|    Jan 24 Tue, 2017 4:39 am

സ്വാശ്രയ ചൂഷണം: ആരു ചോദിക്കാന്‍?

Published : 2nd October 2016 | Posted By: SMR

slug-enikku-thonnunnathuകബീര്‍ പോരുവഴി, കൊല്ലം

സംസ്ഥാനത്തെ വിദ്യാഭ്യാസമേഖല ദുഷിച്ചുനാറുന്നു. സ്വകാര്യ മാനേജ്‌മെന്റുകളുടെ സൗകര്യത്തിനും താല്‍പര്യത്തിനും വിധേയമായിട്ടാണ് സര്‍ക്കാര്‍ സ്‌കൂളുകളും കോളജുകളും പ്രവര്‍ത്തിക്കുന്നത്. പുസ്തകം ലഭ്യമാക്കാതെയും അധ്യാപകരെ സമയത്തു നിയമിക്കാതെയും വൈകി നിയമിച്ചും സാധാരണക്കാരായ കുട്ടികള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളെ ശ്വാസംമുട്ടിക്കുകയല്ലേ ഗവണ്‍മെന്റ് ചെയ്യുന്നത്?
സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഡിവിഷന്‍ അനുവദിക്കുകയോ മതിയായ അധ്യാപകരെ നിയമിക്കുകയോ ചെയ്യാറില്ല. അതേയവസരം, മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ഇല്ലാത്ത കുട്ടികളെ ഒപ്പിച്ചുവച്ച് ഡിവിഷന്‍ ഉണ്ടാക്കിയാല്‍ അവിടെ പുതിയ ഡിവിഷനും അധ്യാപക നിയമനവും കൃത്യമായി നടത്താന്‍ ഗവണ്‍മെന്റുകള്‍ തയ്യാറാവുന്നു. ഇടതുമുന്നണി അധികാരമേറ്റപ്പോള്‍ വിദ്യാഭ്യാസമേഖലയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് പൊതുസമൂഹം വച്ചുപുലര്‍ത്തിയത്. പക്ഷേ, പ്രതീക്ഷ അസ്ഥാനത്തായിരുന്നു. പാഠപുസ്തകങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. ഇപ്പോള്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കു കീഴടങ്ങി മെഡിക്കല്‍ വിദ്യാഭ്യാസം തീവെട്ടിക്കൊള്ളയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.
മെഡിക്കല്‍ പ്രവേശനത്തിനു മേല്‍നോട്ടം വഹിക്കുന്ന ജയിംസ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ മറികടക്കുക, സ്വന്തം താല്‍പര്യം മുന്‍നിര്‍ത്തി സ്വന്തമായി പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുക, ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കേണ്ട സമയം വെട്ടിച്ചുരുക്കുക, അര്‍ഹരായവര്‍ അപേക്ഷിക്കാതിരിക്കാന്‍ സൈറ്റില്‍ തകരാര്‍ വരുത്തുക, തന്നിഷ്ടപ്രകാരം കൗണ്‍സലിങ് നടത്തുക, മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി പ്രവേശനം നടത്തുക, ഏജന്‍സികളെ വച്ചു വിലപേശല്‍ നടത്തുക, സര്‍ക്കാരിനെ വെല്ലുവിളിക്കുക എന്നതൊക്കെ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ തലവരി വാങ്ങുന്ന വിവരങ്ങളും പുറത്തുവന്നിരിക്കുന്നു.
ഇതൊക്കെ അധികാരത്തിലെത്താനും തിരഞ്ഞെടുപ്പു പ്രചാരണം കൊഴുപ്പിക്കാനും സഹായിച്ചവരോടുള്ള പ്രത്യുപകാരമാണെന്നു കരുതുന്നതില്‍ തെറ്റില്ല. സ്വാശ്രയ പ്രവേശന നടപടിയുടെ എല്ലാ ഘട്ടങ്ങളിലും ഗവണ്‍മെന്റിന്റെ അനുഭാവ നിലപാട് പ്രകടമായിരുന്നു. സുപ്രിംകോടതിയില്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിച്ചതില്‍ തന്നെ അതു വ്യക്തമാണ്. മാനേജ്‌മെന്റിനെ സഹായിക്കുംവിധമാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ കേസ് വാദിച്ചത്. കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടു. ഇത് ഒത്തുകളി തന്നെ. സ്വാശ്രയ മാനേജ്‌മെന്റിനെ കൊള്ള നടത്താന്‍ ഗവണ്‍മെന്റ് അനുവദിക്കുകയായിരുന്നു.
സര്‍ക്കാര്‍ അംഗീകരിച്ച ഫീസ് നിരക്കുതന്നെ ഒത്തുകളിക്കു തെളിവാണ്. 2012ല്‍ നിലവിലെ ഫീസ് നിരക്കിന്റെ 8.7 ശതമാനവും 2013ല്‍ 10 ശതമാനവും 2015ല്‍ 5.7 ശതമാനവും വര്‍ധിപ്പിച്ചപ്പോള്‍ ഈ ഗവണ്‍മെന്റ് 2016ല്‍ 35.5 ശതമാനമാണ് വര്‍ധിപ്പിച്ചത്. മാനേജ്‌മെന്റ് സീറ്റുകള്‍ക്ക് 8.5 ലക്ഷമെന്നത് 11 ലക്ഷമാക്കി ഉയര്‍ത്തി. എന്‍ആര്‍ഐ സീറ്റിന് 12.5 ലക്ഷം രൂപ ഉയര്‍ത്തി 15 ലക്ഷമാക്കി. അതുകൊണ്ടും തൃപ്തിയാവാതെ നിയമത്തെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഉള്ളില്‍നിന്നു തകര്‍ത്തു. മാത്രമല്ല, മുമ്പൊക്കെ ഇത്തരം തീവെട്ടിക്കൊള്ളയ്‌ക്കെതിരേ സമരരംഗത്തിറങ്ങാനും ഇത്തരം സ്ഥാപനങ്ങള്‍ കൈയേറാനും എസ്എഫ്‌ഐ മുന്നിട്ടിറങ്ങുമായിരുന്നു. എന്നാല്‍, ഇന്നു സംസ്ഥാനത്ത് ഇങ്ങനെയൊരു സംഘടനയുണ്ടോ എന്നു ഗണിച്ചുനോക്കേണ്ട സ്ഥിതിയാണുള്ളത്.
സമൂഹത്തെ ജാതി-മത-വര്‍ഗവിഭാഗങ്ങളായി ഭിന്നിപ്പിച്ച് വോട്ട് നേടാന്‍ ജാതികളെയും സമുദായ നടത്തിപ്പുകാരെയും ഉപയോഗപ്പെടുത്തി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് അധികാരം വേണം. അതിനു വോട്ട് കിട്ടണം. ഇതിനിടയില്‍ എന്തു മര്യാദ, എന്തു സദാചാരം എന്നൊക്കെ ചിന്തിക്കുന്നതാണ് യുക്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക