|    Mar 29 Wed, 2017 4:57 pm
FLASH NEWS

സ്വാശ്രയം: 27ന് ശേഷമുള്ള പ്രവേശനനടപടികള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും

Published : 1st October 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള സമയം സുപ്രിംകോടതി നീട്ടിനല്‍കിയതിന് പിന്നാലെ ഈമാസം 27ന് ശേഷം കോളജുകള്‍ നടത്തിയ പ്രവേശന നടപടികള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിയായ ജെയിംസ് കമ്മിറ്റിയുടെ തീരുമാനം. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സ്‌പോട്ട് അഡ്മിഷന്‍ പൂര്‍ത്തിയാവാന്‍ വൈകിയതിനാല്‍ പ്രവേശന പരീക്ഷാ കമ്മീഷണറുമായി ഇന്ന് ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് പ്രവേശനമേല്‍നോട്ട സമിതി ചെയര്‍മാന്‍ ജസ്റ്റിസ് ജെയിംസ് വ്യക്തമാക്കി.
തലവരിപ്പണം വാങ്ങി നീറ്റ് റാങ്കുകാരെ തഴഞ്ഞ് അനര്‍ഹരെ പ്രവേശിപ്പിച്ചെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച മുതല്‍ നടന്ന പ്രവേശനനടപടികള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. കമ്മിറ്റിയുടെ പരിശോധന രാത്രിയും പുരോഗമിക്കുകയാണ്. അതേസമയം, എംബിബിഎസ് പ്രവേശനത്തിന് സഹകരിക്കാത്ത മൂന്ന് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. കോഴിക്കോട് കെഎംസിടി, പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം.
സുപ്രിംകോടതി ഉത്തരവുണ്ടായിട്ടും പ്രവേശനത്തിനായി സീറ്റുകള്‍ വിട്ടുനല്‍കിയില്ലെന്നാണ് കെഎംസിടി മെഡിക്കല്‍ കോളജിനെതിരേയുള്ള പരാതി. കരുണയും കണ്ണൂര്‍ മെഡിക്കല്‍ കോളജും സര്‍ക്കാരുമായി ഇതുവരെ കരാര്‍ ഒപ്പിട്ടിട്ടില്ല. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രിംകോടതി സമയം നീട്ടിനല്‍കിയ സാഹചര്യത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഒഴിവുള്ള സീറ്റുകള്‍ നികത്താന്‍ പ്രയാസമുണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. പ്രവേശനം നടത്താതെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളെ സംബന്ധിച്ച് പ്രവേശന പരീക്ഷാ കമ്മീഷണര്‍ വീണ്ടും കോളജുകളോട് വിവരം തേടിയിട്ടുണ്ട്. ഒഴിവുള്ള സീറ്റുകളില്‍ ഏകീകൃത അലോട്ട്‌മെന്റ് നടത്തണമെന്നായിരുന്നു സുപ്രിംകോടതി വിധി.
ഒഴിവുള്ള എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്നലെ രാത്രി വൈകിയും തുടര്‍ന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രാവിലെ 10ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടപടികള്‍ ആരംഭിച്ചു. 65 എംബിബിഎസ് സീറ്റുകളിലേക്കും 51 ബിഡിഎസ് സീറ്റുകളിലേക്കുമാണ് സ്‌പോട്ട് അഡ്മിഷന്‍ നടന്നത്. ആയിരത്തിലധകം വിദ്യാര്‍ഥികളാണ് പ്രവേശനത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തിരുവനന്തപുരത്തെത്തിയത്. സ്വാശ്രയ വിഷയത്തിലെ സര്‍ക്കാര്‍ അലംഭാവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളജിന് മുന്നില്‍ പ്രതിഷേധിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day