|    Jan 21 Sat, 2017 9:55 am
FLASH NEWS

സ്വാശ്രയം: സുപ്രിംകോടതി വിധി: സര്‍ക്കാരിനെതിരേ പ്രതിപക്ഷം

Published : 8th October 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത കോഴിക്കോട് കെഎംസിടി, കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ക്കെതിരേ നല്‍കിയ ഹരജി തള്ളിയ സുപ്രിംകോടതി വിധി, സംസ്ഥാന സര്‍ക്കാരിനെതിരേ ആയുധമാക്കി പ്രതിപക്ഷം. സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള ഒത്തുകളിയാണ് ഇത്തരമൊരു സാഹചര്യത്തിലെത്തിച്ചതെന്നു പ്രതിപക്ഷനേതാക്കള്‍ ആരോപിച്ചു.
സ്വാശ്രയപ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണ പരാജയമാണ് വീണ്ടും വെളിവാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കേസ് ഹൈക്കോടതിയില്‍ വന്നപ്പോള്‍ മാനേജ്‌മെന്റുകള്‍ക്കുവേണ്ടി സര്‍ക്കാര്‍ തോറ്റുകൊടുക്കുകയാണു ചെയ്തത്. കരാറൊപ്പിട്ട കോളജുകളില്‍ മെറിറ്റ് സീറ്റില്‍ 2.5 ലക്ഷം മാത്രമുള്ളപ്പോഴാണ് കരാര്‍ ഒപ്പിടാത്ത മൂന്നു കോളജുകളില്‍ എല്ലാ സീറ്റിലും ഉയര്‍ന്ന തുക കൊടുക്കേണ്ടിവരുന്നത്. കരാര്‍ ഒപ്പുവയ്ക്കാത്ത കോളജുകളുടെ മൂക്കുചെത്തിക്കളയുമെന്ന മട്ടില്‍ വീമ്പിളക്കിയ സര്‍ക്കാര്‍ അവര്‍ക്കു വന്‍തുക ഫീസ് വാങ്ങാനുള്ള ഒത്താശയാണു ചെയ്തുകൊടുത്തത്.
കൊള്ളനടത്താന്‍ സൗകര്യമൊരുക്കിക്കൊടുത്ത ശേഷം, അവരെപ്പറ്റി പ്രതിപക്ഷം ഒന്നും പറയാത്തതെന്താണെന്നു ചോദിക്കുന്നത് വിചിത്രമാണെന്നും ചെന്നിത്തല പറഞ്ഞു. സ്വാശ്രയ മേഖലയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം എകെ ആന്റണിയുടെ കാലത്തെ കരാറാണെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപം സ്വന്തം പരാജയം മറച്ചുവയ്ക്കാനുള്ള തന്ത്രമാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
സ്വാശ്രയമേഖലയ്ക്ക് പച്ചക്കൊടി കാണിക്കാനുള്ള ആന്റണിയുടെ തീരുമാനം ഉന്നതവിദ്യാഭ്യാസരംഗത്ത് ഉണ്ടാക്കിയ വമ്പിച്ച മാറ്റം കേരളം എന്നും നന്ദിയോടെ സ്മരിക്കും. ഉന്നതവിദ്യാഭ്യാസം തേടി പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ കേരളം വിട്ടുപോവേണ്ട ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാനാണു സ്വാശ്രയസ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ആന്റണി സര്‍ക്കാര്‍ തീരുമാനിച്ചത്. സ്വാശ്രയവിദ്യാഭ്യാസരംഗത്ത് ഇപ്പോളുണ്ടായ പ്രശ്‌നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പിണറായി സര്‍ക്കാരിനുതന്നെയാണ്.
വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ ചര്‍ച്ചകള്‍ക്ക് പോയതുമൂലം മാനേജ്‌മെന്റിന്റെ അമിതമായ ആവശ്യങ്ങള്‍ക്കു സര്‍ക്കാര്‍ വഴങ്ങേണ്ടിവന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് ഉയര്‍ന്ന ഫീസീടാക്കാന്‍ അവസരമൊരുക്കിയത് സര്‍ക്കാരും മാനേജ്‌മെന്റും തമ്മിലുള്ള ഒത്തുകളിയുടെ ഫലമായാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആരോപിച്ചു. സര്‍ക്കാര്‍ വേണ്ടസമയത്ത് വേണ്ടരീതിയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സുപ്രിംകോടതിയില്‍ ഇത്തരമൊരു സാഹചര്യമുണ്ടാവുമായിരുന്നില്ല. കേരളത്തിലെ വിദ്യാര്‍ഥികളോടും അവരുടെ രക്ഷിതാക്കളോടും മാപ്പര്‍ഹിക്കാത്ത തെറ്റാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക