|    Jan 22 Sun, 2017 5:12 am
FLASH NEWS

സ്വാശ്രയ എന്‍ജി. കോളജുകളില്‍ കുട്ടികള്‍ കുറവ്; സ്ഥാപനങ്ങളെ നിരീക്ഷിക്കും: സാങ്കേതിക സര്‍വകലാശാല

Published : 26th August 2016 | Posted By: SMR

തിരുവനന്തപുരം: കുറവ് വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളുടെ പ്രവര്‍ത്തനത്തില്‍ സാങ്കേതിക സര്‍വകലാശാലയുടെ മൂക്കുകയര്‍. വിദ്യാര്‍ഥികള്‍ കുറഞ്ഞ കോളജുകളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് സര്‍വകലാശാല മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ഥികള്‍ കുറവാണെന്ന പേരില്‍ അധ്യാപനത്തിലോ പഠനപ്രവര്‍ത്തനങ്ങളിലോ ഒരു വീഴ്ചയുമുണ്ടാവാന്‍ പാടില്ലെന്ന് വൈസ് ചാന്‍സലര്‍ കുഞ്ചെറിയ പി ഐസക്കും പ്രോ വൈസ് ചാന്‍സലര്‍ പ്രഫ. എം അബ്ദുറഹ്മാനും മാനേജ്‌മെന്റുകളോട് നിര്‍ദേശിച്ചു.
കോളജുകള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ വിദ്യാര്‍ഥികളെ സമീപ കോളജുകളിലേക്ക് മാറ്റാന്‍ സര്‍വകലാശാല സഹായം ചെയ്യാമെന്നും ഇരുവരും അറിയിച്ചു. ഇത്തവണ 60 വിദ്യാര്‍ഥികള്‍ പോലും പ്രവേശനം നേടാത്ത 12 കോളജുകളുടെ മാനേജ്‌മെന്റുമായി സര്‍വകലാശാല അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഈ 12 കോളജുകളിലെ ചില ബാച്ചുകളില്‍ രണ്ടും മൂന്നും വിദ്യാര്‍ഥികള്‍ മാത്രമാണുള്ളത്.
കഴിഞ്ഞ വര്‍ഷവും വിദ്യാര്‍ഥികള്‍ കുറഞ്ഞ 13 കോളജുകളുമായി സര്‍വകലാശാല ചര്‍ച്ച നടത്തിയിരുന്നു. മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടാല്‍ വിദ്യാര്‍ഥികളെ സമീപ കോളജുകളിലേക്ക് മാറ്റാമെന്ന് സര്‍വകലാശാല നിര്‍ദേശം വച്ചെങ്കിലും വിദ്യാര്‍ഥികള്‍ കുറഞ്ഞ കോളജ് മാനേജ്‌മെന്റുകള്‍ ഇതിന് തയ്യാറായിരുന്നില്ല. ഈ കോളജുകളിലെ വീഴ്ച പരിശോധിച്ച സര്‍വകലാശാല, ആവശ്യത്തിന് സൗകര്യങ്ങളും ഗുണനിലവാരം കുറഞ്ഞതിന്റെയും പേരില്‍ അഞ്ചുകോളജുകളുടെ അംഗീകാരം റദ്ദാക്കിയിരുന്നു.
ഇത്തവണ സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശന നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ സാങ്കേതിക സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളില്‍ 19,644 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതില്‍ 13,000 സീറ്റുകളും മെറിറ്റ് സീറ്റുകളാണ്. ഒരു കുട്ടി പോലും പ്രവേശനം നേടാത്ത 15 ബാച്ചുകളുണ്ട്. സ്വാശ്രയ കോളജുകളിലാണ് ഭൂരിപക്ഷം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ കോളജുകളില്‍ നൂറുശതമാനം സീറ്റുകളിലും വിദ്യാര്‍ഥികള്‍ ചേര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് സാങ്കേതികസര്‍വകലാശാലയുടെ അടിയന്തര ഇടപെടല്‍.
സ്വാശ്രയം: മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കുഞ്ഞാലിക്കുട്ടി
തിരുവന്തപുരം: നിയമ നടപടികളിലേക്കും പ്രശ്‌ന സങ്കീര്‍ണതകളിലേക്കും സ്വാശ്രയ പ്രവേശനം എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി.
താരതമ്യേന പ്രശ്‌നരഹിതമായ മുന്‍വര്‍ഷങ്ങളില്‍ നിന്നു വിഭിന്നമായി പുതിയ അക്കാദമിക് വര്‍ഷത്തില്‍ മെഡിക്കല്‍ ഡെന്റല്‍ വിഭാഗങ്ങളിലെ സ്വാശ്രയ പ്രവേശനം തീരുമാനമാവാതെ നീണ്ടു പോവുകയാണ്. മെഡിക്കല്‍ പ്രവേശന കാര്യത്തില്‍ ഒരു സ്വാശ്രയ മാനേജ്‌മെന്റുമായി പോലും ധാരണയുണ്ടാക്കാനായില്ല. ഡെന്റല്‍ കോളജുകളും ഇപ്പോള്‍ സര്‍ക്കാരിനെതിരേ രംഗത്തു വന്നിരിക്കുകയാണ്. സ്വാശ്രയ പ്രവേശന നടപടികളില്‍ അനിശ്ചിതത്വം ഉണ്ടാവുന്നതുവഴി അയല്‍ സംസ്ഥാന വിദ്യാഭ്യാസ ലോബിക്കാണ് നേട്ടമുണ്ടാവുക. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക