ച് സര്‍ക്കാര്‍ തീവെട്ടിക്കൊള്ളയാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക