|    Apr 20 Fri, 2018 2:45 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്വാശ്രയം: ശക്തമായ സമരവുമായി മുന്നോട്ടുപോവാന്‍ യുഡിഎഫ്

Published : 30th September 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ വഴങ്ങാത്ത സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ശക്തമായ സമരവുമായി മുന്നോട്ടുപോവാനാണ് യുഡിഎഫ് തീരുമാനം. സ്വാശ്രയ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ വിധിപ്പകര്‍പ്പ് ഇനിയും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തര യുഡിഎഫ് നേതൃയോഗത്തിനുശേഷം കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിധിപ്പകര്‍പ്പ് കിട്ടാത്തതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാവാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ക്കും ജെയിംസ് കമ്മിറ്റിക്കും ഒന്നും ചെയ്യാനാവുന്നില്ല. അതിനാല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് വിഷയം. സര്‍ക്കാര്‍ പിടിവാശി അവസാനിപ്പിച്ച് പ്രവേശനത്തിനുള്ള സമയം നീട്ടി ചോദിക്കുകയാണ് വേണ്ടത്. മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങള്‍ക്കു സമയം നീട്ടിനല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ അപ്പീല്‍ പോവാതിരുന്നത് സപ്തംബര്‍ 30നകം പ്രവേശനം നടത്തേണ്ടതുകൊണ്ടാണെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. ഇത് വാസ്തവവിരുദ്ധമാണ്. ഒരു കോളജിന് ഇന്നലെയും അംഗീകാരം ലഭിച്ചു. അവര്‍ ഇനി അപേക്ഷ ക്ഷണിച്ച് പ്രവേശന നടപടികള്‍ സ്വീകരിക്കണം. അതുകൊണ്ട് സമയം കഴിഞ്ഞുവെന്ന വാദം ശരിയല്ലെന്ന് ചെന്നിത്തല പറഞ്ഞു.
അതീവരഹസ്യമായി തലവരിപ്പണം വാങ്ങാനുള്ള സൗകര്യം മാനേജ്‌മെന്റുകള്‍ക്ക് ഒരുക്കിക്കൊടുത്തിരിക്കുകയാണ്. മെറിറ്റ് അട്ടിമറിക്കുന്നതും വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാവുന്നു. ഇത്തരം കാര്യങ്ങള്‍ പരിശോധിച്ച് സര്‍ക്കാര്‍ നടപടിയെടുക്കണം.
ജെയിംസ് കമ്മിറ്റിയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവാന്‍ പറ്റാത്ത അവസ്ഥയാണ്. ഭൂരിഭാഗം കോളജുകളും എന്‍ട്രന്‍സ് കമ്മീഷണറുടെ ഉത്തരവിന് ഒരു വിലയും നല്‍കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിലെ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പൊതുസമൂഹത്തെയും കബളിപ്പിച്ച് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ തീവെട്ടിക്കൊള്ള അവസാനിപ്പിക്കണം.
നിയമസഭയിലെ പ്രതിഷേധത്തിനുശേഷം സ്പീക്കര്‍ വിളിച്ച ചര്‍ച്ചയില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ല. മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം. ഇനിയും യുഡിഎഫ് ചര്‍ച്ചയ്ക്കു തയ്യാറാണ്. എംഎല്‍എമാരുടെ നിരാഹാരസമരം നിയമസഭയില്‍ തന്നെ തുടരണോ എന്ന കാര്യം ഇന്നു തീരുമാനിക്കും. ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയതായി ചെന്നിത്തല അറിയിച്ചു. ഇതനുസരിച്ച് ഒക്‌ടോബര്‍ ഒന്നിന് 140 നിയോജകമണ്ഡലം ആസ്ഥാനങ്ങളിലും പ്രതിഷേധ ധര്‍ണ നടത്തും. മൂന്നിന് യുഡിഎഫ് സംസ്ഥാന സമിതിയുടെയും ജില്ലാ ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും യോഗം കന്റോണ്‍മെന്റ് ഹൗസില്‍ ചേരും. അന്നേദിവസം തന്നെ ഉച്ചയ്ക്കുശേഷം വിദ്യാര്‍ഥി, യുവജനസംഘടനാ നേതാക്കളുടെ യോഗവും നടക്കും. മൂന്നിന് കെപിസിസിയുടെ രാഷ്ട്രീയകാര്യസമിതി ഇന്ദിരാഭവനില്‍ നടക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss