|    Oct 24 Tue, 2017 3:24 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

സ്വാശ്രയ പ്രവേശനം തോന്നുംപടി; ജെയിംസ് കമ്മിറ്റിക്ക് പരാതി

Published : 6th September 2016 | Posted By: SMR

തിരുവനന്തപുരം: മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ട ഫീസ് ഉയര്‍ത്തി നല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിസന്ധി പരിഹരിച്ചെന്ന് അവകാശപ്പെടുമ്പോഴും സ്വാശ്രയ മെഡിക്കല്‍ പ്രവേശനം തോന്നുംപടി. പ്രവേശനത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ സുതാര്യത ഉറപ്പാക്കുന്നില്ലെന്നാരോപിച്ച് നിരവധി പരാതികളാണ് ജെയിംസ് കമ്മിറ്റിക്ക് മുന്നിലെത്തിയിരിക്കുന്നത്.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള അവസരം നിഷേധിക്കുന്ന മാനേജ്‌മെന്റുകള്‍ക്ക് എതിരേയാണ് പരാതി. അതേസമയം, പ്രവേശനത്തില്‍ സുതാര്യത ഉറപ്പാക്കാത്ത സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടെങ്കിലും ഓണ്‍ലൈന്‍ പ്രവേശനത്തില്‍ പ്രശ്‌നങ്ങളുണ്ട്.
എംബിബിഎസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ കഴിയുന്നില്ലെന്ന നിരവധി പരാതികളാണ് ജെയിംസ് കമ്മിറ്റിക്ക് കിട്ടിയത്. പല കോളജുകളുടെയും വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമല്ല. ഈ സാഹചര്യത്തിലാണ് ജെയിംസ് കമ്മിറ്റി പ്രത്യേക നിര്‍ദേശം ഇറക്കിയത്. ഓണ്‍ലൈന്‍ വഴി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ അവസരം ഒരുക്കണമെന്നാണ് നിര്‍ദേശം. ഓണ്‍ലൈന്‍ അല്ലാതെ നടത്തുന്ന പ്രവേശനങ്ങള്‍ അംഗീകരിക്കില്ലെന്നാണ് ജെയിംസ് കമ്മിറ്റിയുടെ മുന്നറിയിപ്പ്. നേരത്തേ തന്നെ ചില കോളജുകള്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതാകാം വെബ്‌സൈറ്റ് നിശ്ചലമാവാനുള്ള കാരണമെന്ന സംശയം ഉയരുന്നുണ്ട്. ആറുവരെയാണ് അപേക്ഷിക്കാനുള്ള സമയം. അതേസമയം, കരാര്‍ ഒപ്പിട്ടത് ശനിയാഴ്ചയാണെന്നും ഞായറാഴ്ച അവധിദിവസമായത് കൊണ്ടാണ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയാത്തതെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ വിശദീകരിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക