|    Jan 22 Sun, 2017 5:09 am
FLASH NEWS

സ്വാശ്രയം: ചര്‍ച്ചകള്‍ പൊളിഞ്ഞു

Published : 5th October 2016 | Posted By: SMR

stethoscope-and-book

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന പ്രശ്‌നം പരിഹരിക്കുന്നതിന് മാനേജ്‌മെന്റ് പ്രതിനിധികളുമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നടത്തിയ ചര്‍ച്ച പരാജയം. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കി സമരം ഒത്തുതീര്‍പ്പാക്കാമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെ മാരത്തണ്‍ ചര്‍ച്ചകള്‍ അലസുകയായിരുന്നു.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കണമെന്ന് മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ ചര്‍ച്ചയില്‍ നിര്‍ദേശിച്ചിരുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ഫോര്‍മുലകള്‍ മുന്നോട്ടുവയ്ക്കാനുണ്ടോയെന്ന് മുഖ്യമന്ത്രി മാനേജ്‌മെന്റ് പ്രതിനിധികളോട് ചോദിച്ചു. എന്നാല്‍, തങ്ങള്‍ക്ക് ഒരു നിര്‍ദേശവുമില്ലെന്നായിരുന്നു ഇവരുടെ മറുപടി. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തിട്ടാണോ എത്തിയതെന്നും പിണറായി ആരാഞ്ഞു.
മാനേജ്‌മെന്റുകളെ ചര്‍ച്ചയ്ക്കു വിളിച്ച ആരോഗ്യമന്ത്രിയെയും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഒരു ഫോര്‍മുലയുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറയാന്‍ ശ്രമിച്ചെങ്കിലും ഒരു കരാറേയുള്ളൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി സ്വരം കടുപ്പിച്ചതോടെയാണ് ഫീസ് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നില്ലെന്ന് പറഞ്ഞു മാനേജ്‌മെന്റുകള്‍ മലക്കംമറിഞ്ഞത്.
ഫീസിളവുമായി ബന്ധപ്പെട്ട ഒരു കാര്യവും ചര്‍ച്ച ചെയ്തില്ലെന്നും നടന്നത് മുന്‍കൂട്ടി നിശ്ചയിച്ച ചര്‍ച്ച മാത്രമാണെന്നും യോഗത്തിനുശേഷം അസോസിയേഷന്‍ പ്രതിനിധികള്‍ പ്രതികരിച്ചു. വരുംവര്‍ഷത്തെ പ്രവേശനവിഷയവും സ്വാശ്രയ കോളജുകള്‍ നേരിടുന്ന പ്രതിസന്ധികളുമാണ് ചര്‍ച്ച ചെയ്തത്. ഫീസ് സംബന്ധിച്ച യാതൊരു നിര്‍ദേശവും മുന്നോട്ടുവച്ചില്ല. നിലവില്‍ ഒപ്പിട്ടിരിക്കുന്ന കരാര്‍പ്രകാരമുള്ള ഫീസ് തന്നെ ഈടാക്കും. മെറിറ്റ് സീറ്റിലെ പാവപ്പെട്ടവര്‍ക്ക് സ്‌കോളര്‍ഷിപ്പോ ഫീസിളവോ അനുവദിക്കാനാവില്ല. ഫീസിളവ് അടഞ്ഞ അധ്യായമാണ്. ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചയില്ലെന്നും മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി.
ചര്‍ച്ച പരാജയപ്പെട്ടതോടെ ശക്തമായ സമരവുമായി മുന്നോട്ടുപോവുമെന്ന് പ്രതിപക്ഷം അറിയിച്ചു. ഏഴുദിവസമായി നിയമസഭാ കവാടത്തില്‍ നിരാഹാരസമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എംഎല്‍എമാരായ ഹൈബി ഈഡനെയും ഷാഫി പറമ്പിലിനെയും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പകരം എംഎല്‍എമാരായ വി ടി ബല്‍റാമും റോജി എം ജോണും നിരാഹാരം ആരംഭിച്ചു. അനുഭാവ സത്യഗ്രഹം നടത്തിവന്ന ലീഗ് എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്നിനും പ്രഫ. ആബിദ് ഹുസയ്‌നും പകരം പി ഉബൈദുല്ലയും ടി വി ഇബ്രാഹീമും സത്യഗ്രഹമിരിക്കും. ഇന്നലെ വൈകീട്ട് ചേര്‍ന്ന അടിയന്തര യുഡിഎഫ് യോഗത്തിലും ശക്തമായ സമരവുമായി മുന്നോട്ടുപോവണമെന്ന വികാരമാണുണ്ടായത്.
വര്‍ധിപ്പിച്ച സ്വാശ്രയ മെഡിക്കല്‍ ഫീസ് കുറയ്ക്കാന്‍ തയ്യാറാണെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ അറിയിച്ചതോടെയാണ് സമവായത്തിനുള്ള സാധ്യതകള്‍ ഉരുത്തിരിഞ്ഞത്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മാനേജ്‌മെന്റുകളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ടുവച്ചു. തുടര്‍ന്നാണ് മൂന്നുതവണ ആരോഗ്യമന്ത്രിയുമായും പിന്നീട് മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയത്. ഇതിന് മുന്നോടിയായി അസോസിയേഷന്‍ യോഗം ചേരുകയും പ്രതിപക്ഷനേതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക