|    Apr 23 Sun, 2017 5:22 pm
FLASH NEWS

സ്വാശ്രയ കൊള്ളയ്‌ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം ഇന്ന് മുതല്‍

Published : 20th September 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റിന്റെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഇന്നു മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് നിരാഹാര സമരം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസാരിക്കും.
ആദ്യഘട്ടം സംസ്ഥാന പ്രസിഡന്റ് ഡീന്‍കുര്യാക്കോസും വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷിന്റേയും നേതൃത്വത്തിലാണ് നിരാഹാരം ആരംഭിക്കുന്നത്. തുടര്‍ന്ന് സംസ്ഥാന ഭാരവാഹികളും പങ്കെടുക്കും. വൈകീട്ട് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പ്രകടനമായി എത്തിയാണ് നിരാഹാരം ആരംഭിക്കുന്നത്. മെറിറ്റ് സീറ്റിലെ ഫീസ് 35 ശതമാനം വര്‍ധിപ്പിക്കുകയും പാവപ്പെട്ട വിദ്യാര്‍ഥികള്‍ പഠനം നടത്തിയിരുന്ന അഞ്ച് ശതമാനം സീറ്റ് സര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുകയുമാണ്. ഇതിലൂടെ മാനേജ്‌മെന്റുകള്‍ക്ക് തലവരിപ്പണം വാങ്ങുന്നതിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും ഡീന്‍ കുറ്റപ്പെടുത്തി.
തലവരിപ്പണം വാങ്ങുന്നതിന് നീറ്റ് മെറിറ്റ് അട്ടിമറിക്കുന്നതിലൂടെ വന്‍ അഴിമതിയാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് സ്‌കാര്യ കോളജ് മാനേജ്‌മെന്റുകളില്‍ നിന്നും സിപിഎം നേതൃത്വം കോടിക്കണക്കിന് രൂപ വാങ്ങിയതിനുള്ള പ്രത്യുപകാരമാണ് നേരത്തേതന്നെ മൂന്ന് പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സീറ്റുകള്‍ വേണ്ടെന്ന് വച്ചത്.
ഫീസില്‍ വരുത്തിയ ക്രമാതീതമായ വര്‍ധനവ് മാനേജ്‌മെന്റുകളില്‍ നിന്നും സിപിഎം വാങ്ങിയ പണം വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കുന്നതിന്റെ ഭാഗമായിട്ടാണ്. സര്‍ക്കാര്‍ നിയന്ത്രിത കോളജായ പരിയാരത്തും ഫീസിനത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അതിനാല്‍ വന്‍തുക കൈപറ്റി മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായി ഉണ്ടാക്കിയ കരാര്‍ പൊളിച്ചെഴുതണമെന്നും ഡീന്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എം ബാലുവും പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day