|    Mar 25 Sat, 2017 3:32 am
FLASH NEWS

സ്വാശ്രയ എന്‍ജിനീയറിങ് : മാനേജ്‌മെന്റ് സീറ്റ് പ്രവേശനത്തിന് മെയ് 25ന് പ്രത്യേക പരീക്ഷ

Published : 24th February 2016 | Posted By: G.A.G

exam

തിരുവനന്തപുരം : സ്വാശ്രയ എ ന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ് സീറ്റുകളിലെ വിദ്യാര്‍ഥി പ്രവേശനത്തിനായി ജസ്റ്റിസ് ജെയിംസ് കമ്മിറ്റി മെയ് 25ന് പ്രത്യേക പരീക്ഷ നടത്തും. സുപ്രിംകോടതിയുടെ വിധിയനുസരിച്ച് മെയ് 31നകം പരീക്ഷ നടത്തണമെന്നാണു നിര്‍ദേശം. മാര്‍ച്ച് 13ന് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിക്കും.
കേരള സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷനാണ് പ്രവേശന പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടതിന്റെയും അപേക്ഷ സ്വീകരിക്കേണ്ടതിന്റെയും ചുമതല. പ്രഫഷനല്‍ കോഴ്‌സുകളുടെ പ്രവേശന, ഫീസ് നിര്‍ണയ മേല്‍നോട്ടസമിതിയായ ജെയിംസ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാവണം വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടത്. പൊതു അറിയിപ്പിനായി ഇതു പത്രങ്ങളിലും പ്രസിദ്ധീകരിക്കണം. അസോസിയേഷന്‍ തയ്യാറാക്കിയ ഷെഡ്യൂള്‍ പ്രകാരം മെയ് 15വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകരുടെ പട്ടിക 16ന് ജെയിംസ് കമ്മിറ്റിക്ക് സമര്‍പ്പിക്കും. മെയ് 25ന് നടത്തുന്ന പരീക്ഷയുടെ ഉത്തരസൂചിക ജെയിംസ് കമ്മിറ്റിയായിരിക്കും പ്രസിദ്ധീകരിക്കുക. ജൂ ണ്‍ അഞ്ചിനകം ഫലം പ്രസിദ്ധീകരിക്കും. റാങ്ക് പട്ടിക അസോസിയേഷന് കൈമാറും. അതില്‍ നിന്ന് അവര്‍ക്ക് അലോട്ട്‌മെന്റ് നടത്താം.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷ നടത്താനാണു തീരുമാനം. അപേക്ഷകര്‍ കൂടുതലുണ്ടെങ്കില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരീക്ഷ നടത്തുമെന്ന് ജസ്റ്റിസ് ജെയിംസ് അറിയിച്ചു. സുപ്രിംകോടതിയുടെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്തായിരിക്കും പ്രവേശന നടപടികള്‍. എഐസിടിഇ മാനദണ്ഡം അനുസരിച്ച് നിലവിലെ പ്രവേശന പരീക്ഷകളുടെ മാതൃകയില്‍ത്തന്നെയായിരിക്കും മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷയും നടത്തുക. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന പരീക്ഷയില്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ചേര്‍ക്കാതെയുള്ള (പ്രീ നോര്‍മലൈസേഷന്‍) പട്ടികയില്‍നിന്ന് മാനേജ്‌മെന്റ് സീറ്റിലേക്കു പ്രവേശനം നല്‍കുന്ന രീതി അവസാനിപ്പിക്കാനും ജെയിംസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പരീക്ഷ നടത്തണമെന്ന കെഎസ്എഫ്ഇസിഎംഎയുടെ അഭ്യര്‍ഥന കണക്കിലെടുത്താണു പ്രത്യേക പരീക്ഷ നടത്താന്‍ ജെയിംസ് കമ്മിറ്റി സന്നദ്ധത അറിയിച്ചത്. എന്‍ജിനീയറിങ് മാനേജ്‌മെന്റ് അസോസിയേഷന് കീഴില്‍ 104 എന്‍ജിനീയറിങ് കോളജുകളാണുള്ളത്.

(Visited 174 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക