|    May 27 Sun, 2018 5:00 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

സ്വാശ്രയരംഗത്തെ പിടിച്ചുപറി

Published : 26th September 2016 | Posted By: SMR

എം  ഷാജര്‍ഖാന്‍

സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസം പലവിധ കയറ്റിറക്കങ്ങള്‍ താണ്ടിയതിനു ശേഷവും പുതിയ പ്രതിസന്ധികളിലേക്കു തന്നെയാണ് വീണ്ടും സഞ്ചരിക്കുന്നതെന്നാണ് പുതിയ കരാര്‍ നടപ്പാക്കിത്തുടങ്ങിയപ്പോള്‍ വ്യക്തമാവുന്നത്. വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ മെറിറ്റ് പൂര്‍ണമായി പാലിച്ചു പരിഗണിക്കാന്‍ ഒട്ടുമിക്ക മാനേജ്‌മെന്റുകള്‍ക്കും ഇപ്പോഴും കഴിയുന്നില്ല. വിദ്യാര്‍ഥികളാവട്ടെ എംബിബിഎസ് പ്രവേശനത്തിന് അപേക്ഷ നല്‍കിയാല്‍ മാത്രം പോരാ, പേര് പട്ടികയില്‍ പെടുത്താതെ അപേക്ഷയില്‍ തിരിമറി കാണിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരേ തലസ്ഥാനത്ത് പ്രവേശന മേല്‍നോട്ട സമിതിയായ ജയിംസ് കമ്മിറ്റിയുടെ ഓഫിസില്‍ തെളിവെടുപ്പിനായി ഹാജരാവുകയും ചെയ്യണമെന്ന സ്ഥിതിയിലാണ്. പരാതിയും തെളിവെടുപ്പും നടപടിയെടുപ്പുമൊക്കെയായി സംഘര്‍ഷകലുഷിതമായി സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനം അങ്ങനെ തുടരുകയാണ്.
എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ഉടനെ കേരളത്തിലെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കെതിരായി യുദ്ധം നടത്താന്‍ പോകുന്നുവെന്ന പ്രതീതി ജനിപ്പിക്കുകയുണ്ടായി. സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി വഴിവിട്ട ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് ഭരണകൂടം നല്‍കിയ സന്ദേശം. മാധ്യമങ്ങള്‍ പുതിയ സര്‍ക്കാരിന്റെ ‘നീതിക്കു വേണ്ടിയുള്ള യുദ്ധങ്ങള്‍’ക്ക് പിന്തുണ പ്രഖ്യാപിച്ചു. വൈകാതെ തന്നെ മെറിറ്റും സാമൂഹിക നീതിയുമുള്ള ചൂഷണമില്ലാത്ത ഒരു സ്വാശ്രയ കരാര്‍ ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് പലരും വെറുതേ വ്യാമോഹിക്കുകയുണ്ടായി. എന്നാല്‍, പ്രവേശനത്തിന്റെ കാര്യത്തിലോ ഫീസിന്റെ കാര്യത്തിലോ മെറിറ്റിന്റെ കാര്യത്തിലോ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ സ്വാശ്രയപ്രവേശനത്തേക്കാള്‍ മികച്ച എന്തെങ്കിലുമൊന്നു സംഭാവന ചെയ്യാന്‍ പുതിയ ഇടതുമുന്നണി സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ടോ?
ഈ വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനായി നിശ്ചയിക്കപ്പെട്ട 100 ശതമാനം സീറ്റുകളും സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന് ആഗസ്ത് മാസം സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ നടത്തിയ പ്രഖ്യാപനത്തെ തുടര്‍ന്നാണ് പ്രശ്‌നം പുതിയ മാനം കൈവരിച്ചത്. എല്ലാ സീറ്റുകളും സര്‍ക്കാര്‍ ഏറ്റെടുക്കുകയെന്നാല്‍ എല്ലാ സീറ്റുകളിലും മെറിറ്റ് പാലിക്കുമെന്നും സര്‍ക്കാര്‍ ഫീസ് ഏര്‍പ്പെടുത്തുമെന്നുമാണല്ലോ അര്‍ഥം. അതു വലിയ പ്രതീക്ഷയാണ് ആദ്യം ഉയര്‍ത്തിയത്. എന്നാല്‍, ഫീസിന്റെ കാര്യത്തിലേക്കു വന്നപ്പോള്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. മെറിറ്റ്-മാനേജ്‌മെന്റ് വ്യത്യാസം കൂടാതെ ഏകീകൃതമായ ഉയര്‍ന്ന ഫീസ് ഘടന ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങള്‍ വന്‍ പ്രതിഷേധങ്ങള്‍ക്കു കാരണമായി.
ഏകീകൃത ഫീസ് ഘടന എല്ലാ സീറ്റുകളിലും ഏര്‍പ്പെടുത്തിയാല്‍ എന്താണുണ്ടാവുക? കാത്തലിക് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ഒരു സീറ്റിന് വാര്‍ഷിക ഫീസായി ഈടാക്കുന്ന 4.40 ലക്ഷം രൂപ മറ്റെല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും ബാധകമാക്കാന്‍ വേണ്ടി നടന്ന ഒത്തുകളിയാണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് തുടര്‍ന്നുള്ള സംവാദങ്ങള്‍ വെളിവാക്കുകയുണ്ടായി. എന്തായാലും സര്‍ക്കാര്‍-മാനേജ്‌മെന്റ് സീറ്റുകളില്‍ വെവ്വേറെ ഫീസ് ഘടന തന്നെയാണ് ഉചിതം. മെറിറ്റ് സീറ്റുകളില്‍ കുറഞ്ഞ ഫീസ് എന്ന തത്ത്വത്തെ നിഷേധിച്ച് മുന്നോട്ടുപോകാനാവില്ല എന്ന യാഥാര്‍ഥ്യമായിരുന്നു മുന്നില്‍ നിന്നത്. ആശയസംവാദത്തിനൊടുവില്‍ പുതിയ ഫീസ് ഘടന നിശ്ചയിക്കപ്പെട്ടു.
കഴിഞ്ഞ വര്‍ഷം വരെ പൊതുവില്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ 30 ശതമാനം മെഡിക്കല്‍ മെറിറ്റ് സീറ്റുകളില്‍ വാര്‍ഷിക ഫീസായി ഈടാക്കിയ 1.85 ലക്ഷം രൂപയുടെ സ്ഥാനത്ത് ഫീസ് 2.5 ലക്ഷമായി ഉയര്‍ന്നു. 20 ശതമാനം സീറ്റുകളില്‍ മാത്രമേ 44000, 67000 എന്നിങ്ങനെയുള്ള ഫീസ് ഘടനയുള്ളൂ. മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളില്‍ 8.5 ലക്ഷം രൂപയായിരുന്നത് 10.5 ലക്ഷമായി ഉയര്‍ന്നു. 12 ലക്ഷമായിരുന്ന എന്‍ആര്‍ഐ ക്വാട്ട സീറ്റുകള്‍ 20 ലക്ഷം രൂപയ്ക്ക് വീതമാണ് വില്‍ക്കാന്‍ ധാരണയായത്. അധികലാഭം കൊയ്യാന്‍ മാനേജ്‌മെന്റുകള്‍ക്ക് ഈ വര്‍ഷവും അവസരമുണ്ടായെന്നു പറഞ്ഞാല്‍ മതിയല്ലോ. അങ്ങനെ സ്വാശ്രയമേഖലയിലെ പകല്‍ക്കൊള്ളയ്ക്ക് നിയമവിധേയമായ അംഗീകാരം ചാര്‍ത്തിക്കൊടുക്കാന്‍ മാത്രമേ പുതിയ പുകിലുകള്‍ക്കു കഴിഞ്ഞുള്ളൂ.
മെഡിക്കല്‍ പ്രവേശനത്തിനു മെറിറ്റ് അടിസ്ഥാനത്തില്‍ പട്ടിക തയ്യാറാക്കണമെന്നും ഈ വര്‍ഷത്തെ സര്‍ക്കാര്‍ ക്വാട്ട സംസ്ഥാന ലിസ്റ്റില്‍ നിന്നും മാനേജ്‌മെന്റ് ക്വാട്ട ദേശീയ പരീക്ഷയായ ‘നീറ്റി’ന്റെ പട്ടികയില്‍ നിന്ന് എടുക്കണമെന്നുമുള്ള കോടതിവിധിയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സര്‍ക്കുലറിന്റെയും അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെട്ടിട്ടും കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞുകിടക്കുകയാണ്.
അപ്പോള്‍ പിന്നെ എന്തിനായിരുന്നു ഈ മുഴുവന്‍ സീറ്റുകളും ഏറ്റെടുക്കല്‍ നാടകം? എല്ലാ സീറ്റുകളിലും ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്തി മാനേജ്‌മെന്റുകളെ സഹായിക്കാന്‍ സര്‍ക്കാര്‍വൃത്തങ്ങളിലെ ബുദ്ധിമാന്‍മാരും സ്വാശ്രയവിദ്യാഭ്യാസ കച്ചവട വിദഗ്ധരും ഒത്തുചേര്‍ന്ന് ആസൂത്രണം ചെയ്ത നാടകമായിരുന്നു അതെന്നു പുതിയ കരാര്‍ വ്യക്തമാക്കുന്നു. തങ്ങള്‍ മെറിറ്റ് പുനഃസ്ഥാപിച്ചുവെന്നു വരുത്തിത്തീര്‍ക്കുക, എന്നാല്‍ അതേസമയം, മാനേജ്‌മെന്റുകള്‍ക്ക് പകല്‍ക്കൊള്ളയ്ക്ക് അവസരം ഉറപ്പാക്കിക്കൊടുക്കുക, യഥേഷ്ടം കോഴ വാങ്ങാന്‍ അവ്യക്തതകള്‍ നിലനിര്‍ത്തുക തുടങ്ങിയ പതിവു കലാപരിപാടികള്‍ തന്നെയാണ് ഈ വര്‍ഷവും അരങ്ങേറിയത്. എന്നു മാത്രവുമല്ല, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 16 കോടി രൂപയുടെ അധികനേട്ടം കേരളത്തിലെ എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കുമായി ഫീസ് വര്‍ധനവിലൂടെ മാത്രം ഉണ്ടായി. അതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കു നല്‍കുന്ന സമ്മാനം.
വളരെ ഉപകാരപ്രദമായ അവ്യക്തതകള്‍ മൂലം സ്വാശ്രയ മാനേജ്‌മെന്റുകള്‍ അവരുടേതായ നിലയ്ക്കു കോഴ വാങ്ങി പ്രവേശനം നല്‍കാന്‍ ഇതിനകം സംവിധാനം ഒരുക്കിക്കഴിഞ്ഞിരുന്നു. ‘നീറ്റ്’ പട്ടികയില്‍ നിന്ന് എടുക്കണമെന്നേ കോടതി പറഞ്ഞിട്ടുള്ളൂ. അതില്‍ മെറിറ്റ് ഉറപ്പാക്കണമെങ്കില്‍ അങ്ങനെയൊരു റാങ്ക് പട്ടിക സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം. അതുണ്ടായില്ല. അതുകൊണ്ടുതന്നെ കരുണ മെഡിക്കല്‍ കോളജ്, ശ്രീനാരായണ, പാലക്കാട് പി കെ ദാസ്, അസീസിയ, അല്‍അസ്ഹര്‍, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ്, പുഷ്പഗിരി, കാരക്കോണം, അടൂര്‍ മൗണ്ട് സിയോണ്‍ തുടങ്ങിയ ഒട്ടുമിക്ക കോളജുകളും പിന്‍വാതില്‍ പ്രവേശനം പൂര്‍ത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു.
ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചവരും ക്ഷണിക്കാത്തവരും തരംപോലെ കോഴ വാങ്ങിയാണ് പ്രവേശനം നടത്തിയത്. മുസ്‌ലിം ന്യൂനപക്ഷ സ്ഥാപനങ്ങളാകട്ടെ, കറന്‍സി നോട്ടിന്റെ കനം നോക്കി വളരെ മതേതരമായിട്ടാണ് പ്രവേശനം നല്‍കിയതെന്നു കേള്‍ക്കുന്നു. യോഗ്യരായ വിദ്യാര്‍ഥികള്‍ പടിക്കു പുറത്തു നില്‍ക്കുമ്പോഴാണ് നിയമത്തെ കാറ്റില്‍പ്പറത്തി പ്രവേശന നടപടികള്‍.
ജയിംസ് കമ്മിറ്റി അക്ഷരാര്‍ഥത്തില്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പ്രവേശന നടപടികളില്‍ സുതാര്യത പാലിക്കാന്‍ അപേക്ഷകര്‍ക്കു കൂടുതല്‍ സമയം അനുവദിച്ചതിനെതിരേ മാനേജ്‌മെന്റുകള്‍ ജയിംസ് കമ്മിറ്റിക്കെതിരേ നല്‍കിയ ഹരജികള്‍ ഹൈക്കോടതി പരിഗണനയിലുണ്ട്. എന്തായാലും, സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഒരു മാറ്റവും സംഭവിച്ചില്ലെന്നു മാത്രമല്ല, കൂടുതല്‍ കൂടുതല്‍ പ്രതിസന്ധികള്‍ക്കു ജന്മം നല്‍കിക്കൊണ്ട് ആ ദുര്‍ഭൂതം മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നൈതികതയെ കശാപ്പുചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ എത്തിക്‌സ് പുനഃസ്ഥാപിക്കാന്‍ സ്വാശ്രയ കച്ചവടം മെഡിക്കല്‍ രംഗത്ത് അനുവദിക്കില്ല എന്ന തീരുമാനം നടപ്പാക്കുകയാണ് ഒരു ഇടതുപക്ഷ സര്‍ക്കാര്‍, അത് ഇടതുപക്ഷമാണെങ്കില്‍ ആദ്യം ചെയ്യേണ്ടത്. മാനേജ്‌മെന്റുകള്‍ക്കു കുടപിടിക്കാനല്ല യുഡിഎഫിനെ മാറ്റി എല്‍ഡിഎഫ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയതെന്നു തിരിച്ചറിയാന്‍ പിണറായി സര്‍ക്കാരിനു കഴിഞ്ഞാല്‍ നന്ന്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss