|    Jul 23 Sun, 2017 12:28 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സ്വാതന്ത്ര്യദിനം: ഇന്ത്യന്‍ അതിര്‍ത്തിയില്‍ താലിബാന്‍ ആക്രമണത്തിന് സാധ്യതയെന്ന് പാകിസ്താന്‍

Published : 13th August 2016 | Posted By: SMR

ഇസ്‌ലാമാബാദ്: വാഗാ അതിര്‍ത്തിയിലും ഗണ്ടാസിങ് അതിര്‍ത്തിയിലും താലിബാന്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി പാക് തീവ്രവാദ വിരുദ്ധ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ ബോംബുധാരികളെ ഉപയോഗിച്ച് ആക്രമണം നടത്താനാണ് പദ്ധതിയെന്നും മുന്നറിയിപ്പില്‍ പറയുന്നു. പഞ്ചാബ് ഡയറക്ടര്‍ ജനറല്‍ ഓഫ് പാകിസ്താന്‍ റെയ്‌ഞ്ചേഴ്‌സിനും ആഭ്യന്തരവകുപ്പിനും പഞ്ചാബ് പോലിസ് മേധാവിക്കും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെഹ്‌രീകെ താലിബാന്റെ ഫസലുല്ലാ വിഭാഗമാണ് ആഗസ്ത് 13,14,15 തിയ്യതികളില്‍ ആക്രമണത്തിനു പദ്ധതിയിട്ടിരിക്കുന്നത്. ഇരു രാജ്യങ്ങളിലെയും സ്വാതന്ത്ര്യദിന പരേഡ് ആണ് ലക്ഷ്യം. ആക്രമണം നടത്താന്‍ രണ്ട് ബോംബുധാരികളെ ഇന്ത്യയിലേക്കയച്ചിട്ടുണ്ടെന്നും പാക് തീവ്രവാദവിരുദ്ധവിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പ്രവിശ്യയില്‍ 16 ബോംബുധാരികള്‍ പ്രവേശിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പഞ്ചാബ് ആഭ്യന്തരവിഭാഗവും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയില്‍ അന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ അറസ്റ്റ് ചെയ്തു. 50ഓളം പേരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത മിക്കവരുടെയും കൈയില്‍ തിരിച്ചറിയല്‍ രേഖകളില്ലെന്ന് പഞ്ചാബ് പോലിസ് അറിയിച്ചു.
പാക് സ്വാതന്ത്ര്യ ദിനമായ ആഗസ്ത് 14ന് പൊതുസ്ഥലങ്ങള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 2014ല്‍ വാഗാ അതിര്‍ത്തിയിലുണ്ടായ ആക്രമണത്തില്‍ 60 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക