|    May 23 Wed, 2018 6:20 pm
FLASH NEWS

സ്വാതന്ത്ര്യസമരവും ആര്‍എസ്എസും തമ്മിലെന്ത് ?

Published : 31st August 2017 | Posted By: G.A.G

കുന്നത്തൂര്‍ രാധാകൃഷ്ണന്‍ 

സംഘപരിവാരത്തിന്റെ ഹിംസാത്മകവും പ്രതിലോമപരവുമായ രാഷ്ട്രീയം ആഘോഷിക്കപ്പെടുന്നത് ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്റെയും പേരിലാണ് പശുവിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കും ഭാരതീയ സംസ്‌കാരത്തിന്റെ പേരില്‍ ബുദ്ധിജീവികള്‍ക്കും കലാകാരന്‍മാര്‍ക്കുമെതിരേ അവര്‍ നടത്തുന്ന ആക്രമണങ്ങള്‍ രാജ്യസ്‌നേഹത്തിന്റെ പേരില്‍ ന്യായീകരിക്കപ്പെടുന്നു. സംഘപരിവാരം പോലെ രാജ്യസ്‌നേഹത്തിനുവേണ്ടി പൊരുതുന്ന മറ്റാരും ഇന്ത്യയിലില്ല എന്ന രീതിയിലാണ് പ്രചാരണം.
തങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരെല്ലാം അവര്‍ക്ക് ദേശദ്രോഹികളാണ്. മൂന്നു വിഭാഗങ്ങളാണ് -മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകാര്‍- അവരുടെ ഏറ്റവും വലിയ ശത്രുക്കള്‍. രാജ്യചരിത്രത്തില്‍ അജ്ഞാനികളായ ചില മാധ്യമപ്രവര്‍ത്തകരും സംഘപരിവാരത്തിന്റെ ഘോഷയാത്രയില്‍ ചേര്‍ന്നിരുന്നു. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന സംഘപരിവാരം കഴിഞ്ഞ കാലങ്ങളില്‍ എന്തായിരുന്നു എന്ന കാര്യത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അജ്ഞത വിദ്വേഷരാഷ്ട്രീയത്തിന് അതിവേഗം വളമാവുന്നതിനാണ് വര്‍ത്തമാന ഇന്ത്യ സാക്ഷ്യംവഹിക്കുന്നത്.


ഇപ്പോള്‍ ഘോരഘോരം രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്ന ആര്‍എസ്എസ് സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടിഷുകാര്‍ക്ക് പാദസേവ ചെയ്തു എന്ന യാഥാര്‍ഥ്യമാണ് സമര്‍ഥമായി മറച്ചുവയ്ക്കപ്പെടുന്നത്. ആര്‍എസ്എസ് സ്വയം എടുത്തണിയുന്ന ദേശീയതയ്ക്ക് കടകവിരുദ്ധവും രാജ്യദ്രോഹ പ്രചോദികവുമായ നിലപാടുകളായിരുന്നു നിസ്സഹകരണപ്രസ്ഥാന കാലത്തും രാജ്യം തിളച്ചുമറിഞ്ഞ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാന കാലത്തുപോലും അവര്‍ സ്വീകരിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
1999 മാര്‍ച്ച് 18ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ആര്‍എസ്എസ് സ്ഥാപകനായ കെ ബി ഹെഡ്‌ഗെവാറുടെ സ്മരണാര്‍ഥം ഒരു തപാല്‍സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു. ഹെഡ്‌ഗെവാര്‍ വലിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു എന്ന നിലയിലാണ് അന്ന് അവതരിക്കപ്പെട്ടത്. ആര്‍എസ്എസ് സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകം പേറുന്ന സംഘടനയാണ് എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. ഇന്ത്യന്‍ ജനതയെ വഞ്ചിച്ച ചരിത്രത്തില്‍നിന്ന് അങ്ങനെ ആര്‍എസ്എസിനെ രക്ഷിക്കാനാവുമെന്നായിരുന്നു കണക്കുകൂട്ടല്‍.


എന്നാല്‍, സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ് പങ്കാളിയായില്ലെന്ന് മാത്രമല്ല, അതിനെ തടസ്സപ്പെടുത്തുകകൂടി ചെയ്തിട്ടുണ്ട് എന്നതാണ് വസ്തുത.
എന്നാല്‍, കോണ്‍ഗ്രസ്സുകാരനെന്ന നിലയില്‍ ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ (1919-1924) പങ്കെടുത്തതിന് അദ്ദേഹത്തെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ ഹെഡ്‌ഗെവാറുടെ അവസാനത്തെ പങ്കാളിത്തമായിരുന്നു അത്. സവര്‍ക്കറുടെ ഹിന്ദുത്വ ആശയത്തില്‍ പ്രചോദിതനായ അദ്ദേഹം 1925ല്‍ ആര്‍എസ്എസ് സ്ഥാപിച്ചു.
1930ല്‍ മഹാത്മജി ഉപ്പുസത്യഗ്രഹം ആരംഭിച്ചപ്പോള്‍ ആര്‍എസ്എസ് ആ പ്രക്ഷോഭത്തില്‍ പങ്കെടുക്കില്ലെന്ന് എല്ലായിടത്തേക്കും സന്ദേശമയച്ചുവെന്ന് ഹെഡ്‌ഗെവാര്‍ വ്യക്തമാക്കുന്നത് അദ്ദേഹത്തിന്റെ ജീവചരിത്ര ഗ്രന്ഥമാണ്. എന്നാല്‍, ഉപ്പ് സത്യഗ്രഹത്തില്‍ വ്യക്തിപരമായി പങ്കെടുക്കുന്നതിനെ സംഘടന വിലക്കിയില്ല. അതിനര്‍ഥം ഉത്തരവാദിത്തമുള്ള ഒരു പ്രവര്‍ത്തകനും പ്രക്ഷോഭത്തില്‍ പങ്കെടുക്കരുതെന്നാണ്. സമരത്തില്‍ പങ്കെടുക്കുന്നതിന് ആര്‍എസ്എസ് അണികളില്‍ ആവേശക്കുറവൊന്നുമില്ലായിരുന്നു. എന്നാല്‍, ഹെഡ്‌ഗെവാര്‍ ആ ആവേശത്തെ നിരുല്‍സാഹപ്പെടുത്തി. ഹെഡ്‌ഗെവാറുടെ പിന്‍ഗാമിയായ ഗോള്‍വാള്‍ക്കാര്‍ എഴുതിയത് വായിച്ചാല്‍ ഏതു രാജ്യസ്‌നേഹിയും നടുങ്ങിപ്പോവും.
‘എപ്പോഴും പതിവുജോലികളില്‍ മുഴുകുന്നതിന് മറ്റൊരു കാരണമുണ്ടായിരുന്നു. രാജ്യത്ത് അടിക്കടി കുഴപ്പങ്ങളുണ്ടായിരുന്നു. 1940ല്‍ ഇത്തരം അസ്വാസ്ഥ്യങ്ങളുണ്ടായി. അതിനു മുമ്പ് 1930-31 കാലത്തും പ്രക്ഷോഭങ്ങളുണ്ടായി. ആ സമയത്ത് ഒരു പ്രതിനിധിസംഘം ഡോക്ടര്‍ജി (ഹെഡ്‌ഗെവാര്‍)യെ സന്ദര്‍ശിക്കാനെത്തി. നിലവിലുള്ള പ്രസ്ഥാനം ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും സംഘം പിറകോട്ട് പോവരുതെന്നും പ്രതിനിധിസംഘം ഡോക്ടര്‍ജിയോട് അഭ്യര്‍ഥിച്ചു. ഈ സന്ദര്‍ഭത്തില്‍ താന്‍ ജയിലില്‍ പോവാന്‍ ഒരുക്കമാണെന്ന് ഒരു മാന്യന്‍ ഡോക്ടര്‍ജിയെ അറിയിച്ചു. ഡോക്ടര്‍ജി പറഞ്ഞു” തീര്‍ച്ചയായും പോവണം. പക്ഷേ, നിങ്ങളുടെ കുടുംബത്തെ ആര് സംരക്ഷിക്കും?” രണ്ടുകൊല്ലത്തേക്ക് കുടുംബകാര്യം നോക്കാന്‍ മാത്രമല്ല, ആവശ്യമായ പിഴയൊടുക്കുന്നതിനും താന്‍ പണം കരുതിവച്ചിട്ടുണ്ട്.” എന്നായിരുന്നു അയാളുടെ മറുപടി. അത്ര പണമൊക്കെയുണ്ടെങ്കില്‍ സംഘത്തിനുവേണ്ടി രണ്ടുവര്‍ഷം പ്രവര്‍ത്തിക്കാനായിരുന്നു ഡോക്ടര്‍ ജി അയാളോട് ആവശ്യപ്പെട്ടത്. വീട്ടിലേക്ക് തിരിച്ചുപോയ അയാള്‍ ജയിലില്‍ പോവുകയോ സംഘത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയോ ഉണ്ടായില്ല.
ആര്‍എസ്എസ് നേതൃത്വം സത്യസന്ധരായ ദേശസ്‌നേഹികളുടെ ആത്മവീര്യം കെടുത്തി, അവരെ സ്വാതന്ത്ര്യസമരത്തില്‍നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിച്ചുവെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
നിസ്സഹകരണപ്രസ്ഥാനവും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ രണ്ടു സുപ്രധാന നാഴികക്കല്ലുകളാണ്. ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം തുടങ്ങിയ വേളയില്‍ ബ്രിട്ടിഷ് സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് ഒരു കുറിപ്പ് പുറത്തിറക്കുകയുണ്ടായി. ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ ആര്‍എസ്എസ് നേതാക്കള്‍ സന്ദര്‍ശിച്ചുവെന്നും സിവിക് ഗാര്‍ഡുകളില്‍ ചേരാന്‍ സംഘാംഗങ്ങളെ പ്രോല്‍സാഹിപ്പിക്കാം എന്ന് അവര്‍ ഉറപ്പ് നല്‍കിയെന്നുമാണ് കുറിപ്പ് വ്യക്തമാക്കിയത്. ആഭ്യന്തര സുരക്ഷാഭീഷണി നേരിടാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ രൂപീകരിച്ചതായിരുന്നു സിവിക് ഗാര്‍ഡുകള്‍. ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് തങ്ങളെ ആര്‍എസ്എസ് നേതൃത്വം പിന്തിരിപ്പിച്ചതില്‍ പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ടായിരുന്നു.
സാമ്രാജ്യത്വ അധീശത്വം ഒരു അനീതിയായി പരിഗണിക്കാന്‍പോലും ആര്‍എസ്എസ് തയ്യാറല്ല. 1942 ജൂണ്‍ എട്ടിന്റെ പ്രസംഗത്തില്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞു: ”സമൂഹത്തിന്റെ ഇന്നത്തെ അപമാനകരമായ അവസ്ഥയ്ക്ക് ആരെയും കുറ്റപ്പെടുത്താന്‍ സംഘം ആഗ്രഹിക്കുന്നില്ല. ആളുകള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ തുടങ്ങുമ്പോള്‍ അവരില്‍ ഒരു ദൗര്‍ബല്യമുണ്ടാവുന്നു. ദുര്‍ബലമായതിനോട് അനീതി കാണിച്ചതിന് കരുത്തുള്ളതിനെ കുറ്റപ്പെടുത്തുന്നത് വൃഥാവ്യായാമമാണ്. മറ്റുള്ളവരെ ശകാരിക്കുകയും വിമര്‍ശിക്കുകയും ചെയ്ത് വിലയേറിയ സമയം പാഴാക്കാന്‍ സംഘം തയ്യാറല്ല. വലിയ മല്‍സ്യം ചെറുതിനെ വിഴുങ്ങുമെന്ന് നാം മനസ്സിലാക്കുന്നുവെങ്കില്‍, അതിന് വലിയ മല്‍സ്യത്തെ കുറ്റപ്പെടുത്തുന്നത് ശുദ്ധ ഭ്രാന്താണ്. അത് നല്ലതായാലും മോശമായാലും എക്കാലത്തും യഥാര്‍ഥമാണ്. അന്യായമെന്ന് വിശേഷിപ്പിച്ചതുകൊണ്ട് ഈ ഭരണം മാറാന്‍ പോവുന്നില്ല”.
ബ്രിട്ടിഷുകാര്‍ സൃഷ്ടിച്ച ക്ഷാമത്തിന്റെ ഫലമായി ബംഗാളില്‍ ചുരുങ്ങിയത് 30 ലക്ഷം ഇന്ത്യക്കാര്‍ മരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മേല്‍പ്പറഞ്ഞ പ്രസംഗം. ഹെഡ്‌ഗെവാറിനെക്കുറിച്ച് ഇതുവരെ ലഭ്യമായ ആര്‍എസ്എസ് സാഹിത്യത്തിലൊന്നും അദ്ദേഹം വെള്ളക്കാരുടെ കിരാതവും മനുഷ്യത്വവിരുദ്ധവുമായ ഭരണത്തിനെതിരേ പരോക്ഷമായി ശബ്ദിച്ചതായി പോലും പറയുന്നില്ല എന്നറിയുന്നത് കൗതുകകരമായിരിക്കും.
ഹിന്ദുരാഷ്ട്രം എന്നു തീര്‍ത്തും നിഷേധാത്മകമായ മുദ്രാവാക്യം വഴി, ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരായ ഇന്ത്യന്‍ ജനതയുടെ ഏകീകൃത സമരത്തെ സ്ഥിരമായി തടസ്സപ്പെടുത്തി എന്നതാണ് ആര്‍എസ്എസിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന.
ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് ആര്‍എസ്എസ് 1948 ഫെബ്രുവരി നാലിന് നിരോധിക്കപ്പെട്ടത്. രാജ്യത്തിന്റെ സ്വാതന്ത്ര്യം അപകടപ്പെടുത്തുകയും അതിന്റെ പേര് താറടിച്ചു കാണിക്കുകയും ചെയ്യുന്ന ഛിദ്രശക്തികളെ പിഴുതെറിയാന്‍ തീരുമാനിച്ചുവെന്നാണ് 1948 ഫെബ്രുവരി രണ്ടിന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ അറിയിച്ചത്. ഗാന്ധിയുടെ വധത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മധുരപലഹാരം വിതരണം ചെയ്തവരാണ് ആര്‍എസ്എസുകാര്‍. ദേശീയ പതാകയെയും ഭരണഘടനയെയും അവര്‍ അംഗീകരിക്കുന്നില്ല. അക്കാര്യം അവര്‍ നേരത്തേതന്നെ വ്യക്തമാക്കിയതാണ്. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സേക്ക് ഹിന്ദു മഹാസഭയിലും ആര്‍എസ്എസിലും അംഗത്വമുണ്ടായിരുന്നു. ഗോഡ്‌സെയുമായി തങ്ങള്‍ക്ക് ബന്ധമില്ല എന്ന് വരുത്തേണ്ടത് ആര്‍എസ്എസ്സിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. അതവര്‍ ചെയ്യുന്നുവെന്നു മാത്രം.
ആര്‍എസ്എസ് അങ്ങേയറ്റം ആദരിക്കുന്ന നേതാവാണ് സവര്‍ക്കര്‍. ഒരിക്കല്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തുവെങ്കിലും അന്തമാനിലെ തടങ്കല്‍ ജീവിതത്തിനു ശേഷം ബ്രിട്ടിഷുകാരെ സേവിച്ച ചരിത്രമാണ് സവര്‍ക്കറുടേത്. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊള്ളുമ്പോള്‍ മതസ്പര്‍ധ വളര്‍ത്തി, അതിനെ തളര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്.
ഗാന്ധിവധത്തില്‍ സവര്‍ക്കര്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും അദ്ദേഹം ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് ജസ്റ്റിസ് ജീവന്‍ലാല്‍ കപൂര്‍ കമ്മീഷന്‍ കണ്ടെത്തി എന്നത് യാഥാര്‍ഥ്യമാണ്. നേരത്തേ മൊഴി നല്‍കാതിരുന്ന സവര്‍ക്കറുടെ രണ്ട് സഹപ്രവര്‍ത്തകര്‍ കമ്മീഷന്‍ മുമ്പാകെ നല്‍കിയ പ്രസ്താവനയാണ് ഈ കണ്ടെത്തലിന് ആധാരം. സവര്‍ക്കറുടെ അംഗരക്ഷകനായ അപ്പാ രാമചന്ദ്രയുടെ മൊഴിയാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്. ഗാന്ധിജിയെ കൊലപ്പെടുത്തുന്നതിനു മുമ്പ് ഗോഡ്‌സെയുമായും മറ്റും സവര്‍ക്കര്‍ കൂടിക്കാഴ്ച നടത്തി എന്നായിരുന്നു രാമചന്ദ്രയുടെ നിര്‍ണായക മൊഴി.
ബ്രിട്ടനെതിരേ പൊരുതുന്നത് നിര്‍ത്താന്‍ സവര്‍ക്കര്‍, ധീരവിപ്ലവകാരി ചന്ദ്രശേഖര്‍ ആസാദിന് പണം വാഗ്ദാനം ചെയ്യുകയുണ്ടായി. സായുധസമരവുമായി ബന്ധപ്പെട്ട് ഭഗത്‌സിങ് അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തെ മോചിപ്പിക്കാന്‍വേണ്ടി ആസാദ് ധനസമാഹരണം നടത്തി. അതിന്റെ ഭാഗമായി എഴുത്തുകാരനും തന്റെ സഹപ്രവര്‍ത്തകനുമായ യശ്പാലിനെ ആസാദ്  സവര്‍ക്കറുടെ അടുത്തേക്കയച്ചു. അരലക്ഷം രൂപ നല്‍കാമെന്ന് ഉപാധികളോടെ സവര്‍ക്കര്‍ സമ്മതിച്ചു. എന്തായിരുന്നു ഉപാധികള്‍?
ഒന്ന്: ആസാദും അദ്ദേഹത്തിന്റെ സംഘടനയായ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപബ്ലിക്കന്‍ ആര്‍മി (എച്ച്എസ്ആര്‍എ)യും ബ്രിട്ടനെതിരായ പോരാട്ടം അവസാനിപ്പിക്കണം.
രണ്ട്: മുഹമ്മദലി ജിന്നയെയും മറ്റ് മുസ്‌ലിംകളെയും കൊലപ്പെടുത്തണം.
അന്ന് സവര്‍ക്കറുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ‘സിംഘാവലോകന്‍’ എന്ന ആത്മകഥയില്‍ യശ്പാല്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
തന്റെ ഫൈറ്റര്‍ ഫോര്‍ ഫ്രീഡം റൈറ്റര്‍ ഫോര്‍ ജസ്റ്റിസ് എന്ന മറ്റൊരു ഗ്രന്ഥത്തില്‍ യശ്പാല്‍ ആ കൂടിക്കാഴ്ചയെക്കുറിച്ച് ഇപ്രകാരം പറയുന്നു.
”സവര്‍ക്കര്‍ എന്റെ അഭ്യര്‍ഥന നിരസിച്ചില്ല. എന്നാല്‍, അദ്ദേഹം തന്റെ കാഴ്ചപ്പാടുകളും ലക്ഷ്യവും പ്രകടിപ്പിച്ചു. അദ്ദേഹം പറഞ്ഞു: വിദേശീയ പാരതന്ത്ര്യത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ജിന്നയെ ഇല്ലാതാക്കാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കുന്നുവെങ്കില്‍ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്കുള്ള വലിയ തടസ്സം നീങ്ങിക്കിട്ടും. അതിനായി അരലക്ഷം രൂപ നല്‍കാന്‍ ഞാനൊരുക്കമാണ്.”
സവര്‍ക്കറുടെ വാഗ്ദാനമറിഞ്ഞ ചന്ദ്രശേഖര്‍ ആസാദിന്റെ പ്രതികരണം എന്തായിരുന്നു?
”അയാള്‍ നമ്മളെ, സ്വാതന്ത്ര്യസമര പോരാളികളായിട്ടല്ല, വാടകക്കൊലയാളികളായിട്ടാണ് പരിഗണിക്കുന്നത്. അയാള്‍ ബ്രിട്ടിഷുകാരുമായി കൈകോര്‍ത്തിരിക്കുകയാണ്. നമ്മുടെ പോരാട്ടം ബ്രിട്ടിഷുകാര്‍ക്കെതിരാണ്. നാം എന്തിന് മുസ്‌ലിംകളെ കൊല്ലണം. സവര്‍ക്കറുടെ പണം നമുക്കാവശ്യമില്ല.”
ആര്‍എസ്എസിന്റെയും അവരുടെ ബിംബമായ സവര്‍ക്കറുടെയും വഞ്ചനാപരമായ ഭൂതകാല നിലപാടുകളാണ് മുകളില്‍ വിവരിച്ചത്. വസ്തുത ഇതായിരിക്കെ അവര്‍ വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നു; ഞങ്ങളാണ് യഥാര്‍ഥ രാജ്യസ്‌നേഹികള്‍. നിങ്ങള്‍ വെറും ദേശദ്രോഹികള്‍ മാത്രം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss