|    Nov 24 Fri, 2017 3:05 pm
Home   >  Todays Paper  >  Page 5  >  

സ്വാശ്രയ കരാര്‍ ഏകപക്ഷീയം; സര്‍ക്കാരിനെതിരേ സിപിഐ

Published : 5th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് കത്തിപ്പടര്‍ന്നിരിക്കുന്ന സ്വാശ്രയവിഷയത്തില്‍ സിപിഐയില്‍ രൂക്ഷമായ അഭിപ്രായഭിന്നത. ഇന്നലെ ചേര്‍ന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിലാണ് സ്വാശ്രയ വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരേ വിമര്‍ശനമുയര്‍ന്നത്. പ്രതിപക്ഷം സ്വാശ്രയവിഷയം ഏറ്റെടുത്തത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിച്ചുവെന്നും പ്രതീക്ഷിച്ചതില്‍നിന്നും വിരുദ്ധമായി പ്രതിപക്ഷത്തിന് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിഞ്ഞുവെന്നും സംസ്ഥാന നിര്‍വാഹകസമിതിയില്‍ അഭിപ്രായമുയര്‍ന്നു. സമരം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. സ്വാശ്രയവിഷയത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാടും യോഗത്തില്‍ വിമര്‍ശനവിധേയമായി.
മന്ത്രിസഭയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി സ്വാശ്രയ മാനേജ്‌മെന്റുകളുമായി കരാറുണ്ടാക്കിയതിനെയും യോഗത്തില്‍ സംസാരിച്ച അംഗങ്ങള്‍ വിമര്‍ശിച്ചു. എന്നാല്‍, സ്വാശ്രയപ്രശ്‌നത്തില്‍ പ്രതിപക്ഷ സമരം അനാവശ്യമാണെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍, കാനം രാജേന്ദ്രന്റെയും വി എസ് സുനില്‍കുമാറിന്റെയും അഭിപ്രായങ്ങള്‍ക്കെതിരേ ഒരുവിഭാഗം രംഗത്തുവന്നു. കരാറിന്റെ കാര്യം ഔദ്യോഗികമായി സിപിഐയെ അറിയിച്ചിട്ടില്ലെന്നും അംഗങ്ങള്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. എല്‍ഡിഎഫിന് കത്ത് നല്‍കുക മാത്രമല്ല, അടുത്ത മുന്നണി യോഗത്തില്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, കത്ത് നല്‍കിയാല്‍ അത് മാധ്യമങ്ങള്‍ വിവാദമാക്കുമെന്ന് കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഇക്കാര്യം അറിയിക്കാമെന്ന് കാനം രാജേന്ദ്രന്‍ യോഗത്തില്‍ വിശദീകരിച്ചതോടെയാണ് ഇതുസംബന്ധിച്ച തര്‍ക്കം ഒഴിവായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക