|    Nov 15 Thu, 2018 5:55 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

സ്വാമിയേ ശരണമയ്യപ്പ!

Published : 28th October 2018 | Posted By: kasim kzm

നാട്ടുകാര്യം – കുന്നത്തൂര്‍ രാധാകൃഷ്ണന്‍

ശബരിമലയിലെ ധര്‍മശാസ്താവ് ആകെ ധര്‍മസങ്കടത്തിലാണ്. ദര്‍ശനകാലത്ത് ഭക്തരുടെ ശരണംവിളികള്‍കൊണ്ട് ശബരിമല മുഖരിതമാവുമ്പോള്‍ ശാസ്താവ് സംതൃപ്തിയടയുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ എന്താണു സ്ഥിതി? നിലയ്ക്കലെ പുരുഷരോഷാഗ്നി എന്നു പറയപ്പെടുന്ന ‘അമ്പട ഞാനേ’ എന്ന ചപ്പടാച്ചിക്ക് എന്താണു മറുമരുന്ന്? ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രിംകോടതി വിധി ഇത്രമാത്രം പുലിവാലു പിടിക്കാന്‍ എന്താണു കാരണം?
നൈഷ്ഠിക ബ്രഹ്മചാരിയാണെങ്കിലും യുവതികളോട് അയ്യപ്പന് വിരോധമൊന്നുമില്ല. ”അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു” എന്നു പാടിനടക്കുന്നവരോടുപോലും വിരോധമില്ലെന്ന് രാഹുല്‍ ഈശ്വര്‍ എന്ന മഹാനുഭാവന്‍ തന്നെ പറയുന്നുണ്ടല്ലോ. തുളസി എന്ന മഹാനടനാണ് യഥാര്‍ഥത്തില്‍ നാടകത്തില്‍ ശോഭിച്ചത്. തുളസിയാണു താരം എന്നുപോലും പറഞ്ഞാല്‍ തെറ്റില്ല. തുളസിക്കതിരും രാമനാമവും ഇഷ്ടമാണെങ്കിലും തുളസി എന്ന മഹാനടന്റെ പ്രകടനം അതിഭാവുകത്വമായിപ്പോയില്ലേ എന്ന് ശാസ്താവ് ശങ്കിക്കുന്നുണ്ടെന്ന് കോരന്‍ എന്ന അസ്പൃശ്യനായ വഴിപോക്കന്‍ കരുതുന്നുണ്ടത്രേ. ശബരിമലയിലെത്തുന്ന യുവതികളെ രണ്ടായി കീറി ഒരു കഷണം മുഖ്യമന്ത്രിക്കും മറുകഷണം സുപ്രിംകോടതിക്കും അയച്ചുകൊടുക്കണമെന്നാണല്ലോ തുളസി പറഞ്ഞത്. സിനിമയിലും നാടകത്തിലും ജീവിതത്തിലും ഒരുപോലെ വില്ലന്‍വേഷം കെട്ടുന്ന ഒരേയൊരാള്‍ എന്ന നിലയില്‍ തുളസിക്ക് പ്രത്യേക അവാര്‍ഡ് നല്‍കണമെന്ന് ‘അമ്മ’ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കേള്‍ക്കുന്നു.
തുളസി പറഞ്ഞതില്‍ കണ്‍ഫ്യൂഷ്യസിനു പോലും തോന്നാവുന്ന കണ്‍ഫ്യൂഷനുണ്ട്. ശബരിമലയിലേക്ക് സാരിയും നാപ്കിനുമുടുത്ത പെണ്ണുമ്പിള്ളമാരെ പറഞ്ഞയച്ച് വിപ്ലവമുണ്ടാക്കണമെന്ന് ഓട്ടന്‍തുള്ളല്‍ മാതൃകയില്‍ പറഞ്ഞത് ജസ്റ്റിസ് ദീപക് മിശ്രയാണ്. അദ്ദേഹം അടിച്ചുപിരിഞ്ഞ് വാനപ്രസ്ഥത്തിലാണ്. സംഗതി അതായിരിക്കെ. തുളസി സുപ്രിംകോടതിക്ക് അയക്കുന്ന യുവതിയുടെ പാതിശരീരം മിശ്രയ്ക്ക് കിട്ടുമോ എന്നാണു ചോദ്യം. ഈ ചോദ്യത്തിന് അധികം ആയുസ്സില്ലാതിരുന്നതു മഹാഭാഗ്യം. മറിച്ചായിരുന്നുവെങ്കില്‍ തുളസിയുടെ ‘പാഴ്‌സല്‍’ ഏറ്റുവാങ്ങുന്നതു സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കേണ്ടിവരുമായിരുന്നു. അതൊന്നും വേണ്ടിവന്നില്ല. അതിനു മുമ്പ് തുളസി മഹാവായ തുറന്നു:
”ഞാന്‍ യുവതികളെ കീറുമെന്നു പറഞ്ഞത് ശരിയാണ്. പൊതുയോഗം സിനിമാ ഷൂട്ടിങിന് ഒരുക്കിയതാണെന്നും ഡയലോഗ് സിനിമയിലേതാണെന്നുമാണ് ഞാന്‍ കരുതിയത്. ശബരിമല ഒരു വിസ്മയം എന്ന സിനിമയുടെ ഷൂട്ടിങാണു നടക്കുന്നതെന്നാണ് സംഘാടകര്‍ എന്നോടു പറഞ്ഞത്. നാട്ടുകാര്‍ തെറ്റിദ്ധരിക്കപ്പെട്ടതില്‍ ഞാന്‍ കമിഴ്ന്നുകിടന്ന് മാപ്പു ചോദിക്കുന്നു.”
തുളസി സംഘപരിവാരത്തിന്റെ ആളൊന്നുമല്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞതിനാലും അദ്ദേഹം അഭിഭാഷകനായതിനാലും മറ്റു പലതിനാലും അതു സത്യമാണ്. എന്നാല്‍, തന്നെ തെറ്റിദ്ധരിപ്പിച്ച് പമ്പരവിഡ്ഢിയാക്കിയതിന് തുളസി മഹാനുഭാവന്‍ വിശ്വാസവഞ്ചനയ്ക്ക് കേസ് കൊടുക്കാന്‍ പോവുകയാണത്രേ. തുളസിയുടെ അഭിഭാഷകന്‍ ആരായിരിക്കും? പിള്ളയല്ലാതെ മറ്റാര് മോനെ! രാഹുല്‍ ഈശ്വര്‍ എന്ന ദിവ്യാത്മാവിനെ പൂവിട്ടുതൊഴാന്‍ മറക്കരുത് എന്നു പറയാന്‍ ഈ അവസരവും ഇനി വരുന്ന അവസരവും ഉപയോഗിക്കുകയാണ്. യുവതികള്‍ പതിനെട്ടാംപടിക്കടുത്തെത്തിയാല്‍ ചോര ഇറ്റിച്ച് തടയാന്‍ ഈശ്വരന്‍ പദ്ധതിയിട്ടിരുന്നുവത്രേ. ഈശ്വരന്‍ എന്ന് പേരില്‍ തന്നെ ഉള്ളതിനാല്‍ ആശാന് നുണപറയാനാവില്ലെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞല്ലോ!
സംഗതിയുടെ കിടപ്പ് അതല്ല. ശബരിമല അശുദ്ധമാക്കുന്നതിനെതിരായ മഹാവിപ്ലവത്തിനെതിരേ നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് ഇടതുസര്‍ക്കാര്‍ പോലിസിനെ ഇളക്കിവിടുന്നതാണു മനസ്സിലാക്കാനാവാത്തത്. മാര്‍ക്‌സിസ്റ്റ് അഹങ്കാരികളെ ഒരു പാഠംപഠിപ്പിക്കാന്‍ തന്നെയാണു തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പാണു വരുന്നതെന്ന് ഓര്‍മ വേണം. അതിനു മുമ്പ് സെക്കുലര്‍ അയ്യപ്പനെ സൃഷ്ടിക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട.
ചെന്നിത്തലയില്‍ ആകാശത്തു നിന്ന് ആപ്പിള്‍ വീണപ്പോഴാണ് രമേശ് എന്ന മഹാശയന് കാര്യം ബോധ്യപ്പെട്ടത്. സുപ്രിംകോടതി വിധി മഹാസംഭവമാണെന്നാണ് ആശാന്‍ ആദ്യം പറഞ്ഞത്. കാംഗ്രസ് വോട്ട് സംഘികള്‍ റാഞ്ചുമെന്ന് കണ്ടപ്പോള്‍ പ്ലേറ്റ് മാറ്റി. ഹേയ്! കോടതിവിധി ശരിയല്ല. യുവതികള്‍ ഔട്ട്. ശാസ്താവ് സിന്ദാബാദ്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss