|    Mar 29 Wed, 2017 12:43 pm
FLASH NEWS

സ്വാശ്രയ എന്‍ജിനീയറിങ്; ഒഴിഞ്ഞുകിടക്കുന്നത് 14,300 മെറിറ്റ് സീറ്റുകള്‍

Published : 27th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ വിദ്യാര്‍ഥികളെ കിട്ടാതെ ഒഴിഞ്ഞുകിടക്കുന്ന മെറിറ്റ് സീറ്റുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായി കണക്കുകള്‍. പ്രവേശനപ്പരീക്ഷാ കമ്മീഷണറേറ്റ് പുറത്തുവിട്ട പ്രാഥമിക കണക്കുകളനുസരിച്ച് എന്‍ജിനീയറിങ് പ്രവേശനത്തിനായുള്ള അവസാന അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം പൂര്‍ത്തിയായപ്പോള്‍ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ 14,300 മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതായാണു വ്യക്തമായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 14,000 മെറിറ്റ് സീറ്റുകളാണ് സ്വാശ്രയ കോളജുകളില്‍ ഒഴിഞ്ഞുകിടന്നത്. സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ ആകെയുള്ള 24,468 സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ പകുതിയില്‍ താഴെയാണ് പ്രവേശനം നടത്താനായത്. 56.76 ശതമാനം സീറ്റിലേക്കും വിദ്യാര്‍ഥികളെ കിട്ടിയിട്ടില്ല. കുട്ടികള്‍ മെഡിക്കല്‍ പ്രവേശന നടപടികളുടെ ഭാഗമായി എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്ക് മാറുമ്പോള്‍ ഒഴിവുള്ള സീറ്റുകളുടെ എണ്ണം ഇനിയും കൂടും.
സ്വാശ്രയ കോളജുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും മോശം പഠനനിലവാരവുമാണ് വിജയശതമാനം കുറയാന്‍ ഇടയാക്കുന്നതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. 21 സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകളിലെ 6,983 മെറിറ്റ് സീറ്റുകളില്‍ 5,557 എണ്ണത്തിലേക്കും അലോട്ട്‌മെന്റായി. ഇവിടെ ഒഴിവുള്ളത് 1,426 സീറ്റുകള്‍ മാത്രം. മൂന്ന് എയ്ഡഡ് കോളജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും അലോട്ട്‌മെന്റായി. എന്നാല്‍, ഒമ്പതു സര്‍ക്കാര്‍ കോളജുകളില്‍ വയനാട് ഗവ. എന്‍ജിനീയറിങ് കോളജില്‍ ആറും കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളജില്‍ രണ്ടും സീറ്റുകളിലേക്ക് അലോട്ട്‌മെന്റ് നടത്തിയിട്ടില്ല.
സര്‍ക്കാര്‍-എയ്ഡഡ് കോളജുകളിലായി ആകെയുള്ള മെറിറ്റ് സീറ്റുകള്‍ 5,010 ആണ്. ഇതില്‍ 5,002 സീറ്റുകളിലേക്കും അലോട്ട്‌മെന്റായി. ഒരു മെറിറ്റ് സീറ്റിലേക്ക് മാത്രം അലോട്ട്‌മെന്റ് ലഭിച്ച സ്വാശ്രയ കോളജുകള്‍ വരെയുണ്ട്. അഞ്ചു കോളജുകളിലേക്ക് പത്തില്‍ താഴെ സീറ്റുകളിലേക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്. സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലേക്ക് മൂന്ന് അലോട്ട്‌മെന്റുകളാണു നിശ്ചയിച്ചത്. ഇതിനുശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ നികത്താന്‍ പിന്നീട് അവസരമുണ്ടാവില്ല.
എന്‍ജിനീയറിങ് പ്രവേശനത്തിനായി അലോട്ട്‌മെന്റ് സമര്‍പ്പിച്ച കുട്ടികളുടെ എണ്ണത്തിലും ഇത്തവണ വന്‍ കുറവാണുണ്ടായത്. മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ ആകെ ഓപ്ഷന്‍ സമര്‍പ്പിച്ചത് 28,261 പേര്‍ മാത്രമാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day