|    Nov 21 Tue, 2017 7:32 pm
FLASH NEWS

സ്വാശ്രയ പ്രവേശനം – സ്‌പോട്ട് അലോട്ട്‌മെന്റിലൂടെ കൊള്ള നടത്താനുള്ള ശ്രമം: യൂത്ത് കോണ്‍ഗ്രസ്

Published : 3rd August 2017 | Posted By: fsq

 

പത്തനംതിട്ട: കേരളത്തില്‍ സ്വാശ്രയ എംബിബിഎസ്, ബിഡിഎസ് പ്രവേശനം മനപൂര്‍വം വൈകിപ്പിച്ച് സ്‌പോട്ട് അലോട്ട്‌മെന്റിലൂടെ കൊള്ള നടത്താനുള്ള ശ്രമം അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വാശ്രയ പ്രവേശനത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സര്‍ക്കാരിനാകില്ല. അലോട്ട്‌മെന്റ് അവസാനഘട്ടത്തിലെത്തിയിട്ടും ഫീസിനെക്കുറിച്ചു പോലും തീരുമാനമില്ല. നീറ്റിലൂടെ ഏകീകൃത പ്രവേശനവും ഫീസ് ഘടനയും നടപ്പാക്കാന്‍ കഴിയുമായിരുന്നു. കഴിഞ്ഞവര്‍ഷം തന്നെ സുപ്രീംകോടതി ഉത്തരവ് വന്നതാണ്. ഇതനുസരിച്ച് തീരുമാനമെടുക്കുന്നതിനു സര്‍ക്കാര്‍  തയാറായില്ല. സ്വാശ്രയ ഓര്‍ഡിനന്‍സു തന്നെ മാറ്റിമറിച്ചു. ഫീസ് നിര്‍ണയസമിതിയുടെ രൂപീകരണത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. ഫീസ് നിര്‍ണയസമിതി തയാറാക്കിയ ഫീസ് ഘടന ഗവണ്‍മെന്റു തന്നെ അട്ടിമറിച്ചു. സര്‍ക്കാരിന്റെ ഓരോ തീരുമാനങ്ങളും നിയമപ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയും കോളജുകള്‍ക്ക് കോടതിയില്‍ പോകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുകയാണുണ്ടായതെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഒരു അലോട്ട്‌മെന്റ് മാത്രം നടത്തുന്നതിലൂടെ 40 ശതമാനം സീറ്റെങ്കിലും മെഡിക്കല്‍ കോളജുകളില്‍ ഒഴിവുവരും. ഇത്തരം സീറ്റുകളിലൂടെ സ്‌പോട്ട് അലോട്ട്‌മെന്റിലൂടെ കച്ചവടം നടത്താനുള്ള ശ്രമമാണ് മാനേജ്‌മെന്റുകള്‍ നടത്തുന്നത്. ഇതിന് ഒത്താശ ചെയ്യുന്ന സര്‍ക്കാര്‍ സമീപനം അംഗീകരിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷമുണ്ടായിരിക്കുന്ന പരസ്യച്ചെലവുകള്‍ ഭീമമാണ്. സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷത്തിന്റെ പരസ്യച്ചെലവ് 15 കോടിയാണ്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ നേതൃത്വം നല്‍കുന്ന  സ്വകാര്യ ഏജന്‍സിക്ക് 42,47,812  രൂപയ്ക്കാണ് കരാര്‍ നല്‍കിയത്. സ്വജനപക്ഷപാതപരമായ സമീപനമാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നതെന്നും ഡീന്‍ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക