|    Jan 24 Tue, 2017 10:52 pm
FLASH NEWS

സ്വാശ്രയം: കരാറിലേര്‍പ്പെടാത്തവര്‍ക്കെതിരേ ശക്തമായ നടപടി

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാരുമായി കരാറുണ്ടാക്കാത്ത കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു. സര്‍ക്കാരുമായി കരാറുണ്ടാക്കാതിരിക്കുകയും സ്‌പോട്ട് അഡ്മിഷന്‍ അട്ടിമറിക്കുകയും ചെയ്ത കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകള്‍ക്കെതിരേ സര്‍ക്കാര്‍ വീണ്ടും സുപ്രിംകോടതിയെ സമീപിക്കും.
ജനങ്ങള്‍ അംഗീകരിച്ച ചരിത്രപ്രസിദ്ധമായ കരാറാണ് സര്‍ക്കാരുണ്ടാക്കിയത്. 20 കോളജുകളെ സര്‍ക്കാരിന്റെ വരുതിയില്‍ വരുത്താനും 25,000, 2.5 ലക്ഷം രൂപ ഫീസില്‍ പഠിപ്പിക്കാനുമുള്ള സാഹചര്യമുണ്ടാക്കി. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ മെറിറ്റ് സീറ്റുകളും ലഭിച്ചു. ആറുകോളജുകളെ കയറൂരിവിട്ട് കോടികള്‍ ഫീസ് വാങ്ങാന്‍ അനുമതി കൊടുത്തത് യുഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് സമരം നടത്തേണ്ടിയിരുന്നത് സ്വന്തം നിലയില്‍ പ്രവേശനം നടത്തിയ കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളുടെ മുറ്റത്തായിരുന്നു. അല്ലാതെ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും ഹൈബി ഈഡന്റെ സബ്മിഷന് മറുപടിയായി ആരോഗ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരുമായി കരാറുണ്ടാക്കാത്ത കരുണ, കണ്ണൂര്‍, കെഎംസിടി മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാരിന് നിയന്ത്രണമില്ലാത്ത സാഹചര്യത്തില്‍ പ്രവേശന മേല്‍നോട്ടസമിതിയായ ജെയിംസ് കമ്മിറ്റിയാണ് പ്രവേശനം സുതാര്യമാക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നത്.
എന്നാല്‍, കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് സജ്ജമാക്കാതെയും നീറ്റ് മെറിറ്റ് അടക്കമുള്ള പട്ടിക പ്രസിദ്ധീകരിക്കാതെയും നടത്തിയ പ്രവേശന നടപടികള്‍ ജെയിംസ് കമ്മിറ്റി റദ്ദാക്കി. ഇതിനെതിരേ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജെയിംസ് കമ്മിറ്റിയുടെ ഉത്തരവ് ശരിവച്ച്, പ്രവേശന പരീക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ പരാതിക്കാര്‍ക്കും അപേക്ഷ നിരസിച്ചവര്‍ക്കും അവസരം നല്‍കി ഈ കോളജുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്താനും ഇതുവരെ നടത്തിയ പ്രവേശനത്തിന്റെ വിവരങ്ങള്‍ ആ സമയത്ത് ഹാജരാക്കാനും ഉത്തരവിടുകയായിരുന്നു.
എന്നാല്‍, ഈ കോളജുകള്‍ വിദ്യാര്‍ഥികളുടെ നീറ്റ് റാങ്ക് പട്ടിക ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഹാജരാക്കാതെ സ്‌പോട്ട് അഡ്മിഷനില്‍നിന്ന് വിട്ടുനിന്നു. ഇതുസംബന്ധിച്ച് കമ്മീഷണര്‍ സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാളെ കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ നിശ്ചയിച്ച ഉയര്‍ന്ന ഫീസിന് ജെയിംസ് കമ്മിറ്റി അനുമതി നിഷേധിച്ചതാണ്. എന്നാല്‍, ഇതിനെതിരേ കോടതിയില്‍ പോയാണ് അവര്‍ ഉയര്‍ന്ന ഫീസിന് അനുമതി വാങ്ങിയത്. അല്ലാതെ സര്‍ക്കാരിന്റെ കരാറിന്റെ ഭാഗമായുണ്ടായ ഫീസ് വര്‍ധനവല്ലിത്. സര്‍ക്കാരുമായി കരാര്‍ ഒപ്പുവച്ചിരുന്നുവെങ്കിലും കുറഞ്ഞ ഫീസില്‍ ഈ കോളജുകളിലേക്ക് തങ്ങള്‍ക്കും പ്രവേശനം കിട്ടുമായിരുന്നുവെന്ന പരാതിയുമായി പല വിദ്യാര്‍ഥികളും തന്നെ സമീപിച്ചതായും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക