|    Oct 17 Wed, 2018 4:35 am
FLASH NEWS

സ്വാതന്ത്ര്യം തേടുന്നവര്‍ക്ക് അശാന്തി കൂടപ്പിറപ്പ്: പ്രഫ. എം കെ സാനു

Published : 13th December 2017 | Posted By: kasim kzm

തൃശൂര്‍: സ്വാതന്ത്ര്യം തേടുന്ന മനസ്സുകള്‍ക്ക് അശാന്തി കൂടപ്പിറപ്പാണെന്ന് പ്രഫ. എം കെ സാനു പറഞ്ഞു. കേരള സാഹിത്യ അക്കാദമിയും എം കെ സാനു ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച സി ജെ തോമസ് ജന്മശതാബ്ദി  സമ്മേളനത്തില്‍ സി ജെ അനുസ്മരണപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യാന്വേഷികള്‍ ഒരു പ്രമാണവും കൂടെ കൊണ്ടുനടക്കുന്നില്ല. അതുവരെ വിശ്വസിച്ചതിനെ എതിര്‍ത്തിട്ടുപോലും അവര്‍ മുന്നോട്ടുപോകും. ഗാന്ധിജിയെപ്പോലുള്ളവര്‍ സ്വന്തം വിശ്വാസപ്രമാണങ്ങളെ പിന്നീട് തിരുത്തിയവരാണ്. സ്വയം മാറിത്തീരാന്‍ കാണിച്ച സത്യസന്ധതകൊണ്ടാണ് ഗാന്ധിജി അടക്കമുള്ളവര്‍ മാനവരാശിയെ വിസ്മയിപ്പിച്ചത്. അനുസരണക്കേടാണ് ഏറ്റവും വലിയ ജീവിതമൂല്യം എന്നു വിശ്വസിച്ച പ്രതിഭാശാലിയാണ് സി ജെ തോമസ്. ചോദ്യം ചോദിക്കുന്നതിലാണ് ചിന്തയുടെ മഹത്വമെന്ന് സി ജെ തെളിയിച്ചു. സമഗ്രമായ സത്യം പറയുന്നതിനിടയില്‍ സി ജെ സ്വന്തം ആശയങ്ങളെത്തന്നെ ഖണ്ഡിച്ചു. സത്യത്തെ മുറുകെ പിടിക്കുമ്പോള്‍ മറ്റെല്ലാറ്റിനെയും നിഷേധിക്കുന്ന ഒരു കുരുത്തംകെട്ട കുട്ടി സി ജെയില്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. അനന്തനീലിമയിലേയ്ക്ക് എയ്തുവിട്ട അമ്പുപോലെ അസ്വസ്ഥമായ ഒരു ജീവിതയാത്രയായിരുന്നു അദ്ദേഹത്തിന്റേതെന്നും പ്രഫ. എം കെ സാനു പറഞ്ഞു.മെക്കാളെയുടെ ഇംഗ്ലീഷ് വിദ്യാഭ്യാസം ഇന്ത്യയില്‍ വ്യാപകമായതോടെ ഷേക്‌സ്പിയര്‍ സാഹിത്യത്തിന് മുഖ്യധാരയില്‍ പ്രാധാന്യം ലഭിച്ചുവെന്ന് ചന്ദ്രശേഖര കമ്പാര്‍ പറഞ്ഞു. എം കെ സാനു ഫൗണ്ടേഷന്റെ പ്രഥമ സി ജെ തോമസ് ദേശീയപുരസ്‌കാരം എം കെ സാനുവില്‍നിന്നും ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഇന്ത്യയില്‍ മേധാവിത്വം പുലര്‍ത്തിയ ഇംഗ്ലീഷ് വിദ്യാഭ്യാസം  പ്രാദേശികമായി ഇന്ത്യന്‍ഭാഷകളില്‍ നിലനിന്നിരുന്ന നാടകപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി പ്രസിഡന്റ് വൈശാഖന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍, സുധാകരന്‍ രാമന്തളി, ഡോ. ഇ പി രാജഗോപാലന്‍, ജോസ് കരിമ്പന, ഫാ. റോബി കണ്ണഞ്ചിറ സിഎംഐ, ഇ ഡി ഡേവീസ് സംസാരിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച സിജെയുടെ ലേഖനങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം ചന്ദ്രശേഖര കമ്പാര്‍ നിര്‍വഹിച്ചു.  നേരത്തെ നടന്ന സി ജെ തോമസ് അനുസ്മരണ സെമിനാറില്‍ പ്രഫ. എം തോമസ് മാത്യു മോഡറേറ്ററായി. ടി എം എബ്രഹാം (സാമൂഹ്യവീക്ഷണം നാടകത്തില്‍: സി.ജെ.യ്ക്ക് മുമ്പും ശേഷവും), ജോണ്‍പോള്‍ (സിജെയുടെ ദൃഷ്യവിഭാവനം) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss