|    Apr 24 Tue, 2018 6:23 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്വാശ്രയം: നീറ്റ് മെറിറ്റ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Published : 27th September 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ നീറ്റ് മെറിറ്റ് അട്ടിമറിക്കാന്‍ മാനേജ്‌മെന്റുകള്‍ ശ്രമം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയ ന്‍. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം പുതിയ ചില പ്രശ്‌നങ്ങളാണ് ഉയര്‍ന്നുവന്നത്.
നീറ്റ് മെറിറ്റ് ലിസ്റ്റില്‍നിന്ന് പ്രവേശനം നടത്തണമെന്നതാണ് പൊതുവെ അംഗീകരിക്കപ്പെട്ടത്. കേരളത്തിലെ സ്വാശ്രയ മേഖലയില്‍ കാലങ്ങളായി പ്രത്യേക സംവിധാനമാണ് നിലനിന്നിരുന്നത്. 50 ശതമാനം സീറ്റ് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഫീസിലും ബാക്കി 50 ശതമാനം മാനേജ്‌മെന്റ് സീറ്റില്‍ നിശ്ചിത ഫീസില്‍ അവര്‍ക്കും പ്രവേശനം നടത്താമെന്നതായിരുന്നു വ്യവസ്ഥ. എന്നാ ല്‍, നൂറുശതമാനം സീറ്റിലും നീറ്റില്‍നിന്ന് പ്രവേശനം നടത്തണമെന്നായിരുന്നു കേന്ദ്രനിര്‍ദേശം. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ 50 ശതമാനം സീറ്റില്‍ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ലിസ്റ്റില്‍നിന്നും ബാക്കി 50 ശതമാനം നീറ്റ് മെറിറ്റ് അടിസ്ഥാനമാക്കിയും പ്രവേശനം നടത്താമെന്ന വ്യവസ്ഥ സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് സര്‍ക്കാര്‍ സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തിയത്. അവര്‍ തങ്ങളുടെ പ്രായോഗിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി.
മുമ്പ് 50 ശതമാനം സീറ്റില്‍ മാനേജ്‌മെന്റുകള്‍ നിശ്ചയിക്കുന്ന ഫീസിലായിരുന്നു കുട്ടികളെ പ്രവേശിപ്പിച്ചിരുന്നത്. നിശ്ചിത ഫീസില്‍ ഇത് ഒതുങ്ങിനില്‍ക്കാറുമില്ല.
അവര്‍ പലവഴിക്ക് പണമീടാക്കാറുമുണ്ട്. ഇത്തവണ അതു പറ്റില്ല. 50 ശതമാനം നീറ്റ് മെറിറ്റ് പാലിക്കണം. നേരത്തേയുണ്ടായിരുന്ന പുറംവരവ് നില്‍ക്കാനിടയായ സാഹചര്യത്തിലാണ് ഫീസ് വര്‍ധിപ്പിക്കേണ്ടിവന്നത്. പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങളില്‍ ചര്‍ച്ചയ്ക്ക് യാതൊരു വൈമനസ്യവുമില്ലെന്നും പിണറായി വ്യക്തമാക്കി. സ്വാശ്രയ പ്രശ്‌നത്തില്‍ ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ കേസ് ശരിക്ക് വാദിച്ചില്ലെന്നു മാത്രമല്ല, തോറ്റുകൊടുക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇപ്പോള്‍ വിചിത്രമായ ഒരവസ്ഥയാണ്. സ്വാശ്രയമെന്നു കേട്ടാല്‍ അരിശംകൊണ്ടിരുന്ന ചില നേതാക്കള്‍ ഇപ്പോള്‍ മിണ്ടുന്നില്ല.
പരിയാരത്ത് ഇത്തവണ ഇരട്ടി ഫീസാണ്. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ആത്മാവ് നിങ്ങളോട് പൊറുക്കില്ല. നൂറുശതമാനം സീറ്റുകളിലും പ്രവേശനം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സ ര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ പോവാതിരുന്നത് മാനേജ്‌മെന്റുകളെ സഹായിക്കാനാണെന്നതിനു തെളിവാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് 47,000 രൂപയുടെ വര്‍ധനവേ വരുത്തിയിട്ടുള്ളൂ. ഈ സര്‍ക്കാര്‍ ഒറ്റയടിക്ക് 65,000 രൂപ കൂട്ടിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss