|    Feb 28 Tue, 2017 9:06 am
FLASH NEWS

സ്വാതന്ത്ര്യസമര ചരിത്രത്തിലെ കൂട്ടക്കുരുതിയുടെ ഓര്‍മകള്‍ക്ക്് 95 വയസ്സ്

Published : 19th November 2016 | Posted By: SMR

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: മലബാറില്‍ നിന്ന് ബ്രിട്ടീഷ് പട്ടാളം പിടിച്ചവര്‍ റെയില്‍വേ വാഗണില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ദുരന്ത നാളുകള്‍ക്ക് 95 വയസ്സ് തികയുന്നു. 1921ലെ മാപ്പിള ലഹളയെത്തുടര്‍ന്ന് നവംബര്‍ 10ന് ബ്രിട്ടീഷ് പട്ടാളം തിരൂരില്‍ നിന്നു കോയമ്പത്തൂര്‍ ജയിലിലടക്കാന്‍ റെയില്‍വേയുടെ ചരക്ക് വാഗണില്‍ കുത്തിനിറച്ച് കൊണ്ടുപോയ തടവുകാര്‍ ശ്വാസം മുട്ടിമരിച്ച ആ കറുത്ത ദിനം ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ ക്രൂരതയ്ക്ക്്് വേദിയായത് തിരൂരായിരുന്നെങ്കിലും മരിച്ചവരിലേറെയും ചെമ്മലശ്ശേരി കുരുവമ്പലം ദേശക്കാരായിരുന്നു.  ദുരന്തത്തില്‍ മരിച്ചവരാരും വാഗണ്‍ ദുരന്ത ചരിത്രത്തിലെ അധ്യായങ്ങളില്‍ ഇടം പിടിച്ചില്ല. മരിച്ച മുസ്്‌ലിംകളെ തിരൂരിലെ കോരങ്ങത്ത് ജുമാമസ്ജിദിലെയും കോട്ടമസ്ജിദിലെയും ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്. ഹൈന്ദവ പോരാളികളെ പൊതുശ്മശാനത്തിലും മറവുചെയ്തു. വാഗണില്‍ തിരുകിക്കയറ്റിയ 72 പേരില്‍ 70 പേരും മരിച്ചു. രണ്ടുപേര്‍ രക്ഷപ്പെട്ടു. അന്ന്്് വാഗണില്‍ നിന്നു രക്ഷപ്പെട്ട മലപ്പുറം കോട്ടപ്പടിയിലെ വയല്‍ക്കര കൊന്നോല അഹമ്മദുഹാജി ദുരന്തത്തെ കുറിച്ച് വിവരിക്കുന്നതിങ്ങനെ- അന്ന് ഒരു വെള്ളിയാഴ്ച്ച തന്നെയും ജേഷ്ഠന്‍ യൂസുഫിനെയും പോലിസ് വീട്ടില്‍നിന്നു പിടിച്ചു. പുലാമന്തോള്‍ പാലം പൊളിച്ചുവെന്നായിരുന്നു കുറ്റം. ദിവസത്തില്‍ ഒരു നേരം ഉപ്പിടാത്ത ചോറായിരുന്നു കിട്ടിയിരുന്നത്. ശൗച്യം ചെയ്യാന്‍ ഒരാഴ്ചക്കത്തേക്ക് ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല. 20ാം തിയതി രാവിലെ നന്നാലുപേരെ വീതം കൂട്ടിക്കെട്ടി. കഴുതവണ്ടികളും കാളവണ്ടികളും തയ്യാറായി നിന്നിരുന്നു. ഓരോ വണ്ടിക്കും ഇടയിലായി ഞങ്ങളെ നിര്‍ത്തി. വണ്ടികള്‍ ഓടാന്‍ തുടങ്ങി. പിന്നാലെ ഞങ്ങളും. ഓട്ടത്തിനല്‍പ്പം വേഗത കുറഞ്ഞാല്‍ പിന്നാലെയുള്ള വണ്ടിയില്‍ നിന്ന് നീണ്ടുവരുന്ന ബയണറ്റുകള്‍ ശരീരത്തില്‍ ആഞ്ഞുതറയ്ക്കും. ഓടിയും ചാടിയും കുന്നും കുഴിയും മലയും വയലും താണ്ടി ഉച്ചയോടെ കോട്ടക്കലില്‍ എത്തിച്ചേര്‍ന്നു. സന്ധ്യയോടെ തിരൂരിലെത്തി. എല്ലാവരെയും പ്ലാറ്റ്‌ഫോമില്‍ ഇരുത്തി. പലരും തളര്‍ന്നുറങ്ങിപ്പോയി. ഏകദേശം അറുനൂറോളം തടവുകാരെ അവിടെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ഏഴു മണിയോടെയാണ് വാഗണുമായി വണ്ടി വന്നത്. വാതില്‍ തുറന്നു പിടിച്ച് ഞങ്ങളെ വാഗണില്‍ കുത്തിനിറക്കാന്‍ തുടങ്ങി. നൂറുപേര്‍ അകത്തായപ്പോഴേക്കും പലരുടെയും പിന്‍ഭാഗവും കൈകാലുകളും പുറത്തേക്ക് തള്ളിനില്‍ക്കാന്‍ തുടങ്ങിയിരുന്നു. അകത്തുകടന്നവരുടെ കാലുകള്‍ നിലത്തു തൊട്ടിരുന്നില്ല. 200 പാദങ്ങള്‍ ഒരുമിച്ചമരാനുള്ള സ്ഥലസൗകര്യം ആ വാഗണിനുണ്ടായിരുന്നില്ല. ഒറ്റക്കാലില്‍ മേല്‍ക്കുമേല്‍ നിലം തൊടാതെ യാത്ര തുടങ്ങി.  ദാഹം സഹിക്കവയ്യാതെ തൊണ്ടപൊട്ടുമാറ് ഞങ്ങള്‍ ആര്‍ത്തു കരഞ്ഞു. കൈക്കുമ്പിളില്‍ മൂത്രമൊഴിച്ച് കുടിച്ച് ദാഹം തീര്‍ക്കാന്‍ വിഫലശ്രമം നടത്തി. അന്യോന്യം മാന്തിപ്പറിക്കാനും കടിച്ചുവലിക്കാനും തുടങ്ങി. മരണവെപ്രാളത്തില്‍ സഹോദര മിത്ര ബന്ധം മറന്നു. പുലര്‍ച്ചെ നാലു മണിക്കാണ് വണ്ടി പോത്തന്നൂര്‍ സ്‌റ്റേഷനിലെത്തിയത്. മുറിക്കുള്ളില്‍ കണ്ട ഭീകര ദൃശ്യം ആ പിശാചുകളെ തന്നെ ഞട്ടിച്ചു. 64 പേരാണ് കണ്ണുതുറിച്ച് ഒരുമുഴം നാക്കുനീട്ടി മരിച്ചുകിടക്കുന്നത്. ഞങ്ങളെ നേരെ കോയമ്പത്തൂര്‍ ആശുപത്രിയിലേയ്്്ക്ക് കൊണ്ടുപോയി.ജീവനില്ലാത്തവരെ തിരൂരിലേയ്്്ക്കുതന്നെ മടക്കി. ഈ ക്രൂരകൃത്യത്തില്‍ രക്തസാക്ഷിത്വം വരിച്ച ഈ ദേശത്തുകാരുടെ ഓര്‍മക്കായി ഭരണകൂടങ്ങള്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെങ്കിലും ജില്ലാ പഞ്ചായത്ത് നിര്‍മിച്ച കുരുവമ്പലത്തെ വാഗണ്‍ ട്രാജഡി സ്മാരക മന്ദിരം അവഗണനയിലും ധീര ദേശാഭിമാനികളുടെ ജ്വലിക്കുന്ന ഓര്‍മകള്‍ നാടിനു പകര്‍ന്നു നല്‍കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day