|    Jan 25 Wed, 2017 1:11 am
FLASH NEWS

സ്വാശ്രയം: സഭാസ്തംഭനം തുടരുന്നു

Published : 1st October 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ ഇന്നലെയും സ്തംഭിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എമാര്‍ നിരാഹാരസമരം തുടരുന്ന സാഹചര്യത്തില്‍ ചോദ്യോത്തരവേള മുതല്‍ പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ പ്രക്ഷുബ്ധമായി. ബാനറും പ്ലക്കാര്‍ഡുകളും കറുത്ത ബാഡ്ജും ധരിച്ചെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സഭാനടപടികളോട് സഹകരിക്കാതെ മുദ്രാവാക്യം വിളിക്കുകയായിരുന്നു.
അതേസമയം, ബഹളത്തിനിടയിലും ചോദ്യോത്തരവേളയും സബ്മിഷനും ശ്രദ്ധക്ഷണിക്കലും പുരോഗമിച്ചു. പ്രതിഷേധം തുടരുന്നതിനിടെ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച അന്‍വര്‍ സാദത്തിന്റെ അപ്രതീക്ഷിതനീക്കം പ്രതിപക്ഷത്തെ ഞെട്ടിച്ചു. ഐ സി ബാലകൃഷ്ണനും കെ സി ജോസഫും ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. ശൂന്യവേളയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ചതിനുശേഷമായിരുന്നു നാടകീയരംഗങ്ങള്‍.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വര്‍ധിപ്പിച്ച ഫീസ് പിന്‍വലിക്കണമെന്നും തലവരിപ്പണം വാങ്ങുന്ന കോളജുകള്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വി ടി ബല്‍റാമാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍, സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ സ്വകാര്യ ബില്ല് അവതരണമൊഴിവാക്കി സഭ പിരിഞ്ഞു. സ്വാശ്രയ മാനേജ്‌മെന്റുകള്‍ തലവരിപ്പണം വാങ്ങുന്നുവെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ച പശ്ചാത്തലത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു. സര്‍ക്കാരുമായി കരാറൊപ്പിടാത്ത മൂന്ന് സ്വാശ്രയ കോളജുകള്‍ക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മന്ത്രി കെ കെ ശൈലജ മറുപടി നല്‍കി.  ഇതില്‍ കെഎംസിടി മെഡിക്കല്‍ കോളജിനെതിരേ ഉടന്‍ ഹരജി നല്‍കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക